അരിവില കുറയുന്നു, ജയയ്ക്കും മട്ടയ്ക്കും വില ഇനിയും കുറഞ്ഞേക്കും
തൃശ്ശൂർ: അരിവില ഇനിയും കുറയുമെന്ന് വിപണി കേന്ദ്രങ്ങൾ സൂചന നൽകുന്നു. നിലവിലുള്ള അരിവിലയുടെ ഇടിവിന് പുറമേയാണ് ഇനി വരുന്ന വിലക്കുറവ്. ഗുണെം കുറഞ്ഞ ജയ അരിക്ക് നിലവിൽ പെരുമ്പാവൂരിലെ മൊത്ത വ്യാപാര വില അനുസരിച്ച് കിലോയ്ക്ക് 38 രൂപ വരെ താഴ്ന്നിട്ടുണ്ട്. കേരളത്തിൽ കിട്ടാൻ പ്രയാസമായിരുന്ന ജയ അരിയ്ക്ക് ക്ഷാമം വിട്ടപ്പോഴാണ് അരി വിലയിലും ഉപഭോക്താക്കൾക്ക് ആസ്വാസമാകുന്നത്. കേരളത്തിലെ ആകെ അരി ഉപഭോഗത്തിൽ 70 ശതമാനവും വെള്ള ജയ അരിയും ജ്യോതി മട്ടയുമാണ് ഉപയോഗിച്ചു വരുന്നത്.
കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിറ്റുവരവുള്ളത് ജയ അരിയ്ക്കാണ്. ജയ അരി കഴിഞ്ഞാൽ കേരളക്കരയിൽ ഏറ്റവും ഡിമാന്റുള്ളത് മട്ട അരിയ്ക്കാണ്. മട്ട അരിയ്ക്കും വിലയിടിഞ്ഞിട്ടുണ്ട്. ഉണ്ട മട്ട നിലവിൽ കിലോയ്ക്ക് 38 മുതൽ 43 വരെയാണ് വില വരുന്നത്. കഴിഞ്ഞ മാസം ഉണ്ട മട്ടയുടെ വില 40 രൂപയ്ക്കും 46 രൂപയ്ക്കും ഇടയിലായിരുന്ന സന്ദർഭം ഉണ്ടായിരുന്നു. അതേ സമയം ഇനം മട്ടയുടെ ഗുണനിലവാരം അനുസരിച്ച് വില 49 മുതൽ 53 വരെയായിട്ടുണ്ട്. കേരളത്തിൽ കുറുവ അരിയ്ക്കും ഉപഭോക്താക്കളുണ്ട്. കുറുവ അരി കിലോയ്ക്ക് നേരത്തെയുള്ള 45 രൂപയിൽ നിന്ന് 3 രൂപ കുറഞ്ഞ് 53 രൂപയായിട്ടുണ്ട്.

ജയ അരി കേരളത്തിലേക്ക് എത്തുന്നത് ആന്ധ്രാപ്രദേശിൽ നിന്നാണ്. എന്നാൽ ആന്ധ്രാപ്രദേശ് സർക്കാർ നെല്ലു സംഭരണം തുടങ്ങിയതോടെ പൊതുവിപണിയിലേക്കും അരിയും നെല്ലും വരുന്നത് കുറഞ്ഞു. കർണാടകയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന ജ്യോതി അരിയാകട്ടെ ശ്രീലങ്കയിലേക്ക് കയറ്റുമതി തുടങ്ങി. ഇതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് കുറഞ്ഞു. ഇതോടെ ജയയുടെയും മട്ടയുടെയും വില കുത്തനെ ഉയരുകയായിരുന്നു.
കേരളത്തിലെ കണക്കുകളനുസരിച്ച് 1 വർഷം ഏതാണ്ട് 40 ലക്ഷം ടൺ അരിയാണ് മലയാളികൾക്ക് ആവശ്യമുള്ളത്. റേഷൻ കടകൾ വഴി 16 ലക്ഷം ടൺ അരിയും പൊതുവിപണിയിലൂടെ 24 ലക്ഷം ടൺ അരിയുമാണ് ഇങ്ങോട്ടേക്ക് എത്തിക്കുന്നത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്നത് 6 ലക്ഷം ടൺ അരിയാണ്. ഇത് റേഷൻ കടകൾ വഴിയാണ് വിതരണം ചെയ്യുന്നത്.












Click it and Unblock the Notifications