• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എരിതീയില്‍നിന്ന് വറ ചട്ടിയിലേക്ക്: കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുവാന്‍ സാധ്യത!!

  • By Desk

തൃശൂര്‍: മാര്‍ച്ച് മാസം ആരംഭിച്ചതോടെ വരുംദിവസങ്ങളില്‍ കേരളം എരിതീയില്‍നിന്നു വറചട്ടിയിലേക്കെന്നു മുന്നറിയിപ്പ്.

കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍നിന്നു കൂടുവാനുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അവലോകനങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുതല്‍ ആയേക്കാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ ചില ഇടങ്ങളിലെങ്കിലും ശരാശരിയില്‍നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ അനുമാനം.

യുവതിയുടെ പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടുണ്ടാക്കി യുവാക്കളെ തട്ടിക്കൊണ്ടുപോയി: രണ്ട് പേര്‍ അറസ്റ്റില്‍!!

ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സൂര്യാഘാതം പ്രതിരോധിക്കാനുള്ള മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ പ്രത്യേകിച്ച് രോഗികള്‍ 11 മണി മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നുമണിവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതണം. പരമാവധി ശുദ്ധജലം കുടിക്കണം. അയഞ്ഞതും ഇളം നിറമുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം.

ദുരന്തനിവാരണ അഥോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ചുള്ള ലേബര്‍ കമ്മിഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണം.

 സൂര്യാഘാതം കരുതിയിരിക്കണം

സൂര്യാഘാതം കരുതിയിരിക്കണം

ചൂട് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കരുതിയിരിക്കണം. കുട്ടികളും പ്രായമായവരും രോഗികളും പ്രത്യേകം ശ്രദ്ധിക്കണം. 104 ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ടു പോവുക, ശ്വസനപ്രക്രിയ സാവധാനം ആകുക, മാനസിക പിരിമുറുക്കം, തലവേദന, മസില്‍പിടുത്തം, കൃഷ്ണമണി വികാസം, ക്ഷീണം, ചുഴലി രോഗലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍.

സൂര്യാഘാതമേറ്റാല്‍ ഉടനടി ചെയ്യേണ്ടത്

സൂര്യാഘാതമേറ്റാല്‍ ഉടനടി ചെയ്യേണ്ടത്

രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക, ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തി വയ്ക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക, വെള്ളം/ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുക. കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍, കുട്ടികള്‍, പ്രായമായവര്‍ രക്തക്കുഴല്‍ ചുരുങ്ങല്‍, ഹൃദയത്തിന് പ്രവര്‍ത്തന ശേഷി കുറവ്, പ്രമേഹം ജന്മനാ സ്വേദഗ്രന്ഥികളുടെ അഭാവം ഉള്ളവര്‍, കര്‍ഷകതൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ മറ്റു പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, സൈക്കിളിങ് കായിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

വെള്ളം കുടിച്ചേ തീരു

വെള്ളം കുടിച്ചേ തീരു

ചൂട് കൂടിവരുന്നതിനാല്‍ നിര്‍ജലീകരണം ഒഴിവാക്കാനായി ദാഹം തോന്നാതെ തന്നെ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി, സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം പുറപ്പെടുവിക്കുന്ന പ്രതിരോധ മാര്‍ഗങ്ങളില്‍ പ്രധാനമായി പറയുന്നത്. ദിവസത്തില്‍ എട്ടു ഗ്ലാസ് ശുദ്ധവെള്ളമെങ്കിലും കുടിക്കണം. പുറംവാതില്‍ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ധാരാളം വെള്ളം കുടിക്കണം. ഒപ്പം ഇടക്കിടെ വിശ്രമിക്കുകയും വേണം.

 ചൂടിനെ പ്രതിരോധിക്കാന്‍

ചൂടിനെ പ്രതിരോധിക്കാന്‍

കടുത്ത ചൂടിനോട് ദീര്‍ഘനേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക. ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കുക. നനച്ച തുണി പിഴിഞ്ഞ് ശരീരം തുടയ്ക്കുക. ശരീരം പൂര്‍ണമായി കാര്യക്ഷമമല്ലെങ്കില്‍ ശാരീരിക അധ്വാനമുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക. എല്ലാ പ്രവര്‍ത്തികളും ദിവസത്തിലെ ചൂട് കുറഞ്ഞ സമയം നോക്കി ക്രമീകരിക്കുക. ശാരീരിക അധ്വാനമുള്ള ജോലികള്‍ ഉച്ചസമയത്ത് ചെയ്യാതിരിക്കുക. നിര്‍ജലീകരണത്തിന് കാരണമാകുന്നതിനാല്‍ കഫീന്‍, മദ്യം മുതലായവ ഒഴിവാക്കുക. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ളതും അയഞ്ഞതും കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ വസ്ത്രങ്ങള്‍ ധരിക്കുക. കോട്ടന്‍ വസ്ത്രങ്ങളാണ് അഭികാമ്യം. സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ കുട ഉപയോഗിക്കുക. സണ്‍/കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് ചൂടില്‍നിന്ന് സംരക്ഷണം നല്‍കും.

താപ ശരീര ശോഷണം

താപ ശരീര ശോഷണം

കനത്ത ചൂടില്‍ ശരീരത്തില്‍നിന്നു ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്. ചൂടുള്ള കാലാവസ്ഥയില്‍ ശക്തിയായ വെയിലത്തു ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്ത സമ്മര്‍ദം മുതലായ മറ്റു രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് അധികമായി കണ്ടു വരുന്നത്. താപ ശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീ വലിവ്, ശക്തിയായ ക്ഷീണം, തല കറക്കം, തലവേദന, ഛര്‍ദി, ബോധം നഷ്ടപ്പെടുക എന്നിവയാണ്. ശരീരം തണുത്ത അവസ്ഥയിലും നാഡീ മിടിപ്പ് ശക്തി കുറഞ്ഞു വേഗത്തിലുള്ളതും ശ്വസന നിരക്ക് വര്‍ദ്ധിച്ച തോതിലും ആയിരിക്കും. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപ ശരീര ശോഷണം അപകടമായേക്കും.

 തളര്‍ച്ച അനുഭവപ്പെട്ടാല്‍

തളര്‍ച്ച അനുഭവപ്പെട്ടാല്‍

ജോലി ചെയ്യുന്ന വെയിലുള്ള സ്ഥലത്ത് നിന്ന് വെയിലേല്‍ക്കാത്ത സ്ഥലത്തേക്ക് മാറുക. വിശ്രമിക്കുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, വീശുക, ഫാന്‍,എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം വെള്ളം കുടിക്കുക. കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റി കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കഴിയുന്നതും വേഗം വൈദ്യ സഹായം തേടുക. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക,ദാഹം തോന്നിയില്ലെങ്കില്‍ പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2 - 4 ഗ്ലാസ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞി വെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കുക. വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക. ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞു മൂന്നുവരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും , വൈകിട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക. ധാരാളം വെള്ളം കുടിക്കുക. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. ഡോക്ടറെ കണ്ട് ചികിത്സ തേടുക

 രോഗങ്ങളെ പ്രതിരോധിക്കാന്‍

രോഗങ്ങളെ പ്രതിരോധിക്കാന്‍

ചൂടുകാലത്ത് പ്രത്യേകിച്ച് കുട്ടികളില്‍ വിയര്‍പ്പു മൂലം ശരീരം ചൊറിഞ്ഞു തിണര്‍ക്കുന്നതു കാണാറുണ്ട്. കുട്ടികളില്‍ കഴുത്തിലും നെഞ്ചിനു മുകളിലുമാണു കൂടുതല്‍ കാണപ്പെടുന്നത്. ചിലര്‍ക്ക് കാലിന്റെ ഒടിയിലും കക്ഷത്തിലും പ്രത്യക്ഷമാകാം. സ്ത്രീകളില്‍ മാറിടത്തിന് താഴെയും ഇതുണ്ടാകാറുണ്ട്. അധികം വെയില്‍ ഏല്‍ക്കാതെ നോക്കുക, തിണര്‍പ്പ് ബാധിച്ച ശരീര ഭാഗങ്ങള്‍ എപ്പോഴും ഉണങ്ങിയ അവസ്ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക.

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതു മൂലം പേശീ വലിവ് (ഹീറ്റ് ക്രാംപ്‌സ്) ഉണ്ടാകാം. വെയിലത്ത് പണിയെടുക്കുന്നത് നിര്‍ത്തി തണുപ്പുള്ള സ്ഥലത്തേക്ക് മാറുക. വെള്ളം പ്രത്യേകിച്ച്, ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാ വെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ധാരാളം കുടിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.

കൊടുംചൂട്, മത്സ്യലഭ്യത കുറയുന്നു

കൊടുംചൂട്, മത്സ്യലഭ്യത കുറയുന്നു

കേരളത്തിലെ കൊടുംചൂട് മൂല്യം മത്സ്യലഭ്യത കുറയുന്നു. മത്തിയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. മീന്‍ വില വര്‍ദ്ധിച്ചു. മത്സ്യത്തൊഴിലാളികള്‍ വറുതിയില്‍. ഉള്‍ക്കടലില്‍ 2 ഡിഗ്രിയെങ്കിലും തീവ്രത കൂടും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഫെബ്രുവരിയില്‍ തന്നെ ചൂട് കത്തിക്കയറിയതോടെ മത്സ്യബന്ധന മേഖല വറുതിയിലായി. സമുദ്രോപരിതലത്തിലെ ചൂട് പൂജ്യം ദശാംശം ആറ് മുതല്‍ പൂജ്യം ദശാംശം എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിച്ചതായാണ് കേന്ദ്രസമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ പഠനറിപ്പോര്‍ട്ട്. ഇതുമൂലം ജലോപരിതലത്തിലെ മത്സ്യലഭ്യത കുറഞ്ഞു. ആഴക്കടലിലും ചൂട് കൂടിയിട്ടുണ്ട്.

കേരളതീരങ്ങളില്‍ സമൃദ്ധമായിരുന്ന മത്തിയുടേയും അയലുടേയും ലഭ്യത വന്‍തോതില്‍ കുറഞ്ഞു. മറ്റു മത്സ്യങ്ങളുടെ ലഭ്യതയിലും ഇതാണ് അവസ്ഥ.ഇതോടെ മീന്‍വിലയും കൂടി. ഇതരസംസ്ഥാനങ്ങളില്‍നിന്ന് മത്സ്യമെത്തിയാലേ ആവശ്യത്തിന് തികയൂ എന്ന സ്ഥിതിയിലുമായി.

കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ അസഹനീയമായ ചൂടാണ് അനുഭവിക്കുന്നത്. ആഴക്കടലില്‍ നങ്കുരമിട്ട് മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് കൊടും ചൂട് ദുരിതമാവുകയാണ്. പുലര്‍ച്ചെ പോയി വൈകീട്ട് മടങ്ങിയിരുന്ന ബോട്ടുകള്‍ പലതും ചൂട് മൂലം ഇപ്പോള്‍ ഉച്ചയ്ക്ക് തന്നെ മടങ്ങിത്തുടങ്ങി.

പാലക്കാട് താപനില 40 ഡിഗ്രി

പാലക്കാട് താപനില 40 ഡിഗ്രി

പാലക്കാട് ജില്ലയില്‍ താപനില വീണ്ടും 40 ഡിഗ്രിയിലെത്തി. കുറഞ്ഞ താപനില 26 ഡിഗ്രിയും ആര്‍ദ്രത 40 ഡിഗ്രിയും രേഖപ്പെടുത്തി. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയിലെ താപമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഉയര്‍ന്ന ചൂട് 39 ഡിഗ്രിയായിരുന്നു. മലമ്പുഴയില്‍ 36.2 ഡിഗ്രിയാണ് ഉയര്‍ന്ന താപനില. കുറഞ്ഞ താപനില 24.8 ഡിഗ്രി. ആര്‍ദ്രത 41 ഡിഗ്രി. തമിഴ്‌നാട്ടില്‍നിന്ന് വാളയാര്‍ ചുരം വഴി വീശുന്ന വരണ്ട കാറ്റ് ചൂടും ഉഷ്ണവും വര്‍ധിപ്പിക്കുന്നു. കാടും മരങ്ങളും ചോലവനങ്ങളും കുറഞ്ഞതും ജില്ലയില്‍ ചൂട് കൂടുന്നതിന് കാരണമാണ്.

താപനില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചിക്കന്‍പോക്‌സ് പിടിപെടാന്‍ സാധ്യതയുളളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വായുവിലൂടെയാണ് വൈറസ് പകരുന്നത്. പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ആദ്യത്തെ ലക്ഷണങ്ങള്‍. തുടര്‍ന്ന് ശരീരത്തില്‍ ചെറിയ കുമിളകള്‍ രൂപപ്പെടും. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ശരീരത്തിലുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്. ധാരാളം വെള്ളം കുടിക്കണം. ഏത് ആഹാരവും കഴിക്കാം. ചിക്കന്‍പോക്‌സിന് പ്രതിരോധ കുത്തിവെയ്പ്പും ലഭ്യമാണ്.

ചൂട് വര്‍ധിക്കാന്‍ സാധ്യത

ചൂട് വര്‍ധിക്കാന്‍ സാധ്യത

കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍നിന്നും കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മോഡല്‍ അവലോകനം. നിലവിലെ അനുമാനപ്രകാരം രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ അഞ്ചിന് ശരാശരിയില്‍നിന്നും എട്ടു ഡിഗ്രിയില്‍ അധികം ചൂട് വര്‍ധിക്കാനും സാധ്യതയുണ്ട്.ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

Thrissur

English summary
kerala have to face hot climate in coming days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X