• search
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരില്‍ മഴ കനക്കുന്നു: ജലനിരപ്പ് നിയന്ത്രണം: ഡാമുകള്‍ തുറന്നു തുടങ്ങി

  • By Desk

തൃശൂര്‍: ഒരിടവേളയ്്ക്ക് ശേഷം തൃശൂരില്‍ വീണ്ടും മഴ കനത്തു. കനത്ത മഴ ഉണ്ടാകുമെന്നുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ക്കിടയിലാണ് മഴ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയായിരുന്നു. തുലാവര്‍ഷം ഈ മാസം 15ന് ശേഷമേ ഉണ്ടാകൂ എന്നുള്ള പ്രവചനങ്ങള്‍ക്കിടയില്‍ ഇടിവെട്ടോടുകൂടിയാണ് മഴ. കനത്ത മഴയില്‍ തൃശൂര്‍ നഗരത്തില്‍ ചെറിയ തോതില്‍ വെള്ളക്കെ്ട്ട് രൂപപ്പെട്ടു.

ക്ഷേത്രങ്ങൾ ബിജെപിയുടെ കുത്തകയോ?മോദിയുടേത് എല്ലാ വിഷയത്തിലും ഏകാധിപത്യ നിലപാടെന്ന് രാഹുൽ ഗാന്ധി

കനത്ത മഴയ്ക്കുളള സാധ്യത കണക്കിലെടുത്ത് കെ.എസ്.ഇ.ബി യുടെ നിയന്ത്രണത്തിലുളള ഷോളയാര്‍ ഡാമിന്റെ ഷട്ടറും പെരിങ്ങല്‍കുത്തിന്റെ സ്ലൂയീസ് വാല്‍വും തുറന്നു. ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. ഷോളയാര്‍ ഡാമില്‍ നിന്ന് സെക്കന്റില്‍ 100 ഘന അടി ജലമൊഴുക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ സെക്കന്‍ഡില്‍ 25 ഘനയടി ജലം തുറന്നു വിടും. ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ ഒരെണ്ണം അരയടി തുറന്നു. ഷോളയാര്‍ ഡാമിലെ ജലമൊഴുകിയെത്തുന്ന പെരിങ്ങല്‍കുത്ത് ഡാമില്‍ നിലവില്‍ ഷട്ടറുകളും സ്പില്‍വെയും തുറന്ന നിലയിലാണ്. ഇതിന് പുറമേയാണ് സെക്കന്‍ഡില്‍ 200ഘനയടി ജലമൊഴുക്കുന്നതിന് ഒരു സ്ലൂയിസ് വാല്‍വ് തുറന്നത്.ഷട്ടര്‍ ഉയര്‍ത്തി

പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് 18 അടി ഉയര്‍ത്തി. ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ അരയടി ഉയര്‍ത്തി. ഇവിടെ 90 ശതമാനം സംഭരണശേഷിയിലെത്തി നില്‍ക്കുകയാണ്. മഴ ഇന്നലെ രാത്രി ശമിച്ചെങ്കിലും സുരക്ഷാനടപടികളുടെ ഭാഗമായാണ് ഷട്ടര്‍ ഉയര്‍ത്തിയത്.

ചിമ്മിനിഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ചിമ്മിനിഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. വെള്ളിയാഴ്ച രണ്ടുതവണയായി നാല് സ്പില്‍വേ ഷട്ടറുകളും പതിനഞ്ചു സെന്റീമീറ്റര്‍കൂടി ഉയര്‍ത്തുകയായിരുന്നു. കഴിഞ്ഞദിവസം രണ്ടുതവണയായി ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം തുറന്നിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തിനും 12-നുമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ഇപ്പോള്‍ 25 സെന്റിമീറ്റര്‍ വീതം തുറന്ന ഷട്ടറുകളിലൂടെ പ്രതിദിനം 2.5 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ചിമ്മിനിയില്‍നിന്ന് പുറത്തേക്കൊഴുക്കുന്നത്. ഇതോടെ ചിമ്മിനി ഡാമിലെ ജലനിരപ്പ് 75.17 മീറ്ററായി. 144.44 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമില്‍ സംഭരിച്ചിട്ടുള്ളത്.

ചിമ്മിനിഡാമിന്റെ സംഭരണ പ്രദേശത്തും വനമേഖലയിലും മഴ മാറിനില്‍ക്കുകയാണെങ്കിലും ഞായറാഴ്ച ശക്തമായി പെയ്യാന്‍ സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പും നിലവിലുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഡാമില്‍ പരമാവധി സംഭരണ ശേഷിയുടെ 60 സെന്റിമീറ്റര്‍ താഴെവരെ മാത്രമേ വെള്ളം സംഭരിക്കുന്നുള്ളൂ.

ജില്ലയിലെ 13000 ഹെക്ടര്‍ കോള്‍ പാടങ്ങളിലെ കൃഷി ചിമ്മിനി ഡാമിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. കൂടാതെ ചിമ്മിനി ചെറുകിട ജലവൈദ്യുതി പദ്ധതി പ്രവര്‍ത്തിക്കുന്നതും ഡാം തുറന്ന് പുറത്തേക്കൊഴുകുന്ന വെള്ളം ഉപയോഗിച്ചാണ്.,79.40 മീറ്ററാണ് ചിമ്മിനി ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാം സുരക്ഷാ അഥോറിറ്റിയുടെ നിര്‍ദേശം നിലവിലുള്ളതിനാല്‍ 76.40 മീറ്റര്‍വരെയാണ് ഇപ്പോള്‍ ഡാമില്‍ വെള്ളം സംഭരിക്കുന്നത്.

ഞായറാഴ്ച മഴ ശക്തമാകുമെങ്കിലും അത് ചാലക്കുടിപ്പുഴയുടെ സംഭരണ പ്രദേശത്താകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു. കൂടാതെ വരന്തരപ്പിള്ളി മുതല്‍ ഏനാമാവ് കോള്‍ പടവുകള്‍വരെ കുറുമാലി, കരുവന്നൂര്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ജില്ലയില്‍ നേരത്തേ പ്രഖ്യാപിച്ചിരുന്ന റെഡ് അലെര്‍ട്ട് പിന്‍വലിച്ചത് മലയോര മേഖലയ്ക്ക് ആശ്വാസമായിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാന്‍ സുസജ്ജം

മഴഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ പ്രതിബന്ധങ്ങളും നേരിടാന്‍ ജില്ല സുസജ്ജമാണെന്ന് കലക്ടര്‍ ടി.വി. അനുപമ. പൊതുജനങ്ങള്‍ ഭയപ്പെടെണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു. ദുരന്തനിവാരണ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കലക്ടര്‍. ഏഴു മുതല്‍ കനത്ത മഴയ്ക്കുളള സാധ്യത കണക്കിലെടുത്ത് പെരിങ്ങല്‍കുത്ത്, ഷോളയാര്‍, പീച്ചി, ചിമ്മിനി ഡാമുകള്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് നിയന്ത്രണവിധേയമായി തുറക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഇത് പുഴകളിലെ ജലനിരപ്പിനെ കാര്യമായി ബാധിക്കില്ല. ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി.

മത്സ്യബന്ധനത്തിന് പോയവരോട് ഉടന്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. തീരദേശപോലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും കണക്കനുസരിച്ച് 450 മത്സ്യതൊഴിലാളികളാണ് ജില്ലാ തീരത്ത് നിന്നും കടലില്‍ പോയിട്ടുളളത്. ഇവര്‍ക്കെല്ലാം സന്ദേശം കൈമാറി. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുളള മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കാനും ക്യാമ്പുകള്‍ എവിടെയൊക്കെ ആവണമെന്നത് നിശ്ചയിക്കാനും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജാഗ്രതാ നിര്‍ദേശം നല്‍കേണ്ട സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് വഴി അറിയിപ്പ് നല്‍കും. ഇതിന് പോലീസിനും ഗ്രാമപഞ്ചായത്തുകള്‍ക്കും ചുമതല നല്‍കി.

അടിയന്തിര സാഹചര്യമുണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കുന്നതിന് വിവിധ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. തൃശൂര്‍ താലൂക്ക് സബ് കളക്ടര്‍ ഡോ. രേണുരാജ്, മുകുന്ദപുരം, ഇരിങ്ങാലക്കുട ആര്‍ ഡി ഒ ഡോ. റെജില്‍, തലപ്പിളളി എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എം ബി ഗിരീഷ്, ചാലക്കുടി എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ സന്തോഷ്‌കുമാര്‍ എസ്, ചാവക്കാട് ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ നിഷാറ്റ് ടി എസ്, കുന്നംകുളം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.വി മുരളീധരന്‍, കൊടുങ്ങല്ലൂര്‍ എ.ഡി.എം: സി ലതിക എന്നിവര്‍ക്കാണ് ചുമതല.

കഴിഞ്ഞ തവണത്തെ ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചലിന്റെയും പശ്ചാത്തലത്തില്‍ അത്തരം സാധ്യതയുളള മേഖലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ജില്ലയില്‍ ഏറ്റവും അധികം ഉരുള്‍പൊട്ടല്‍ സാധ്യതകളുണ്ടെന്ന് കണ്ടെത്തിയ പതിനഞ്ചിടങ്ങളിലുളളവരെ മഴയുടെ തോതനുസരിച്ച് മാറ്റി പാര്‍പ്പിക്കും. ഇന്നു മുതല്‍ മലയോര മേഖലകളിലേക്ക് രാത്രിയാത്ര പോകാന്‍ വിനോദസഞ്ചാരികളെ അനുവദിക്കില്ല. ബീച്ചുകളിലും യാത്രനിയന്ത്രണം ഏര്‍പ്പെടുത്തും. ജില്ലയില്‍ ഇപ്പോള്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുളളത്. മഴ കനക്കുകയാണെങ്കില്‍ ഡാമുകളിലെ ജലനിരപ്പിന്റെ തോത് വിലയിരുത്തണം. ഡാം തുറക്കേണ്ടതിനും നാലു മണിക്കൂര്‍ മുന്‍പ് ജില്ലാ ഭരണകൂടത്തിന്റെ അനുവാദം തേടണം. പകല്‍ സമയത്താകും ഷട്ടറുകള്‍ തുറക്കുക. ഷട്ടര്‍ തുറക്കുന്നത് സംബന്ധിച്ച് ആദ്യത്തെ ഒന്നും, രണ്ടും മുന്നറിയിപ്പുകള്‍ ഇ-മെയില്‍ നല്‍കുന്നതിന് പകരം ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണില്‍ നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു കലക്ടര്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച യെല്ലോ അലര്‍ട്ട്: സ്‌കൂള്‍ അവധി പിന്‍വലിച്ചു

ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് ഞായറാഴ്ച മാത്രമാക്കി ചുരുക്കി. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പനുസരിച്ചാണിത്. അതിശക്തമായ മഴയ്ക്ക് പകരം ജില്ലയില്‍ വരും ദിവസങ്ങളില്‍ സാധാരണ നിലയില്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഞായറാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. അറബി കടലിലെ ന്യൂനമര്‍ദം കാരണം കേരളത്തില്‍ പലയിടങ്ങളിലും മഴ ലഭിക്കുന്നതിനാല്‍ അയല്‍ ജില്ലകളിലെ ഡാമുകള്‍ തുറക്കാനും സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രത തുടരും. പുതിയ സാഹചര്യത്തില്‍ ഇന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി കലക്ടര്‍ ടി.വി. അനുപമ പിന്‍വലിച്ചു. അതേസമയം ഇന്നലെ വൈകീട്ടു മുതല്‍ ജില്ലയില്‍ വ്യാപകമായി മഴ പെയ്തു.


ന്യൂനമര്‍ദ്ദം: താലൂക്ക്തല മുന്‍കരുതലിന് അവലോകന യോഗങ്ങള്‍


അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മഴയ്ക്കിടയാകുന്ന സാഹചര്യത്തില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ താലൂക്ക്തല ദുരന്തനിവാരണ അവലോകന യോഗം നടന്നു. അടിയന്തിര സാഹചര്യം നേരിടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. പോലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സുകള്‍ ഏകോപിപ്പിക്കും. അവശ്യരക്ഷാ ഉപകരണങ്ങളുടെയും രക്ഷാപ്രവര്‍ത്തകരുടെയും ഏകോപനം, ക്യാമ്പുകള്‍ തുറക്കേണ്ടി വന്നാല്‍ ആവശ്യമായ ഇടങ്ങള്‍ കണ്ടെത്തല്‍ എന്നിവയ്ക്കു രൂപരേഖയുണ്ടാക്കി. ജനറേറ്ററുകള്‍, ഇന്ധനം, മരംവെട്ടു ഉപകരണങ്ങള്‍, വടങ്ങള്‍, രക്ഷാബോട്ടുകള്‍, വാഹനങ്ങള്‍, ലൈറ്റുകള്‍, അവശ്യഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയുടെ സമാഹരണവും വിതരണവും ചര്‍ച്ചയായി. ഏത് ദുഷ്‌ക്കര സാഹചര്യത്തേയും നേരിടാന്‍ താലൂക്കുകള്‍ സന്നദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃശൂര്‍ താലൂക്കില്‍ തഹസില്‍ദാര്‍ ജോര്‍ജ് ജോസഫിനേയും മുകുന്ദപുരത്ത് തഹസില്‍ദാര്‍ എല്‍.ജെ. മധുസൂദ്ദനന്റെയും നേതൃത്വത്തിലായിരുന്നു യോഗം. തലപ്പിളളിയില്‍ തഹസില്‍ദാര്‍ കെ.എം. മുസത്ഫ കമാലും ചാലക്കുടിയില്‍ എല്‍.എ. ഡെപ്യൂട്ടി കലക്ടര്‍ എസ്.സന്തോഷ്‌കുമാറും തഹസില്‍ദാര്‍ ഇ.എന്‍. രാജുവും നേതൃത്വം നല്‍കി. ചാവക്കാട് തഹസില്‍ദാര്‍ കെ. പ്രേംചന്ദ് കുന്നംകുളത്ത് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.വി. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ തഹസില്‍ദാര്‍ കെ.ജെ. തോമസ് നേതൃത്വം നല്‍കി. തഹസില്‍ദാര്‍മാര്‍, ജോയിന്റ് തഹസില്‍ദാര്‍മാര്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പ്, ജോയിന്റ് ആര്‍.ടി.ഒ., ടി.എസ്.ഒ., പി.ഡബ്യൂ.ഡി. തുടങ്ങിയ ഉദ്യോഗസ്ഥര്‍ ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജാഗ്രത


മഴയുടെ ശക്തി നോക്കി ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ ജില്ലാ ഭരണകൂടം. പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ ഇന്നലെ വൈകീട്ട് നാലിന് 10 ഇഞ്ച് തുറന്നു. രാവിലെ 8 മണിക്ക് ആറ് ഇഞ്ചും ഉച്ചയ്ക്ക് ഒരു മണിക്ക് എട്ട് ഇഞ്ചുമാണ് തുറന്നത്. ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ രാവിലെ 8 ന് 15 സെന്റിമീറ്ററും പത്തു മണിക്ക് 20 സെന്റിമീറ്ററും ഉച്ചയ്ക്കു 25 സെന്റിമീറ്ററും തുറന്നു. ഇടതുകര, വലതുകര കനാലുകളുടെയും മണലി, കുറുമാലിപുഴകളുടെയുടെയും സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

മത്സ്യബന്ധനത്തിന് പോകരുത്

അറബിക്കടലിന്റെ തെക്കു കിഴക്ക് ഭാഗത്ത് ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇന്നു കടല്‍ അതീവ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.


കൂടുതൽ തൃശൂർ വാർത്തകൾView All

Thrissur

English summary
Heavy rain in Thrissur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more