നാലാം ശ്രമത്തില്‍ ലക്ഷ്യം നേടി മീര; ഇനി മീര ഐഎഎസ്, പഠനം ക്രമീകരിച്ചത് ഇങ്ങനെ
തൃശൂര്‍: യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് തൃശൂര്‍ സ്വദേശി കെ മീരയ്ക്ക്. കോലഴി സ്വദേശിനിയാണ്. ഇത്രയും ഉയര്‍ന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്നും മീര മാധ്യമങ്ങളോട് പ്രതികരിച്ചു. നാലാം തവണ എഴുതിയ പരീക്ഷയിലാണ് മികച്ച വിജയം നേടിയിരിക്കുന്നത്. അമ്മയുടെ സ്വപ്‌നമായിരുന്നു ഇത് എന്ന് മീര പറഞ്ഞു.
ബിരുദ പഠനകാലത്ത് തന്നെ സിവില്‍ സര്‍വീസിന് പരിശീലനം തുടങ്ങണം എന്ന നിര്‍ദേശങ്ങള്‍ പലകോണില്‍ നിന്നും കേള്‍ക്കാറുണ്ട്. എന്നാല്‍ മീര അത്തരം പഠന രീതിയല്ല പിന്തുടര്‍ന്നിരുന്നത്. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന വേളയിലാണ് സിവില്‍ സര്‍വീസിന് തയ്യാറെടുത്തത്. പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് കഠിനമായ പരിശ്രമം ആരംഭിച്ചത്. തിരുവനന്തപുരത്ത് താമസിച്ച് പഠിച്ചിരുന്നു. തൃശൂരിലെ സീനിയേഴ്‌സിന്റെ ഇന്‍പുട്‌സുമെല്ലാം ശേഖരിച്ചാണ് പഠിച്ചത്. എല്ലാം സഹായമായി. പതിവായി ഇത്ര നേരം പഠിക്കുക എന്ന രീതിയില്ലായിരുന്നു. എന്നാല്‍ പരീക്ഷയോട് അടുത്ത സമയത്ത് നന്നായി ശ്രമിച്ചു. ദിവസം 12 മണിക്കൂറോളം ചെലവഴിച്ചു. കേരളത്തില്‍ നിന്ന് ഒരുപാട് പേര്‍ റാങ്ക് പട്ടികയിലുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മീര പറഞ്ഞു.

നാട് വളരെ പ്രയാസത്തിലൂടെ നീങ്ങുന്ന സമയമാണിത്. ഈ വേളയില്‍ സധ്യമാകുന്ന ഇടപെടല്‍ നടത്തണം എന്ന് ആഗ്രഹമുണ്ട്. കേരള കേഡറിലാണ് സെലക്ട് ചെയ്തിരിക്കുന്നത്. യോഗ്യത നേടിയ എല്ലാവരും തുല്യരാണ്. നേരിയ മാര്‍ക്ക് വ്യത്യാസത്തിലാണ് റാങ്കില്‍ മാറ്റംവരിക. സിവില്‍ സര്‍വീസില്‍ തനിക്ക് പ്രത്യേക റോള്‍ മോഡല്‍ ഇല്ല. എന്നാല്‍ വളരെ നേരത്തെ അമ്മ ഇക്കാര്യം പറയുമായിരുന്നു. നല്ല പ്രോല്‍സാഹനവും അമ്മയും മറ്റു കുടുംബാംഗങ്ങളും നല്‍കിയിരുന്നുവെന്നും മീര പറഞ്ഞു.
836 പേര്‍ക്കാണ് ഇത്തവണ സിവില്‍ സര്‍വീസിന് യോഗ്യത ലഭിച്ചിരിക്കുന്നത്. ഒന്നാം റാങ്ക് ശുഭം കുമാറിനാണ്. ജാഗൃതി അവസ്തിക്കാണ് രണ്ടാം റാങ്ക്, അങ്കിത ജയിന്‍ മൂന്നാം റാങ്ക് നേടി. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകളാണ് എന്നതും എടുത്തുപറയേണ്ടതാണ്. യോഗ്യത നേടിയ മറ്റു മലയാളികള്‍ ഇവരാണ്- വടകര സ്വദേശി മിഥുന്‍ പ്രേംരാജ്-12, കരിഷ്മ നായര്‍ 14, പി ശ്രീജ 20, വിഎസ് നാരായണ ശര്‍മ 33, അപര്‍ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ സുതന്‍, 57, എംബി അപര്‍ണ 62, ആര്യ നായര്‍ 113, എസ് മാലിനി 135, പി ദേവി 143, പിഎം മിന്നു 150. റാങ്ക് തികച്ചും അപ്രതീക്ഷിതമാണെന്ന് 12ാം റാങ്ക് നേടിയ വടകര സ്വദേശി മിഥുന്‍ പ്രേംരാജ് പ്രതികരിച്ചു.












Click it and Unblock the Notifications