സേനയില്‍ പുതിയ പെണ്‍കരുത്ത്; 109 വനിതകള്‍ കേരള പൊലീസിന്റ ഭാഗമായി
തൃശൂര്‍: കേരള പൊലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 109 വനിത ഓഫീസര്‍മാര്‍ സേനയുടെ ഭാഗമായി. 109 വനിത പൊലീസ് സേനാംഗങ്ങങ്ങളുടെ പാസിംഗ് ഔട്ട് പരേഡിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി അഭിസംബോധന ചെയ്തു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പൊതുഇടങ്ങളിലും കുടുംബങ്ങളിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍. പൊലീസ് സേനയിലും വനിതകളുടെ പങ്കാളിത്തം ഉയരുകയാണ്. 2016 ന് ശേഷം 554 വനിതകള്‍ പുതുതായി സേനയുടെ ഭാഗമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച പരിശീലനം ലഭിച്ചാണ് വനിതകള്‍ സേനയുടെ ഭാഗമാകുന്നത്. ഉത്തരവാദിത്തങ്ങള്‍ മികച്ച രീതിയില്‍ നിര്‍വ്വഹിക്കുന്നതിനും സമൂഹത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സേവിക്കുന്നതിനും പരിശീലനം സഹായകമാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമീപകാലത്ത് സംസ്ഥാനം തുടര്‍ച്ചയായി ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ മുന്നില്‍നിന്ന് നയിക്കാന്‍ പൊലീസ് സേനയ്ക്കായി. മികച്ച അക്കാദമിക്ക് യോഗ്യതയുള്ളവര്‍ ധാരാളമായി കടന്നുവരുന്നത് സേനയുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യും.
വിലക്കയറ്റത്തില്‍ റെക്കോര്‍ഡിട്ടു, രൂപയുടെ മൂല്യത്തിലും റെക്കോര്‍ഡ്; മോദിയെ പരിഹസിച്ച് സച്ചിന്
സാധാരണക്കാരോട് മൃദുഭാവവും കുറ്റവാളികളോട് കര്‍ശന നിലപാടും സ്വീകരിക്കാന്‍ പൊലീസിന് കഴിയണം. കുറ്റവാളികള്‍ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ പൊലീസിന് കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ കെ സേതുരാമന്‍, എന്നിവര്‍ ചടങ്ങില്‍ പരേഡിന് അഭിവാദ്യം ചെയ്തു.
109 വനിതകളാണ് കഴിഞ്ഞവര്‍ഷം ഡിസംബര്‍ എട്ടിന് പരിശീലനം ആരംഭിച്ചത്. അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി വിവിധതരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും കൗണ്ടര്‍ അര്‍ബന്‍ ടെററിസം, ബോംബ് ഡിറ്റക്ഷന്‍, വി.ഐ.പി സെക്യൂരിറ്റി എന്നിവയിലും വനിതകള്‍ പരിശീലനം നേടി.
ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവ് നിയമം, പൊലീസ് സ്റ്റേഷന്‍ മാനേജ്മെന്റ്, ട്രാഫിക്ക് മാനേജ്മെന്റ്, കേസന്വേഷണം, വി ഐ പി ബന്തവസ്, കരാട്ടെ, യോഗ, ഹൈ അള്‍ട്ടിട്യൂഡ് ട്രൈനിംഗ് , കോസ്റ്റല്‍ സെക്യൂരിറ്റി ട്രൈനിംഗ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, ആയുധ പരിശീലനം, ഫയറിംഗ്, സെല്ഫ് ഡിഫെന്‍സ്, നീന്തല്‍, ഡ്രൈവിംഗ് എന്നിവയിലും പരിശീലനം നല്‍കി. മലപ്പുറത്തെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ പരിശീലനവും ഹൈ ആള്‍ട്ടിട്ട്യൂഡ് പരിശീലനവും നേടിക്കഴിഞ്ഞു.
ഉന്നത വിദ്യാഭ്യാസം നേടിയ നിരവധി പേരുണ്ട് ഈ ബാച്ചില്‍. എം സി എ - 2, എം ബി എ - 1, എം ടെക് - 2, ബി ടെക് - 11, ബി എഡ് - 8, ബിരുദാനന്ത ബിരുദം - 23, ബിരുദം - 51, ഡിപ്ലോമ - 3 എന്നിങ്ങനെയാണ് സേനാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത.
പരിശീലനത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ട്രോഫികള്‍ സമ്മാനിച്ചു. പരേഡില്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.