വെന്തുരുകി തൃശൂരും പാലക്കാടും: താപനില 41 ഡിഗ്രി,പാലക്കാട് പരിക്കേറ്റത് 16പേര്‍ക്ക്!! വെയിലത്തിറങ്ങു
തൃശൂര്‍: തുടര്‍ച്ചയായി മൂന്നാം ദിവസവും തൃശൂരും പാലക്കാടും വന്‍ ചൂട് രേഖപ്പെടുത്തി. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. സൂര്യാതപം മൂലം പൊള്ളല്‍ ഏല്‍ക്കുന്നവരുടെ എണ്ണത്തിലും നിത്യേന വര്‍ധനവ് ഉണ്ടാവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നാലുപേര്‍ക്കാണ് പൊള്ളലേറ്റത് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇന്നലെ പാലക്കാട് ജില്ലയില്‍ 15 പേര്‍ക്ക് സൂര്യാതപമേറ്റു. അതേസമയം, ഔദ്യോഗിക കണക്കു പ്രകാരം എട്ടു പേര്‍ക്കാണ് സൂര്യാതപം ഏറ്റിട്ടുള്ളത്. തൃശൂരില്‍ ഒരാള്‍ക്കും സൂര്യാതപമേറ്റു.
മിഷന് ശക്തി പ്രഖ്യാപനം: നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
മുണ്ടൂര്‍ ഐ.ആര്‍.ടി.സിയിലെ താപമാപിനിയിലാണ് ഇന്നലെയും താപനില 41 ഡിഗ്രിയിലെത്തിയത്. കുറഞ്ഞ താപനില 27 ഡിഗ്രിയും ആര്‍ദ്രത 34 ശതമാനവുമാണ്. ചൊവ്വാഴ്ച 38.2 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ മലമ്പുഴ ഡാം പരിസരത്ത് ഇന്നലെ 40.2 ഡിഗ്രിയായിരുന്നു ഉയര്‍ന്ന ചൂട്. കുറഞ്ഞ ചൂട് 26.3 ഡിഗ്രി. ആര്‍ദ്രത 19 ശതമാനം. ഇക്കഴിഞ്ഞ ഞായറാഴ്ചയും മലമ്പുഴയില്‍ 40.2 ചൂട് രേഖപ്പെടുത്തിയിരുന്നു. പട്ടാമ്പിയില്‍ കൂടിയ ചൂട് 37.2 ഡിഗ്രിയും കുറഞ്ഞ ചൂട് 24.2 ഡിഗ്രിയും രേഖപ്പെടുത്തി. രാവിലെ 90 ശതമാനവും വൈകുന്നേരം 44 ശതമാനവുമായിരുന്നു ആര്‍ദ്രത.

12 പേര്‍ക്ക് സൂര്യതപമേറ്റു
കനത്ത ചൂട് തുടരുന്നതിനിടെ ജില്ലയില്‍ ഇന്നലെ മാത്രം 12 പേര്‍ക്കാണ് സൂര്യാതപമേറ്റത്. പട്ടാമ്പി സ്വദേശി സിദ്ധിക്ക് (55), തൃത്താല സ്വദേശി അഫിയ (ഏഴ്), ഷൊര്‍ണൂര്‍ സ്വദേശികളായ സുരേഷ് ബാബു (42), കൃപ (25), കുമരംപുത്തൂരിലെ ജസ്റ്റിന്‍ (35), ഓങ്ങല്ലൂരിലെ മുഹമ്മദ് നൗഫല്‍ (29), പുതുനഗരം സ്വദേശി നിയാസ് (30), മുതുതല സ്വദേശി ഗോപാലന്‍ (58), വടവന്നൂര്‍ കൗണ്ടന്‍ കൊളുമ്പ് ചന്ദ്രന്റെ മകന്‍ മണി (40), മംഗലംഡാം വീട്ടില്‍ക്കല്‍ കടവ് ഏലാന്തറ എം.കെ. ഉണ്ണികൃഷ്ണന്റെ ഭാര്യ ലളിത (57), കിഴക്കഞ്ചേരി ചെറുകുന്നം പൊന്മലയുടെ മകന്‍ നിതിന്‍ (23), തൃത്താല പരുതൂരില്‍ അബ്ദുല്‍ മനാഫ് എന്നിവര്‍ക്കാണ് ഇന്നലെ പൊള്ളലേറ്റത്.

ജോലിക്കിടെ പരിക്കേറ്റു
ലോഡിംഗ് തൊഴിലാളിയായ മണിക്ക് ഇന്നലെ ഉച്ചയ്ക്ക് തൊഴിലിനിടെയാണ് സൂര്യാതപമേറ്റത്. വലതു കൈയ്യുടെ മുട്ടിനു വശത്തും കഴുത്തിനും ശരീരത്തിന്റെ പുറകിലും പൊള്ളലേറ്റ പാടുണ്ട്. വടവന്നൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. സ്വന്തം വീടിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അബ്ദുല്‍ മനാഫിന് പൊള്ളലേറ്റത്. സ്ഥലത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചു.

മൂന്ന് ഡിഗ്രിവരെ ഉയരും
ജില്ലയില്‍ ഇന്നും മൂന്നു ഡിഗ്രി വരെ ചൂട് വര്‍ധിക്കാന്‍ സാധ്യതയുളളതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് 12 മണിക്കു ശേഷം പുറത്ത് തൊഴിലെടുക്കരുതെന്നു കര്‍ശന നിര്‍ദേശമുണ്ട്. മാര്‍ച്ചില്‍ തന്നെ കൊടുംചൂടിന്റെയും കുടിവെള്ള ക്ഷാമത്തിന്റെയും പകര്‍ച്ച വ്യാധികളുടെയും പിടിയിലാണ് ജില്ല. വേനല്‍ കനക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്ഥിതി രൂക്ഷമാകുമെന്നും ആശങ്കയുണ്ട്.

ഒരുമനയൂരില്‍ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു
ചാവക്കാട് ഒരുമനയൂരില്‍ വീട്ടമ്മയ്ക്ക് സൂര്യപ്രകാശമേറ്റ് പൊള്ളലേറ്റു. ഒരുമനയൂര്‍ ഒന്‍പതാം വാര്‍ഡില്‍ മുനയ്ക്കക്കടവ് പയ്യാക്കല്‍ സുരന്റെ ഭാര്യ ഇന്ദിര(40)യ്ക്കാണ് രണ്ടു കൈക്കും കഴുത്തിലും പൊള്ളലേറ്റത്. വെള്ളം എടുക്കുന്നതിനായി ഏറെനേരം വെയില്‍കൊണ്ടുനിന്ന ഇന്ദിര വീടിനകത്തേക്ക് കയറിയ ഉടന്‍ ശരീരത്തില്‍ പൊള്ളല്‍ അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ഒരുമനയൂര്‍ മുത്തമ്മാവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സയ്ക്ക് വിധേയമായി. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആഷിത കുണ്ടിയത്ത്, പഞ്ചായത്തംഗം ഹംസക്കുട്ടി എന്നിവരും ആരോഗ്യപ്രവര്‍ത്തകരും ഇന്ദിരയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം മണത്തല ബി.ബി.എല്‍.പി. സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചുവയസുകാരനും വെയിലേറ്റ് നെഞ്ചില്‍ പൊള്ളലേറ്റിരുന്നു.
വേനല്‍ ചൂട്, വടക്കഞ്ചേരിയില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. കനത്ത ചൂടിനെ തുടര്‍ന്ന് വടക്കഞ്ചേരി മേഖലയില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു.മംഗലംഡാം വീട്ടില്‍ക്കല്‍ കടവ് ഏലാന്തറ എം കെ ഉണ്ണികൃഷ്ണന്റെ ഭാര്യ ലളിത (57) യ്ക്കാണ് പൊള്ളറ്റേത്. കൈകള്‍ക്ക് പൊള്ളലേറ്റ ഇവര്‍ മംഗലംഡാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്വകാര്യ കുറി കമ്പനി ജീവനക്കാരനായ കിഴക്കഞ്ചേരി ചെറുകുന്നം പൊന്മല മകന്‍ നിതിന്‍ (23)നാണ് പൊള്ളലേറ്റത്. കൈകള്‍ക്ക് പൊള്ളലേറ്റ നിതിന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

അഗ്‌നിരക്ഷാ സേനാംഗത്തിന് സൂര്യതപമേറ്റു
അഗ്‌നിരക്ഷാ സേനാംഗത്തിന് സൂര്യതാപമേറ്റ് കഴുത്തിലെ തൊലി അടര്‍ന്നു.ആലത്തൂര്‍ അഗ്‌നിരക്ഷാ സേനാ വിഭാഗത്തിലെ ഫയര്‍മാന്‍ വണ്ടാഴി ചെമ്പോട് പാലമുക്ക് ആര്‍. രാഹുലിന്റെ(29) കഴുത്തില്‍ വലുതുഭാഗത്താണ് പൊള്ളലേറ്റത്. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജോലിക്കെത്തിയപ്പോള്‍ കഴുത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടു.ആലത്തൂര്‍ താലൂക്കാശുപത്രിയെത്തി പരിശോധിച്ചപ്പോള്‍ സൂര്യതാപമേറ്റതാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ആറ് തീപിടുത്ത രക്ഷാദൗത്യത്തില്‍ പങ്കെടുത്ത രാഹുല്‍ ചൊവ്വാഴ്ച അവധിയിലായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ