• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഴക്കാലം: കര്‍ശന മുന്നൊരുക്കത്തില്‍ ഭരണകൂടം, ഡാമുകള്‍ തുറക്കാന്‍ 36 മണിക്കൂര്‍ മുമ്പ് അനുമതി തേടണം, 15 മണിക്കൂര്‍ മുമ്പേ ജനങ്ങളെ അറിയിക്കണം, കലക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം...

  • By Desk

തൃശൂര്‍: ഡാമുകള്‍ തുറക്കുന്നതിനു 36 മണിക്കൂര്‍ മുമ്പ് കെ.എസ്.ഇ.ബിയും ജലസേചന വകുപ്പും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ അനുമതി തേടണമെന്നു കലക്ടര്‍ ടി.വി. അനുപമ. മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്താനുള്ള ജില്ലാതല അവലോകന യോഗത്തിലാണു കലക്ടറുടെ നിര്‍ദേശം. മഴക്കാല മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ മുന്നറിയിപ്പ് പ്രകാരമാണിത്.

രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ജുലൈ 5ന്; ലോക്സഭ സമ്മേളനം ജൂൺ 17ന് ആരംഭിക്കും!

ജില്ലയിലെ ഡാമുകളില്‍നിന്ന് വെള്ളം ഒഴുകിപ്പോകുന്ന വഴിയിലുള്ള ഗ്രാമപഞ്ചായത്തുകളും വില്ലേജുകളും ഏതൊക്കെയാണെന്നും ഡാമുകളിലെ ജലനിരപ്പിന്റെ ചുവപ്പ്, ഓറഞ്ച്, നീല മുന്നറിയിപ്പ് നിലയും ജൂണ്‍ പത്തിന് മുമ്പ് കെ.എസ്.ഇ.ബിയും ജലസേചന വകുപ്പും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കണം.

ഡാം സ്ഥിതി ചെയ്യുന്ന ജില്ലയിലെയും ഡാമില്‍നിന്ന് വെള്ളം ഒഴുകിപ്പോവുന്ന ജില്ലയിലെയും ദുരന്തനിവാരണ അതോറിറ്റികളെ ഇക്കാര്യം അറിയിക്കണം. 36 മണിക്കൂര്‍ മുമ്പല്ലാതെ വെള്ളം തുറന്നുവിടണമെങ്കില്‍ ഡാം സ്ഥിതി ചെയ്യുന്ന ജില്ലയിലെ കലക്ടറുടെ അനുമതി തേടണം. ഒരു സാഹചര്യത്തിലും ആദ്യത്തെ പ്രാവശ്യം വൈകിട്ട് ആറിനും രാവിലെ ആറിനുമിടയില്‍ വെള്ളം തുറന്നുവിടരുത്.

ഡാമുകളില്‍നിന്ന് വെള്ളം ഒഴുകിപ്പോവുന്ന വഴിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വില്ലേജ് ഓഫീസുകള്‍ക്കും 24 മണിക്കൂര്‍ മുമ്പ് കെ.എസ്.ഇ.ബിയും ജലസേചന വകുപ്പും മുന്നറിയിപ്പ് നല്‍കണം. ഡാം തുറക്കുന്നതിന് കുറഞ്ഞത് 15 മണിക്കൂര്‍ മുമ്പെങ്കിലും പൊതുജനങ്ങളെ അറിയിക്കണം. ജലസേചന വകുപ്പ് ഒരു അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ മുഴുവന്‍ സമയവും നിയോഗിക്കണം. മഴയുടെ അളവ്, ഡാമുകളിലെ ജലനിരപ്പ് എന്നിവ സംബന്ധിച്ച് ഈ ഉദ്യോഗസ്ഥന്‍ ദിവസവും അറിയിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

തേക്ക്, ഈട്ടി, കരിമരം, ചന്ദനം എന്നിവയൊഴികെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു. റോഡരികിലെ അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാന്‍ പൊതുമരാമത്ത് വകുപ്പും സര്‍ക്കാര്‍ ഓഫീസ് വളപ്പുകളിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സര്‍ക്കാര്‍ വകുപ്പുകളും നടപടി സ്വീകരിക്കണം. വൈദ്യുതി ലൈനുകള്‍ക്ക് മുകളിലുള്ള മരക്കൊമ്പുകള്‍ കെ.എസ്.ഇ.ബി. മുറിച്ചുമാറ്റണം. വെള്ളപ്പൊക്ക സാധ്യതയോ കടലാക്രമണ സാധ്യതയോ ഉള്ള സ്ഥലങ്ങളില്‍ അഭയകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി മുന്‍കരുതലെടുക്കാന്‍ റവന്യു അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കടലോര പ്രദേശങ്ങളിലെയും പുഴയോര പ്രദേശങ്ങളിലെയും തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

ബീച്ചുകളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും രക്ഷാപ്രവര്‍ത്തനത്തിനും ആവശ്യമെങ്കില്‍ താല്‍ക്കാലിക ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കാന്‍നും ഡി.ടി.പി.സിക്ക് നിര്‍ദേശം നല്‍കി. അതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് ആവശ്യമായ നിയന്ത്രണത്തിന് വനം വകുപ്പിന് നിര്‍ദേശം നല്‍കി. ആവശ്യമായ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും ഡി.ടി.പി.സിയും ശ്രദ്ധിക്കണം. ബോട്ടിങുകള്‍ ഉള്ള സ്ഥലങ്ങളില്‍ നിരീക്ഷണം വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തെ വെള്ളക്കെട്ടുകള്‍, വെള്ളം കവിഞ്ഞൊഴുകുന്ന സ്ഥലങ്ങള്‍ എന്നിവ ശ്രദ്ധിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി മഴക്കുഴികള്‍ പോലുള്ള ജലസംഭരണ പരിപാടികള്‍ക്കായി ഫണ്ട് നീക്കി വെക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. പാതയോരങ്ങളിലെ അപകട സാധ്യതയുള്ള ബോര്‍ഡുകള്‍ നീക്കാന്‍ നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കടല്‍ഭിത്തികളില്‍ വിള്ളലുള്ള സ്ഥലങ്ങളില്‍ അടിയന്തിരമായി മണല്‍ച്ചാക്കുകള്‍ സ്ഥാപിക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കി.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഓരോ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ഓരോ താലൂക്കുകളുടെ ചുമതല നല്‍കി. തൃശൂര്‍ താലൂക്ക് തൃശൂര്‍ ആര്‍.ഡി.ഒ, തലപ്പള്ളി ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍, മുകുന്ദപുരംഇരിങ്ങാലക്കുട ആര്‍.ഡി.ഒ, ചാവക്കാട് ഡെപ്യൂട്ടി കലക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കൊടുങ്ങല്ലൂര്‍ ഡെപ്യൂട്ടി കലക്ടര്‍ ഇലക്ഷന്‍, ചാലക്കുട ിഡെപ്യൂട്ടി കലക്ടര്‍ ആര്‍.ആര്‍, കുന്നംകുളം ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ. എന്നിവര്‍ക്കാണ് താലൂക്കുകളുടെ ചുമതല നല്‍കിയത്. കലക്ടറേറ്റില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. ഫോണ്‍: 04872 362424, 9447074424.

Thrissur

English summary
government is preparing the monsoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X