അപകട മരണത്തിന് ദൃക്‌സാക്ഷികളില്ല; വാഹനം കാണാമറയത്ത്; മൂന്നാം നാള്‍ പ്രതിയെ അകത്താക്കി പൊലീസ്
തൃശൂര്‍: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ട സംഭവത്തില്‍ ലോറി ഡ്രൈവറെ മൂന്നാം നാള്‍ തേടിപ്പിടിച്ച് പൊലീസ്. ഈ മാസം ഏഴാം തീയതി തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ വച്ചായിരുന്നു സംഭവം. തമിഴ്‌നാട് സേലം സ്വദേശി ശേഖര്‍ (45) ആണ് പ്രതി. ദൃക്‌സാക്ഷികളില്ലാത്ത സംഭവം പൊലീസിന്റെ അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന് ഫോറന്‍സിക്ക് സംഘത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. സംഭവത്തെ കുറിച്ച് തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.
നഗരത്തിലെ ഒരു ഫര്‍ണീച്ചര്‍ വില്‍പ്പനശാലയില്‍ കയറ്റിറക്കു തൊഴിലാളിയായിരുന്നു ആ ചെറുപ്പക്കാരന്‍. 25 വയസ്സുമാത്രം പ്രായം. അന്ന് നല്ല മഴയുണ്ടായിരുന്നു. രാത്രി 10 മണിയായിക്കാണും. ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ആരോ വിളിച്ചു പറഞ്ഞതാണ്.
സര്‍, അടിയന്തിരമായി എത്തണം. ദേശീയ പാതയില്‍ നടത്തറ ഭാഗത്ത് ഒരാള്‍ വണ്ടിയിടിച്ചു കിടക്കുന്നു.

അല്‍പ്പം പോലും സമയം കളയാതെ, ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ അവിടേക്കു കുതിച്ചു. നാലഞ്ചുപേര്‍ അവിടെ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. പോലീസ് വാഹനം എത്തിയപ്പോള്‍ ആളുകള്‍ നീങ്ങി നിന്നു. നടുക്കമുണ്ടാക്കുന്നതായിരുന്നു ആ കാഴ്ച.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അയാളുടെ തലക്കു മുകളിലൂടെ ഏതോ വാഹനത്തിന്റെ ചക്രം കയറിയിറങ്ങി, തലച്ചോറ് തകര്‍ന്നു, തത്സമയം തന്നെ മരണം സംഭവിച്ചിരിക്കുന്നു. അയാള്‍ ധരിച്ചിരുന്ന ഹെല്‍മറ്റ് അങ്ങ് ദൂരെ കിടക്കുന്നുണ്ട്. അയാളുടെ ബൈക്ക്, മൃതദേഹത്തിന് സമീപത്തായി വീണു കിടക്കുന്നുണ്ടായിരുന്നു.
പോലീസുദ്യോഗസ്ഥര്‍ ഉടന്‍ തന്നെ, ആംബുലന്‍സ് വിളിച്ചുവരുത്തി, മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. രക്തം തളം കെട്ടിക്കിടന്നിരുന്ന റോഡും പരിസരവും വെള്ളമൊഴിച്ച് വൃത്തിയാക്കി.
അവിടെകൂടി നിന്നിരുന്ന ആരും തന്നെ അപകടത്തിന് ദൃക്‌സാക്ഷികളായിരുന്നില്ല. റോഡിലൂടെ യാത്രചെയ്യുമ്പോള്‍ വാഹനമിടിച്ച് അയാള്‍ മരിച്ചു കിടക്കുന്നതുമാത്രമാണ് അവര്‍ കണ്ടിട്ടുള്ളത്. ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ആരാണ് അപകടത്തിന് ഉത്തരവാദികള്‍ ?
ഏതു വാഹനമാണ് ഇയാളുടെ മരണത്തിന് കാരണമായത് ?
അപകടത്തിന് ദൃക്‌സാക്ഷികളില്ലാത്തതും, അപകടം വരുത്തിയ വാഹനം കണ്ടെത്താതിരുന്നതും അന്വേഷണോദ്യോഗസ്ഥരെ കുഴക്കി. അപകടമുണ്ടാക്കിയ വാഹനത്തെ കണ്ടെത്താത്തതിനാല്‍ അപകടമരണ ഇന്‍ഷുറന്‍സ് പോലും ലഭിക്കുകയില്ല.
ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബെന്നിജേക്കബ്ബിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപം കൊണ്ടു. സബ് ഇന്‍സ്‌പെക്ടര്‍ ബി. ബിബിന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. അഭീഷ് ആന്റണി, കെ. അരുണ്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
അപകടമുണ്ടാക്കിയ വിവരം ആദ്യം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചയാളെ കണ്ടെത്തുകയായിരുന്നു ആദ്യ നടപടി. അയാളെ കണ്ടെത്തി, വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതല്ലാതെ, അയാള്‍ക്ക് അപകടത്തെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല.
അന്വേഷണോദ്യോഗസ്ഥര്‍ പിന്‍മാറിയില്ല. പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ച സമയവും, അവിടേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയ സമയവും, മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടത്തി ലഭിച്ച വിവരങ്ങളും ക്രോഡീകരിച്ച്, അയാള്‍ മരണപ്പെട്ട ഏകദേശ സമയം കണക്കാക്കി. അതായത്, പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചത് രാത്രി 10.30 ആയതിനാല്‍ രാത്രി, 9.30 നും, 11നും ഇടയില്‍ പ്രസ്തുത ഭാഗത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. അതിനായി അവര്‍, റോഡരികിലെ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനാരംഭിച്ചു.
കേരളത്തിലെ ഏറ്റവും കൂടുതല്‍ തിരക്കുള്ളതും വാഹനങ്ങള്‍ സഞ്ചരിക്കുന്നതുമായ ദേശീയപാതയാണിത്. ഒരു മണിക്കൂറിനുള്ളില്‍ ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ഇതില്‍ നിന്നും എങ്ങിനെയാണ് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുക ?
ക്യാമറദൃശ്യങ്ങളില്‍ പതിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഒരോന്നായി ശേഖരിച്ചു. ആര്‍ടിഓ ഓഫീസില്‍ നിന്നും അതിന്റെ ഉടമസ്ഥരുടെ വിവരങ്ങളും ഫോണ്‍ നമ്പറും ശേഖരിച്ചു. ആയിരത്തിലേറെ വാഹന ഉടമകളെ ഫോണ്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. പലര്‍ക്കും അപകടത്തെക്കുറിച്ച് അറിയുമായിരുന്നില്ല, ചിലര്‍ അവിടെ ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടതായി പറഞ്ഞു, മറ്റു ചിലര്‍ യാതൊന്നും പ്രതികരിച്ചില്ല.
പക്ഷേ, അങ്ങിനെയൊന്നും വിട്ടുകൊടുക്കാന്‍ പോലീസുദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. കുറ്റക്കാരനെ കണ്ടെത്തുക തന്നെ വേണം. മരിച്ചവനുവേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായെന്നുവരില്ല. കുറ്റകൃത്യത്തിനു ഇരയായവന്റെ പക്ഷത്തുനിന്ന് കുറ്റക്കാരെ കണ്ടെത്തുകയാണ് ഒരോ പോലീസുദ്യോഗസ്ഥന്റേയും മുഖ്യ ചുമതല.
ഒരു വാഹനഉടമയെ ടെലഫോണില്‍ വിളിച്ചപ്പോഴാണ് അന്വേഷണത്തില്‍ ഴിത്തിരിവുണ്ടായത്. അയാള്‍ ഓടിച്ചിരുന്ന കാര്‍, ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോള്‍, മുന്നില്‍ ഇടതുവശം ചേര്‍ന്ന് പോയിരുന്ന ഒരു ലോറി, പെട്ടെന്ന് വലതുവശത്തേക്ക് വെട്ടിക്കുകയുണ്ടായി എന്നാണ് അയാള്‍ പറഞ്ഞത്. ആ ലോറിയുടെ ഏകദേശ രൂപവും അയാള്‍ പറഞ്ഞു നല്‍കുകയുണ്ടായി.
അയാള്‍ അതുവഴി സഞ്ചരിച്ച സമയവും, ദിശയും പോലീസുദ്യോഗസ്ഥര്‍ മനസ്സിലാക്കി. തുടര്‍ന്ന് ടോള്‍ പ്ലാസയില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചു. ശ്രമകരമായ അന്വേഷണങ്ങള്‍ക്കും, നിരീക്ഷണത്തിനുമൊടുവില്‍ സംശയാസ്പദമായ ആ ലോറിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചു. രേഖകളില്‍ നിന്നും ഉടമയുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് അയാളെ വിളിച്ചു.
അയാളുടെ ഉടമസ്ഥതയിലുള്ള ലോറി, ബാംഗ്ലൂരില്‍ നിന്നും ഇരുമ്പ് ഷീറ്റുകള്‍ കയറ്റി, എറണാകുളം ഭാഗത്തേക്ക് പോയിരുന്നതായി പറയുകയുണ്ടായി. അയാളില്‍ നിന്നും ലോറി ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ചു. എന്നിട്ട്, പോലീസ് സ്റ്റേഷനില്‍ നിന്നും ഡ്രൈവറെ വിളിച്ചു. അയാള്‍ വാഹനമോടിച്ച് എറണാകുളത്ത് എത്തിയിരുന്നു. അപകടത്തെക്കുറിച്ച് യാതൊന്നുമറിയില്ലെന്നായിരുന്നു അയാളുടെ ആദ്യ പ്രതികരണം. എറണാകുളത്തുനിന്നും മറ്റൊരു ലോഡ് കയറ്റി, അയാള്‍ ഇതുവഴി വരുന്നുണ്ടെന്നും പറയുകയുണ്ടായി.
പോലീസുദ്യോഗസ്ഥര്‍ റോഡരികില്‍ കാത്തു നിന്നു. ലോറി തടഞ്ഞു നിര്‍ത്തി, ഡ്രൈവറെ വിളിച്ച് ചോദ്യം ചെയ്തു. ആദ്യമൊക്കെ അയാള്‍ കുറ്റം നിഷേധിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ ഉണ്ടായതെല്ലാം പറഞ്ഞു. രാത്രിയായതിനാല്‍ ശരിയായി കാണാന്‍ കഴിഞ്ഞില്ലെന്നും, ബൈക്ക് യാത്രികനെ ഇടിച്ചുവെന്നും, തല്‍ക്ഷണം അയാള്‍ മരിച്ചതിനാല്‍ ലോറി നിര്‍ത്താതെ ഓടിച്ചുപോയി എന്നും അയാള്‍ തുറന്നു പറഞ്ഞു. അയാളെ അറസ്റ്റുചെയ്ത്, ലോറി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പക്ഷേ, ഇതുകൊണ്ടും അന്വേഷണം അവസാനിച്ചിരുന്നില്ല. ദൃക്‌സാക്ഷികളില്ലാത്ത ഈ കേസില്‍ എങ്ങിനെ തെളിവുകള്‍ കൊണ്ടുവരും ? ക്യാമറ ദൃശ്യങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. കോടതിയില്‍ വിചാരണ നേരിടുമ്പോള്‍ ഇത്തരം ചോദ്യങ്ങളൊക്കെ ഉയര്‍ന്നേക്കാം. അവിടെയാണ് ശാസ്ത്രീയ അന്വേഷണത്തിന്റെ പ്രസക്തി.
അന്വേഷണോദ്യോഗസ്ഥര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സഹായം തേടി. പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ലോറി, അവര്‍ വിശദമായി പരിശോധിച്ചു. ലോറിയുടെ അടിവശത്ത് സൂക്ഷിച്ചിരുന്ന സ്റ്റെപ്പിനി ടയറില്‍ നിന്നും ലോറിയുടെ മറ്റ് ഭാഗങ്ങളിലും പറ്റിപ്പിടിച്ചിരുന്ന നിലയില്‍ ലോറിയിടിച്ച് മരണപ്പെട്ടയാളുടെ രക്തവും, ശരീര ഭാഗങ്ങളും ലഭിക്കുകയുണ്ടായി. അങ്ങിനെ, മരണപ്പെട്ടയാളെ ഇതേ ലോറി തന്നെയാണ് ഇടിച്ചത് എന്ന് ശാസ്ത്രീയമായി തെളിയിക്കുവാന്‍ കഴിഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications