• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൂന്തുറയില്‍ കര്‍ശന നിയന്ത്രണം; 600 സാമ്പിളുകളില്‍ 119 പേര്‍ക്ക് രോഗം, കമാന്‍ഡോകള്‍ ഡ്യൂട്ടിയില്‍

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് വ്യാപിച്ചതോടെ തിരുവനന്തപുരം പൂന്തുറയില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും ജില്ലാ കളക്ടറും മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. മേഖലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്ന് 120 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓലം പേര്‍ക്ക് പുതിയ സമ്പര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് 119 പേര്‍ക്ക് രോഗം പോസിറ്റീവായിരുന്നു. മേഖലയിലേക്ക് പുറത്ത് നിന്ന് ആളുകള്‍ എത്തുന്നത് പൂര്‍ണമായും തടയും. എല്ലാ അതിര്‍ത്തികളും അടച്ചിടും. കടല്‍മാര്‍ഗം ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. പൂന്തുറയിലെ മൂന്ന് വാര്‍ഡുകളിലായി ഓരോ കുടുംബത്തിനും സൗജന്യം റേഷന്‍ നല്‍കും.

ഇതിനിടെ, കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പൂന്തുറയില്‍ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇവിടെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്.എ.പി കമാണ്ടന്റ് ഇന്‍ ചാര്‍ജ്ജ് എല്‍.സോളമന്റെ നേതൃത്വത്തില്‍ 25 കമാണ്ടോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പൂന്തുറയിലെ പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും.

പൂന്തുറ മേഖലയില്‍ സാമൂഹികഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പോലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും.

തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പോലീസ് ഉറപ്പാക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം തമിഴ്‌നാട് ഡി.ജി.പി ജെ.കെ ത്രിപാഠിയുമായി ഫോണില്‍ സംസാരിച്ചു.

അതേസമയം, കാരോട് ഗ്രാമപഞ്ചായത്തിലെ കാക്കാവിള (വാര്‍ഡ് നമ്പര്‍ 14), പുതുശ്ശേരി(വാര്‍ഡ് നമ്പര്‍ 15), പുതിയ ഉച്ചകട(വാര്‍ഡ് നമ്പര്‍ 16) എന്നീ വാര്‍ഡുകളെയും ആര്യനാട് ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല. സര്‍ക്കാര്‍ മുന്‍നിശ്ചയിച്ച പരീക്ഷകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തും.

Thiruvananthapuram

English summary
Triple Lockdown In Thiruvanathapuram; Govt Orderd to impose strict restrictions on Poonthura Area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X