പരോളിലിറങ്ങിയ ശേഷം കഞ്ചാവ് കടത്തി; ദുരിതാശ്വാസത്തിന്റെ മറവില്‍ നീക്കം, ശക്തന്‍ മാര്‍ക്കറ്റില്‍ വച്ച്
തൃശൂര്‍: കൊറോണ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം മറയാക്കി കഞ്ചാവ് കടത്തിയ രണ്ടു പേരെ തൃശൂരിലെ ഷാഡോ പോലീസ് പൊക്കി. ആന്ധ്രയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് തമിഴ്‌നാട്ടിലെത്തിച്ച ശേഷം തണ്ണിമത്തന്‍ നിറച്ച വാനില്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. കൊറോണ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന ബോര്‍ഡാണ് വാനിന് മുകളിലുണ്ടായിരുന്നത്. പക്ഷേ ഇവരുടെ നീക്കങ്ങള്‍ സംബന്ധിച്ച് സൂചന ലഭിച്ച പോലീസ് വിശദമായ പരിശോധന നടത്തിയതോടെ പ്രതികള്‍ പെട്ടു.

തളിക്കുളം പണിക്കവീട്ടില്‍ ഷാഹിദ്, ചാവക്കാട് നേനത്ത് ഹൗസില്‍ ഷാമോന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇവരുടെ തണ്ണി മത്തന്‍ വാനില്‍ നിന്ന് പിടികൂടിയത്. അടിപിടിക്കേസില്‍ പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഷാഹിദ്. പരോളിലിറങ്ങിയ ശേഷമാണ് കഞ്ചാവ് കടത്ത് നടത്തിയിരിക്കുന്നത്. മുമ്പും രണ്ടു പ്രതികളും കഞ്ചാവ് കടത്തിയ കേസില്‍ പിടിക്കപ്പെട്ടവരാണ്.
ഒരാഴ്ച മുമ്പാണ് പ്രതികള്‍ രണ്ടുപേരും ആന്ധ്രയിലേക്ക് പോയത്. തേങ്ങ കയറ്റിയ ലോറിയിലായിരുന്നു യാത്ര. അവിടെ നിന്ന് പത്ത് പാക്കുകളിലായി കഞ്ചാവ് തയ്യാറാക്കി തമിഴ്‌നാട്ടിലേക്ക്. ഈ രീതിയില്‍ കേരളത്തിലേക്ക് കടന്നാല്‍ അതിര്‍ത്തിയില്‍ പിടിക്കപ്പെടുമെന്ന് പ്രതികള്‍ക്ക് ഉറപ്പായിരുന്നു. കൊറോണ കാലത്ത് അതിര്‍ത്തികളില്‍ ശക്തമായ പരിശോധനയാണ്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് അഞ്ഞൂറോളം തണ്ണിമത്തന്‍ വാങ്ങി വാനില്‍ കയറ്റിയത്. ശേഷം റിലീഫ് ബോര്‍ഡ് വച്ചു. ശക്തന്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ പോലീസ് വാഹനം തടഞ്ഞ് പരിശോധിച്ചു. ഇതോടെ പ്രതികള്‍ പെട്ടു. ഇവര്‍ ചാവക്കാട്ടേക്ക് നേരത്തെയും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.












Click it and Unblock the Notifications