തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂരപ്രേമികളുടെ പ്രിയ ഗജവീരൻ‌ തിരുവമ്പാടി ശിവസുന്ദറിന്റെ ഓർമകൾക്ക് ഒരുവയസ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തേക്കിന്‍കാടിന്റെ തെക്കേ നടയില്‍ കുടമാറ്റങ്ങളുടെ വിസ്മയക്കാഴ്ചയിലും കണ്ണെടുക്കാനാവാതെ നിറയുന്ന കരിവീര ചന്തം.... തെക്കേമഠത്തിന്റെ പടികെട്ടു കടന്ന് സ്വര്‍ണ തലക്കെട്ടിന്റെ പ്രൗഢിയെ വെല്ലുന്ന തലയെടുപ്പിന്റെ ഏഴഴക്... പൂര നഗരിയുടെ തീരാത്ത വിതുമ്പല്‍ 'തിരുവമ്പാടിശിവസുന്ദറിന്റെ' വിയോഗത്തിനു തിങ്കളാഴ്ച ഒരാണ്ട്. പൂരക്കാലം വാതില്‍പടിയില്‍നില്‍ക്കുമ്പോഴായിരുന്നു പൂരത്തിന്റെ തലയെടുപ്പായ ശിവസുന്ദറിന്റെ വിടവാങ്ങല്‍. ഓര്‍ക്കുമ്പോഴൊക്കെയും കരഞ്ഞ ആ ദിനം.

2018 മാര്‍ച്ച് 11നാണ് തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞത്. അ കൊല്ലത്തെ തൃശൂര്‍ പൂരം എത്തും മുമ്പേ തിരുവമ്പാടി ശിവസുന്ദര്‍ യാത്രയായി. എരണ്ടക്കെട്ടു ബാധിച്ചതിനെ തുടര്‍ന്ന് അറുപത്തിയേഴ് ദിവസമായി ചികിത്സയിലായിരുന്നു ശിവസുന്ദര്‍. 46 വയസ് മാത്രമാണ് ശിവസുന്ദറിന് ഉണ്ടായിരുന്നത്. ആനകളുടെ പ്രായം അനുസരിച്ച് ശിവസുന്ദറിന്റേത് അകാല മരണമാണ്. പൂരങ്ങളുടെ പൂരത്തിന് ഒട്ടും കുറുമ്പുകാട്ടാതെ ഗൗരവം അല്‍പ്പംപോലും ചോരാതെയുള്ള എഴുന്നള്ളി വരവ് ഓര്‍ത്തു പറഞ്ഞായിരുന്നു പലരും വിതുമ്പിയത്. പൂക്കോട് ശിവന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആനയെ 2003 ല്‍ വ്യവസായി ടി.എ. സുന്ദര്‍ മേനോന്‍ വാങ്ങി തിരുവമ്പാടി ക്ഷേത്രത്തില്‍ നടയ്ക്കിരുത്തുകയായിരുന്നു.

elephant

28 വര്‍ഷം തിരുവമ്പാടിക്കുവേണ്ടി തിടമ്പേറ്റിയ ചന്ദ്രശേഖരന്റെ വിയോഗത്തിന് ശേഷമാണ് തിരുവമ്പാടി ശിവസുന്ദര്‍ പൂരപ്രേമികളുടെ മനസില്‍ കയറിപ്പറ്റിയത്. അപൂര്‍വമായ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ശിവസുന്ദറിന് ഉയരം പത്തടിയോട് അടുത്തു വരും. നിലത്തിഴയുന്ന തുമ്പിക്കൈ, ഉയര്‍ന്ന വായുകുംഭം. ആകര്‍ഷകമായ തലക്കുന്നി, വിരിഞ്ഞ മസ്തകം, 18 നഖങ്ങള്‍, ഗാംഭീര്യമുള്ള ദേഹം, അല്‍പ്പം കുറഞ്ഞ ഇടനീളം, ലക്ഷണമൊത്ത വാല്‍ ഇതൊക്കെയായിരുന്നു ശിവസുന്ദറിന്റെ സവിശേഷത. നിരവധി ബഹുമതികളും ശിവസുന്ദറിനെ തേടിയെത്തിരുന്നു. 2007 ല്‍ ഇളങ്ങളം ഗജരാജ സംഗമത്തില്‍നിന്നും കളഭകേസരി പട്ടം, 2008 ല്‍ പട്ടത്താനം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍നിന്നും മാതംഗ കേസരിപ്പട്ടം എന്നിവ അതില്‍ ചിലതുമാത്രം.


നീണ്ട പതിനഞ്ചു വര്‍ഷവും നിറവേറ്റി. പതിനാറാം വര്‍ഷം കൈയെത്തും ദൂരത്തെത്തിയപ്പോഴാണ് പൂരനഗരിയുടെ സ്‌നേഹം മുഴുവനും ഏറ്റുവാങ്ങിയ ശിവസുന്ദറിന്റെ മടക്കം. ആനസൗന്ദര്യത്തിന്റെയും ആനസ്നേഹത്തിന്റെയും എണ്ണിയാലൊടുങ്ങാത്ത കഥകള്‍ക്കാണിവിടെ വിരാമം വീണത്. ആ സൗന്ദര്യവും സ്നേഹവുംതന്നെയാണ് ഇപ്പോഴും പൂരപ്രേമികള്‍ക്ക് ഓര്‍ക്കാനുള്ളതും. ഒരാനയെ പൂരസമൂഹം എത്രത്തോളം നെഞ്ചിലേറ്റിയിരുന്നുവെന്നതിന്റെ നേര്‍ക്കാഴ്ച്ചകളായിരുന്നു ചരിഞ്ഞ ഈ കൊമ്പനുചുറ്റും പോകാനാവാതെ പൊട്ടിക്കരഞ്ഞ ആള്‍ക്കൂട്ടം..

റംസാൻ കാലത്ത് തിരഞ്ഞെടുപ്പ്; നേതാക്കൾക്ക് അതൃപ്തി, മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യാനാകില്ലെന്ന് പരാതിറംസാൻ കാലത്ത് തിരഞ്ഞെടുപ്പ്; നേതാക്കൾക്ക് അതൃപ്തി, മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യാനാകില്ലെന്ന് പരാതി

വിതുമ്പല്‍ അടക്കാനാകാതെ പലരും മുഖം മറച്ച് പിന്‍വാങ്ങിയ കാഴ്ച്ചകളും. മന്ത്രിമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാത്രമല്ല ദേശാന്തരങ്ങള്‍ക്കപ്പുറത്തുള്ളവരും ശിവനെ അവസാനമായി കാണാന്‍ എത്തി. എരണ്ട കെട്ടിയ 66 നാളുകള്‍ ചികിത്സയില്‍ തിരിച്ചു വരവുണ്ടാകുമെന്ന പ്രതീക്ഷയിലിരിക്കെയായിരുന്നു എല്ലാവരെയും ഞെട്ടിച്ച ആ വിയോഗം. അടുത്ത ബന്ധുവോ, അടുപ്പമുള്ളവരോ വിട പറയുമ്പോഴുണ്ടാകുന്ന ഞെട്ടലും വേദനയും. തൃശൂര്‍ പൂരമടക്കം ഉത്സവ തലയെടുപ്പ് ചന്തങ്ങളുടെ ഓര്‍മ്മകളുമാണ് ഒരുനിമിഷംകൊണ്ട് കണ്ണീരില്‍ മുങ്ങിയത്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ആരാധകര്‍ ഒരുപിടികണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിക്കാന്‍ ഓടിയെത്തി.

നാടന്‍ ആനസൗന്ദര്യമായിരുന്നു ശിവസുന്ദറിന്റേത്. 300 സെന്റീമീറ്ററിലധികം ഉയരം, നിലംതൊട്ടിഴയുന്ന സുന്ദരമായ തുമ്പിക്കൈ, എഴുത്താണിപോലെയുള്ള വാല്‍, 18 നഖങ്ങള്‍, ഗാംഭീര്യമാര്‍ന്ന ഉടല്‍, ഇങ്ങനെ പോകുന്ന ശിവസുന്ദറിന്റെ ആകാരസൗന്ദര്യങ്ങളിലോരോന്നും ഇന്ന് ആനപ്രേമികളുടെ വേദനയാണ്. 2003ല്‍ തിരുവമ്പാടിയില്‍ നടയിരുത്തുംമുമ്പും ആനലോകത്തെ ആകര്‍ഷണമായിരുന്നു ശിവസുന്ദര്‍. അമ്മയാനയോടൊപ്പം കാട്ടില്‍നിന്നും മനുഷ്യന്‍ കണ്ടെത്തിയ ശിവസുന്ദര്‍ ആദ്യം പൂക്കോടന്‍ ശിവനെന്നപേരിലാണ് വരവറിയിച്ചത്. പൂക്കോടന്‍ ഫ്രാന്‍സിസിന്റെ അരുമയായി വളര്‍ത്തിയ ആനയെ പിന്നീട് പ്രവാസിവ്യവസായി സുന്ദര്‍മേനോന്‍ വഴി തിരുവമ്പാടിയിലെത്തുകയായിരുന്നു. ഈ ഓര്‍മ്മകളെല്ലാം ഒരിക്കല്‍കൂടി തിലോദകമായി ഈ ആനസ്മരണക്കുമുന്നില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ആനപ്രേമികള്‍. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വൈകിട്ട് അഞ്ചിന് തിരുവമ്പാടി ശ്രീപത്മം ഹാളില്‍ 'ശിവസുന്ദര്‍ സ്മൃതി ദിനം' ആചരിക്കും.

ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ അവസാനം തിടമ്പേറ്റിയത് പാലക്കാട് അയിലൂര്‍ ക്ഷേത്രത്തില്‍. ജനുവരി രണ്ടിനായിരുന്നു രാജകീയ പ്രൗഢിയോടെയുള്ള ആ എഴുന്നള്ളിപ്പ്. അതിനുശേഷം തിരിച്ചെത്തിയതോടെയാണ് ശിവസുന്ദറിന് സുഖമില്ലാതായത്. അതോടെ ചെമ്പുക്കാവില്‍നിന്നും ആനയെ വിദഗ്ധ ചികിത്സക്കായി തിരുവമ്പാടി കൗസ്തുഭത്തിലേക്ക് മാറ്റി. 2002 ല്‍ നടയിരുത്തുന്നതുവരെ പൂക്കോട് ശിവനായി അറിയപ്പെട്ടിരുന്ന ശിവസുന്ദര്‍ അതിന് മുന്‍പ് കൂര്‍ക്കഞ്ചേരി പൂരം എന്നിവയ്ക്ക് സ്ഥിരമായി പങ്കെടുത്തിരുന്നു.


ഇലഞ്ഞിത്തറ മേളം കഴിഞ്ഞാല്‍ കുടമാറ്റം. അങ്ങനെയാണ് തൃശൂര്‍ പൂരത്തില്‍ നടത്തിപ്പ് ക്രമം. ഇലഞ്ഞിത്തറമേളം അരങ്ങേറുമ്പോള്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ഗജവീരന്‍മാര്‍ വടക്കുന്നാഥന്റെ നാല് കല്‍മതിലുകള്‍ക്കുള്ളില്‍. മേളം കൊട്ടിയിറങ്ങിയാല്‍ ആദ്യം പാറമേക്കാവിന്റെ ഗജരാജാക്കന്‍മാര്‍ തെക്കെഗോപുരവാതില്‍ കടന്നു പൂരപ്പറമ്പിലേക്കിറങ്ങും. തൊട്ടു പിന്നാലെ തിരുവമ്പാടിയുടെയും. ആദ്യമിറങ്ങുന്ന പാറമേക്കാവിന്റെ ഗജനിരയുടെ നീക്കങ്ങള്‍ സ്വതസിദ്ധമായ സൗമ്യഭാവത്തോടെ നോക്കി നില്‍ക്കുന്നുണ്ടാകും ശിവസുന്ദര്‍. പാറമേക്കാവിന്റെ അവസാനത്തെ കൊമ്പന്റെ നീക്കവും കഴിയുമ്പോഴേക്കും ടി. എ.സുന്ദര്‍മേനോന്‍ ശിവസുന്ദറിന്റെ കൊമ്പിലൊന്നു തൊടും. പെട്ടെന്നൊരു ചങ്ങലക്കിലുക്കം ഉണരും. അത് ശിവസുന്ദറിന്റേതാണ്.

പിന്നെ കൂട്ടാനകള്‍ക്കും മുന്നിലായി തന്റെ നിറഞ്ഞ ആകാരസൗഷ്ടവവും കുലുക്കിയൊരു നടത്തം ആരേയും മോഹിപ്പിക്കുന്നതാണത്. വിടര്‍ന്ന മസ്തകം, എടുത്തുപിടിച്ച കൊമ്പ്, ചുരുട്ടിപ്പിടിച്ചാലും നിലംതൊട്ട് നില്‍ക്കുന്ന തുമ്പിക്കൈ, അഴകേഴും കരിനിറം, മുന്‍കാലിന്റെ നടയുടെ സൗന്ദര്യം ഇത്രയുമാണ് ലക്ഷണമൊത്ത ഒരു കൊമ്പന്റെ ഉടല്‍പ്രകൃതം. കേരളത്തില്‍ ഇന്നുള്ള നാട്ടാനകളില്‍ ശാരീരികയോഗ്യതകള്‍കൊണ്ട് എ പ്ലസ് നേടിയത് തിരുവമ്പാടി ശിവസുന്ദറാണ്. എടുത്തു പിടിച്ചപോലെയാണ് ശിവസുന്ദറിന്റെ കൊമ്പുകള്‍. തുമ്പിക്കൈയാകട്ടെ സദാ ചുരുട്ടിപ്പിടിച്ചിരിക്കും. കേരളത്തിലെ നാട്ടാനകളില്‍ മിക്കതും ബീഹാറികളെങ്കില്‍ ശിവസുന്ദര്‍ തനി മലയാളി. കോടനാടന്‍ കാടുകളാണ് ശിവസുന്ദറിന്റെ ജന്മഗേഹം. യഥാര്‍ഥ സഹ്യന്റെ പുത്രന്‍.


പൂക്കോടന്‍ ശിവന്‍ എന്നായിരുന്നു ശിവസുന്ദറിന്റെ ആദ്യത്തെ പേര്. കൊടകര പൂക്കോടന്‍ ഫ്രാന്‍സിസെന്നയാളുടേതായിരുന്നു ആന. ഫ്രാന്‍സിസില്‍ നിന്ന് ടി.എ. സുന്ദര്‍മേനോന്‍ വാങ്ങിയ ശേഷമാണ് ശിവസുന്ദറായത്. മധ്യകേരളത്തില്‍ ശിവസുന്ദര്‍ പങ്കെടുക്കാത്ത ക്ഷേത്രോത്സവങ്ങള്‍ കുറവ്. കാടു കയറി പോയവന്‍ തനിച്ച് തിരികെയിറങ്ങി. അതോടെ മിടുമിടുക്കനെന്ന ഖ്യാതിയും കൂട്ടിപ്പിടിച്ചു. നാടിന്റെ സ്‌നേഹിതനായി. അഴകിന്റെ മറുവാക്കായി വിലസിയ കൊമ്പന്‍ ശിവസുന്ദറിന്റെ വിയോഗത്തില്‍ നാടു മുഴുവന്‍ കണ്ണീര്‍ വാര്‍ത്തപ്പോഴും ഒളിമങ്ങാത്ത സ്മരണകളിരമ്പി. 81 ല്‍ ചിമ്മിനി വനമേഖലയില്‍ കൂപ്പുപണിക്കിടെയാണ് കൊമ്പന്‍ വനത്തിലേക്കു കയറി പോയത്.

അന്നത്തെ പേര് പൂക്കോടന്‍ ശിവന്‍. വിവരമറിഞ്ഞ് ഉടമ ഫ്രാന്‍സിസ് പറഞ്ഞു: അവന്‍ സ്‌നേഹമുള്ളവനാണെങ്കില്‍ ഇറങ്ങി വരും. അതല്ലെങ്കില്‍ അങ്ങു പോകട്ടെ. ഒന്നര മാസം ആനയെ കുറിച്ച് വിവരമില്ലായിരുന്നു. എന്നാല്‍ പൊടുന്നനെ ഒരു നാള്‍ അവന്‍ കാടിറങ്ങി വന്നു. ഉടമ വന്നു വിളിച്ചപ്പോള്‍ തലയാട്ടി കൂടെ ചെന്നു. അതോടെ പൂക്കോട് ശിവന് അഴകിനൊപ്പം സ്‌നേഹപ്പെരുമയും കൂട്ടായി എന്ന് അന്നത്തെ പാപ്പാന്‍ ചാലക്കുടിക്കാരന്‍ ജോസ് ഓര്‍ത്തെടുക്കുന്നു.

തിരുവമ്പാടിയുടെ ഗജ പ്രമുഖന്‍ വലിയ ചന്ദ്രശേഖരന്‍ ചരിഞ്ഞ മേളയില്‍ നല്ല നാട്ടാനയ്ക്കു വേണ്ടി തെരച്ചില്‍ തുടങ്ങി. അതിനിടെയാണ് പൂക്കോടു ശിവനില്‍ അന്വേഷണം ചെന്നു നിന്നത്. എന്നാല്‍ ആനയെ നല്‍കാന്‍ ഉടമ ഫ്രാന്‍സിസിന് ഒട്ടും താല്‍പര്യമുണ്ടായില്ല. അതിനാല്‍ വില കൂട്ടി പറഞ്ഞു. ദേവസ്വത്തിന് താങ്ങാനാകാതെ പിന്‍വാങ്ങി. വിവരമറിഞ്ഞ് പ്രവാസി വ്യവസായി സുന്ദര്‍ മേനോന്‍ രംഗത്തുവന്നു. പറഞ്ഞ തുക നല്‍കി കൊമ്പനെ സ്വന്തമാക്കി. 2003 ല്‍ ശിവസുന്ദര്‍ എന്ന പേരില്‍ ആനയെ നടയിരുത്തി. അതോടെ ക്ഷേത്രത്തിന് വന്‍ അഭിവൃദ്ധിയുണ്ടായി. തുടര്‍ച്ചയായി ശിവസുന്ദര്‍ പൂരത്തിന് കോലമേന്തി.

തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് കോലമേന്തി ശിവസുന്ദറിന്റെ വരവ് പ്രസിദ്ധം. കൂട്ടാനകള്‍ക്കിടയിലേക്ക് കയറി നില്‍ക്കുമ്പോള്‍ കൊമ്പന്റെ മസ്തകം താനെ പൊന്തും. ആനപ്രേമികള്‍ക്ക് അത് കാഴ്ചയുടെ വസന്തം.

തെക്കോട്ടിറക്കത്തിന് ജനാരവത്തിലേക്കിറങ്ങുന്നതിനു മുമ്പു ക്ഷേത്രഗോപുരത്തില്‍ കയറി ശിവസുന്ദറിന്റെ നില്‍പ്പും ഗംഭീരം. രണ്ടു മുന്‍ കാലുകളും പടിയില്‍ ഒരുമിച്ചു കയറ്റി വെച്ച് രണ്ടു സെക്കന്റ് നേരം. ഈ സമയം കാമറക്കണ്ണുകള്‍ തുരുതുരാ മിന്നും. പിന്നെയാണ് അവന്‍ അടി വെച്ചിറങ്ങുന്നത്.അതും അനുപമക്കാഴ്ചയാണ്.

ആറു വര്‍ഷം മുമ്പ് തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗം വടക്കുംനാഥനിലേക്ക് കയറാന്‍ വരുമ്പോള്‍ കൂടെയുള്ള രണ്ടാനകള്‍ വിരണ്ടോടി. ശിവസുന്ദറിനരികിലൂടെ ഒരാന പാഞ്ഞു. പക്ഷേ അവന്‍ ഒട്ടും പരിഭ്രമിക്കാതെ ഒഴിഞ്ഞു നിന്നു. എന്നും സാധാരണ ആനകളില്‍ നിന്നു വിഭിന്നനായിരുന്നു ശിവസുന്ദര്‍. പൂരത്തിനു ദേവസോദരിമാര്‍ വിടചൊല്ലുന്ന വേളയിലും ശിവസുന്ദര്‍ കൃത്യമായി തുമ്പികൈ പൊക്കി പ്രതികരിച്ചിരുന്നു. അതിന് പാപ്പാന്മാരുടെ നിര്‍ദേശമൊന്നും വേണ്ടായിരുന്നു.

ജനമനസ് അവനു നന്നായി അറിയാമായിരുന്നു. അതാണ് ശിവസുന്ദറിന്റെ മഹിമ.പല പ്രമുഖ ക്ഷേത്രങ്ങളിലേക്കും ഇവനെ വഴിപാടായി എഴുന്നള്ളിച്ചിരുന്നു. തൃശൂര്‍ പൂരത്തിനു പുറമേ കൂടല്‍മാണിക്യം, ആറാട്ടുപുഴ ഉത്സവങ്ങളിലെയും മിന്നും താരമായിരുന്നു. 1974 ല്‍ അഞ്ചാം വയസില്‍ പെരുമ്പാവൂര്‍ കായിക്കാടന്‍ അബൂബക്കറാണ് ലേലത്തില്‍ പിടിച്ചത്. പിന്നീടാണ് ഫ്രാന്‍സിസ് സ്വന്തമാക്കിയത്.

Thrissur
English summary
death anniversary of thiruvambadi shivasundhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X