തദ്ദേശ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടും, തൃശൂരില്‍ ഇടത് തരംഗമെന്ന് വിഎസ് സുനില്‍ കുമാര്‍
തൃശൂര്‍: ഇത്തവണ കേരളത്തില്‍ ഇടതുതരംഗം തന്നെയുണ്ടാവുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതിന്റെ തുടക്കം കാണാം. എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് മന്ത്രി വ്യക്തമാക്കി. കൃത്രിമ ആരോപണങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫിന്റെ സ്വീകാര്യത ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോടുള്ള സ്വീകാര്യതയായിരിക്കും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും മന്ത്രി പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യം മുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നെല്ലാം വ്യക്തമായിരുന്നു. സര്‍ക്കാരിനെതിരെയും മുന്നണിക്കെതിരെയും കൃത്രിമമായിട്ടുള്ള ആരോപണങ്ങള്‍ മാത്രമാണ് ഉള്ളത്. അതൊന്നും ജനങ്ങളില്‍ പ്രകടമല്ല. എല്‍ഡിഎഫിന്റെ പദ്ധതികളെല്ലാം ജനങ്ങള്‍ ഏറ്റെടുത്തതാണ്. ഇത് തകര്‍ക്കുകയാണ് യുഡിഎഫിന്റെ ഏക ലക്ഷ്യം. ഈ തിരഞ്ഞെടുപ്പില്‍ അവര്‍ പ്രവര്‍ത്തിച്ചതും അതിന് വേണ്ടിയാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.
നാലര വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത് കൊണ്ടിരിക്കുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേപ പദ്ധതികളും കേരളത്തിലെ ജനങ്ങളെ സംതൃപ്തരാക്കിയിട്ടുണ്ട്. ഈ കള്ളപ്രചാരണങ്ങളൊന്നും ഒരിക്കലും ഈ തിരഞ്ഞെടുപ്പിനെ ബാധിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് കഴിഞ്ഞ തവണ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നതിനേക്കാള്‍ മികച്ച മുന്നേറ്റം ഇത്തവണയുണ്ടാവും. അത് ഇടതുപക്ഷത്തിന്റെ വികസനത്തിനുള്ള അംഗീകാരമായിട്ടാണ് ലഭിക്കുക.
തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ അഞ്ച് കൊല്ലം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കും. ഇവിടെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ ഒഴിച്ച് ബാക്കിയെല്ലാം എല്‍ഡിഎഫ് ഭരിക്കുന്നവയാണ്. ജില്ലാ പഞ്ചായത്തില്‍ 2010, 2005 ഒഴികെയുള്ള സമയങ്ങളിലെല്ലാം എല്‍ഡിഎഫാണ് വിജയിച്ചിട്ടുള്ളത്. ഇത്തവണ ജില്ലാ പഞ്ചായത്തുകള്‍ അടക്കമുള്ള എല്ലായിടത്തും ഇടതുപക്ഷത്തിന് വ്യക്തമായ മുന്നേറ്റമുണ്ടാകും. ഈ തിരഞ്ഞെടുപ്പ് എല്‍ഡിഎഫിനെ സംബന്ധിച്ച് ഒരാശങ്കയുമില്ല. തൃശൂര്‍ തൂത്തുവാരുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications