തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിന് ഇനി നാടകകാലം; ഇറ്റ്ഫോക്ക്- അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Google Oneindia Malayalam News
thrissur

തൃശൂര്‍: പകയുടെയും വെറുപ്പിന്റെയും ഇരുണ്ടുതുടങ്ങുന്ന ഇന്ത്യയുടെ വര്‍ത്തമാനകാല അന്തരീക്ഷത്തില്‍ മനുഷ്യരെ ഒന്നിപ്പിക്കാനുള്ള മഹത്തായ സമരഭൂമിയായി നാടകം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നിക്കണം മാനവികത എന്ന പ്രമേയത്തില്‍ തൃശൂരില്‍ നടക്കുന്ന പതിമൂന്നാമത് ഇറ്റ്ഫോക്ക്- അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ കുതിപ്പിനും മുന്നേറ്റത്തിനും നമ്മുടെ നാടകവേദി നല്‍കിയ മഹത്തായ സംഭാവനകള്‍ ഒരിക്കലും മറക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെവിടെയും എന്നതു പോലെ നാടിന്റെ മാറ്റത്തിനു വേണ്ടിയാണ് നമ്മുടെ നാടകങ്ങളും പൊരുതിയിട്ടുള്ളത്. കേരളത്തിന്റെ നവോത്ഥാന സംസ്‌ക്കാരം ശക്തിപ്പെടുത്തുന്നതില്‍ അവ നിര്‍ണായക പങ്കുവഹിച്ചു. ഇറ്റ്ഫോക് അന്താരാഷ്ട്ര നാടകോത്സവം രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

നാടകത്തിനും കലാകാരര്‍ക്കും ചരിത്രത്തിലെ ഏറ്റവും വലിയ പിന്തുണയും അംഗീകാരവുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നത്. അത് ഇനിയും തുടരും. ഇന്ത്യയിലെ പ്രശസ്തമായ പല നാടകോത്സവങ്ങളും നിലച്ചുപോയപ്പോഴും ഇറ്റ്ഫോക്ക് പൂര്‍വാധികം കരുത്തോടെ നടത്തുന്നത് അതുകൊണ്ടാണ്. നവീകരിച്ച നടന്‍ മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയേറ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

വിവിധ കലാസമന്വയത്തിലൂടെ 15 ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര സാംസ്‌കാരിക ഉത്സവത്തിന് അടുത്ത വര്‍ഷം തൃശൂര്‍ വേദിയാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മത്സ്യബന്ധന യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. സംഗീത നാടക അക്കാദമി, ലളിത കലാ അക്കാമദി, സാഹിത്യ അക്കാദമി, കലാമണ്ഡലം തുടങ്ങിയവയുടെ സഹകരണത്തോടെ നാടകം, സംഗീതം, സിനിമ, സാഹിത്യം തുടങ്ങിയവയെ സംയോജിപ്പിച്ചാണ് അന്താരാഷ്ട്ര ഉത്സവം സംഘടിപ്പിക്കുക. അതിനായുള്ള ഒരുക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മാനവരാശിയെ മഹത്തായ കൂട്ടായ്മയിലേക്ക് ഉയര്‍ത്തി കൊണ്ടുവരികയാണ് ഇറ്റ്ഫോക്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. അതിജീവനത്തിന്റെ പുതിയ സന്ദേശമാണ് പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം സമൂഹത്തിന് നല്‍കുന്നത്. കേരളം ലോക നാടക വേദിയില്‍ ശ്രദ്ധേയമായ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് വര്‍ഷത്തെ കോവിഡിന്റെ ഒറ്റപ്പെടലില്‍ ഏറെ പ്രതിസന്ധി നേരിട്ട വിഭാഗമാണ് കലാകാരര്‍. അവരുടെ അതിജീവനം സാധ്യമാക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. നാടകങ്ങളിലൂടെ നാം കൈവരിച്ച സാംസ്‌കാരിക വളര്‍ച്ച ഇല്ലാതാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സാമൂഹിക നവോത്ഥാനം നാടകങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. നരബലി പോലെയുള്ള അനാചാരങ്ങള്‍ സമൂഹത്തില്‍ ശക്തിപ്രാപിക്കുമ്പോള്‍ നാടകങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികളിലൂടെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഇന്നലെകളെ പുരോഗമനപരമാക്കി മാറ്റിയതില്‍ നാടകങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. അസഹിഷ്ണുത കരുത്താര്‍ജിക്കുന്ന കാലത്ത് ഒന്നിക്കണം മാനവികത എന്ന പ്രമേയത്തിന് ഏറെ പ്രാധാന്യമുണ്ട്. വിശ്വനാടക വേദിയുടെ വൈവിധ്യം എല്ലാവര്‍ക്കും അറിയാനുള്ള അവസരമാണ് ഇറ്റ്ഫോക്കെന്നും മന്ത്രി പറഞ്ഞു.
പാലസ് ഗ്രൗണ്ടിലെ പവലിയന്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം പ്രകാശ് രാജ് മുഖ്യാതിഥിയായി. റവന്യൂമന്ത്രി കെ രാജന്‍ ഇറ്റ്ഫോക് ബുള്ളറ്റിന്‍ സെക്കന്റ് ബെല്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പി ആര്‍ പുഷ്പവതിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ടീഷര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഫെസ്റ്റിവല്‍ ബാഗ് പി ബാലചന്ദ്രന്‍ എംഎല്‍എക്ക് നല്‍കി പ്രകാശനം ചെയ്തു. ടി എന്‍ പ്രതാപന്‍ എംപി ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. മേയര്‍ എം കെ വര്‍ഗീസ് പുസ്തകം ഏറ്റുവാങ്ങി.

Thrissur
English summary
ItFolk- International Drama Festival was inaugurated by Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X