വടകരയിലെ കോണ്‍ഗ്രസ് ബന്ധം: ആര്‍.എം.പി.ഐയില്‍ ഭിന്നത, വലതുപക്ഷത്തിനെതിരായ നിലപാട് മറന്നെന്ന് ആരോപണം
തൃശൂര്‍: വടകരയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനും മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടെന്നുമുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തെചൊല്ലി ആര്‍. എം.പി.ഐയില്‍ ഭിന്നത. സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് പാര്‍ട്ടി സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ ആവശ്യം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം തൃശൂര്‍ ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടതായി സൂചന.
കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് കെ .കെ. രമയെ വടകരയില്‍ മത്സരിപ്പിക്കാനും സംസ്ഥാനത്ത് നാല് മണ്ഡലങ്ങളില്‍ മത്സരിക്കാനുമുള്ള മുന്‍ തീരുമാനം തിരുത്താന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പരസ്യ പിന്തുണ നല്‍കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം. സംസ്ഥാന പ്രസിഡന്റ് ടി.എല്‍. സന്തോഷിന്റെ അഭാവത്തിലായിരുന്നു സെക്രട്ടേറിയറ്റ് യോഗം. തീരുമാനം ഉടന്‍ സെക്രട്ടറി എന്‍. വേണു മാധ്യമങ്ങളെ അറിയിച്ചു.
പി. ജയരാജന്റെ പരാജയം ഉറപ്പ് വരുത്താന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതാകും ഉചിതമെന്ന് സെക്രട്ടറി എന്‍. വേണു യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കെ.എസ്. ഹരിഹരനും കെ.കെ. രമയും ഉള്‍പ്പെടെയുള്ളവര്‍ ഈ നിര്‍ദേശം അംഗീകരിച്ചതോടെയാണ് സെക്രട്ടേറിയറ്റ് തീരുമാനത്തിലെത്തിയത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായോ അവരുടെ സഖ്യ കക്ഷികളുമായോ ഐക്യപ്പെട്ട് പോകാനാകില്ലെന്നും ബി.ജെ.പി. സര്‍ക്കാരിനെ താഴെ ഇറക്കാനാവശ്യമായ ബദല്‍ രൂപപ്പെടുത്തണമെന്നുമാണ് ആര്‍. എം.പി.ഐ. കേന്ദ്ര കമ്മിറ്റി തീരുമാനം.
കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാന കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്നും കഴിഞ്ഞ ഫെബ്രുവരി 20 ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനു വിടണമെന്നിരിക്കെ അതൊഴിവാക്കി പ്രഖ്യാപനം നടത്തിയതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. സംസ്ഥാന കമ്മിറ്റി തീരുമാനം സെക്രട്ടേറിയറ്റിനു തിരുത്താന്‍ കഴിയില്ലെന്നിരിക്കെ മറിച്ചൊരു തീരുമാനമെടുത്ത സെക്രട്ടേറിയറ്റിനെ കേന്ദ്ര കമ്മിറ്റി ഇടപെട്ട് പിരിച്ചുവിടണമെന്ന് പാര്‍ട്ടി സൈബര്‍ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നും മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന പ്രസിഡന്റ് ടി.എല്‍. സന്തോഷിന്റെ സാന്നിധ്യത്തില്‍ തൃശൂരില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ പങ്കെടുത്തവര്‍ സംസ്ഥാന കമ്മിറ്റിയുമായുള്ള ബന്ധം വിചേ്ഛദിക്കണമെന്നും ആവശ്യപ്പെട്ടു. മറ്റൊരിടത്തും മത്സരിക്കേണ്ടെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം തള്ളിക്കളയാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.സെക്രട്ടേറിയറ്റ് തീരുമാനവുമായി ആര്‍.എം.പി.ഐ. മുന്നോട്ട് പോകുകയാണെങ്കില്‍ തങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് കുന്നംകുളം, നാട്ടിക, ചേലക്കര, ആമ്പല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. നാട്ടികയിലെ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകാനും ശ്രമിച്ചു.
ആലത്തൂരില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ കുന്നംകുളത്തുനിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉറച്ച് നിന്നതോടെ എസ്.യു.സി.ഐ, സി.പി.ഐ. എം. എല്‍(റെഡ് സ്റ്റാര്‍)എന്നീ പാര്‍ട്ടികളുമായി മുന്നണിയുണ്ടാക്കി ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനും തൃശൂരില്‍ സി. പി.ഐ.എം.എല്‍(റെഡ് സ്റ്റാര്‍) സ്ഥാനാര്‍ഥി എന്‍.ഡി. വേണുവിനെ പിന്തുണക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ വടകരയിലെ നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് നാട്ടിക, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ നിലപാട് ആവര്‍ത്തിച്ചതോടെ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടേയും പ്രവര്‍ത്തകരുടേയും വികാരം സംസ്ഥാന കമ്മിറ്റിയെ അറിയിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് ടി.എല്‍. സന്തോഷ് മറുപടി പറഞ്ഞു. ഇതിനായി കമ്മിറ്റി വിളിക്കാന്‍ സെക്രട്ടറിയോട് ആവശ്യപ്പെടാമെന്നും അറിയിച്ചതോടെയാണ് രംഗം ശാന്തമായത്.
അടുത്തദിവസം തന്നെ സംസ്ഥാന കമ്മിറ്റി ചേരുമെന്നാണ് വിവരം. യോഗത്തില്‍ തൃശൂരിലെ ആറ് സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്തേക്കും. മറ്റ് ജില്ലകളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതില്‍ യോജിപ്പില്ല. ഈ സാഹചര്യത്തില്‍ വടകരയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിക്കുന്നതിനെക്കുറിച്ച് കമ്മിറ്റി പരിഗണിക്കും. അതിനെ വടകരയില്‍ നിന്നുള്ളവര്‍ എതിര്‍ത്താല്‍ പാര്‍ട്ടി പിളരുന്നതിലേക്കായിരിക്കും തീരുമാനമെത്തുക.
നിലപാട് പരിശോധിക്കും: ആര്‍.എം.പി.ഐ.
വടകരയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാനുള്ള ആര്‍.എം.പി.ഐ. തീരുമാനം അഭ്യുദയകാംക്ഷികളില്‍ ആശങ്കയുണ്ടാക്കിയെന്നും സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി പരിശോധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.എല്‍. സന്തോഷ്. ആര്‍.എം.പിയിലെ ഭിന്നതയും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം തൃശൂര്‍ ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞതും ഇന്നലെ മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഫെയ്സ് ബുക്ക് പേജിലൂടെയാണ് സന്തോഷ് പ്രതികരണം അറിയിച്ചത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഭരണത്തില്‍നിന്നും നീക്കുക എന്ന ലക്ഷ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെക്കുറെ യോജിപ്പിലെത്തിയിട്ടുണ്ടെന്ന് സന്തോഷ് അഭിപ്രായപ്പെട്ടു. മതവര്‍ഗീയതയെ രാഷ്ര്ടീയമായി ഉപയോഗപ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിദ്വേഷത്തിന്റെ രാഷ്ര്ടീയം ഭരണപരമായ ആധിപത്യം ചെലുത്തിയ വര്‍ഷങ്ങളാണ് കടന്നുപോയത്. രാജ്യ സുരക്ഷയടക്കം രാഷ്ര്ടീയനേട്ടത്തിനായുധമാക്കുന്ന സമീപനമുണ്ടായി. ഭരണഘടനാ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും നോക്കുകുത്തിയാക്കുന്ന രാഷ്ര്ടീയ തീരുമാനങ്ങളുണ്ടായി. കോടതികളെയടക്കം നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ഘടന തകര്‍ക്കുന്ന പരിഷ്‌കാരങ്ങളും തീരുമാനങ്ങളുമുണ്ടായി. ഭിന്നാഭിപ്രായങ്ങളെ കൊന്നുതള്ളുകയും ആള്‍ക്കൂട്ടക്കൊലപാതകങ്ങളെ സാധൂകരിക്കുകയും ചെയ്യുന്ന രാഷ്ര്ടീയത്തിനെതിരെ അതിശക്തമായ പ്രതിരോധം ഉയര്‍ന്നുവരണം.
ബി.ജെ.പിക്കെതിരെ നില്‍ക്കുമ്പോഴും സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടുന്ന മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികളൊന്നടങ്കം ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളുടെ വക്താക്കളാണെന്നത് പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു