വധുവിന്റെ ബന്ധുക്കള്‍ പാട്ടുവെച്ചു; വിവാഹ സല്‍ക്കാരത്തിനിടെ അടിപിടി, രണ്ട് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിവാഹ സല്‍ക്കാരത്തില്‍ പാട്ട് വെച്ചതുമായുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടുകാല്‍ ചെറുകുളം കടയ്ക്കല്‍ വാറുവിളാകത്ത് വീട്ടില്‍ ഷിഹാബുദ്ദീന്‍ മകന്‍ ഫൈസല്‍ (33), കല്ലറ മുണ്ടണികക്കര തൗസീന മന്‍സിലില്‍ അബ്ദുല്‍ സമദ് മകന്‍ ഷഹീദ് (60) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന നെടുമങ്ങാട്, കല്ലറ സ്വദേശികളുടെ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ആയിരുന്നു സംഘര്‍ഷം. വധുവിന്റെ വീട്ടുകാര്‍ വന്ന ബസില്‍ പാട്ട് ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ബസില്‍ നിന്നും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയം ഇത് സംബന്ധിച്ച് വാക്കേറ്റവും സംസാരവും ഉണ്ടായി.

സംഘര്‍ഷത്തിനിടെ കല്ലറ സ്വദേശിയായ ആന്‍സിക്കും ഒന്നര വയസുള്ള മകനും ഭര്‍ത്താവ് ഷാഹിദിനും പരിക്കേറ്റു. സംഭവം അറിഞ്ഞ് വിവരം അന്വേഷിക്കാനെത്തിയ പൊലീസിനേയും പ്രതികള്‍ ആക്രമിച്ചു. ഇതിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications