'ആദ്യം വിശ്വസിച്ചില്ല, ട്രെയിന്‍ മറിഞ്ഞു, പാളം തെറ്റിയെന്നും പറഞ്ഞു'; ആ ഫോണ്‍ കോളിനെ കുറിച്ച് രതീഷ്
തൃശൂര്‍: കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശിയായ രതീഷിനെ തേടി ഒരു ഫോണ്‍ കോള്‍ എത്തിയിരുന്നു. ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റിയ വിവരമായിരുന്നു ആ ഫോണ്‍ കോളിലുണ്ടായിരുന്നത്. തൃശൂര്‍ അന്തിക്കാട് സ്വദേശിയായ രതീഷിന്റെ തൊഴിലാളികള്‍ ക്ഷേത്ര നിര്‍മ്മാണ ജോലിക്കായി കൊല്‍ക്കത്തയിലേക്ക് പോയിരുന്നു. എട്ട് പേരില്‍ നാല് പേര്‍ കഴിഞ്ഞ ദിവസം നാട്ടിലെട്ടിയിരുന്നു. ബാക്കിയുണ്ടായിരുന്ന നാല് പേര്‍ ഇന്നലെ അപകടത്തില്‍പ്പെട്ട ട്രെയിനിലെ യാത്രക്കാരായിരുന്നു.
ഈ കൂട്ടത്തിലുള്ള ഒരാളാണ് അപകടത്തെ കുറിച്ച് വിളിച്ച് പറയുന്നത്. ഇന്നലെ വൈകീട്ട് അറരയോടെയാണ് സംഭവം ഞാന്‍ അറിയുന്നത്. അവരുടെ കൂട്ടിലുള്ള ഒരാള്‍ ട്രെയിന്‍ മറിഞ്ഞു, പാളം തെറ്റി എന്നൊക്കെ പറഞ്ഞു. കൂട്ടത്തിലുള്ളവരെ കാണാനില്ലെന്ന് പറഞ്ഞാണ് വിളിച്ചത്. പറയുന്നത് വിശ്വസിക്കണോ എന്നാണ് ആദ്യം ചിന്തിച്ചതെന്ന് രതീഷ് പറഞ്ഞു.

'റെയില്‍വെ ഉദ്യോഗസ്ഥനെ വിളിച്ചപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്ന മറ്റുള്ളവരും വിളിച്ചു. അപകട സ്ഥലത്തേക്ക് പോകാന്‍ പേടിച്ച് അവര്‍ അടുത്തുള്ള ഒരു വീട്ടില്‍ കയറുകയായിരുന്നു. നിസാര പരിക്കുകളാണുള്ളത്. അവരിപ്പോള്‍ ആശുപത്രിയിലാണുള്ളത്'- രതീഷ് പറഞ്ഞു.
കണ്ടശാങ്കടന് സ്വദേശിയായ കിരണ്‍, വിജേഷ്, വൈശാഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോറമണ്ഡല്‍ ട്രെയിനിലെ സ്ലീപ്പര്‍ കമ്പാട്ടുമെന്റില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്ന് അപകടത്തില്‍പ്പെട്ടവരില്‍ കിരണ്‍ പറഞ്ഞു. പെട്ടന്നാണ് അപകടമുണ്ടായത്. എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് പുറത്തേക്കിറങ്ങിയത്. കമ്പാട്ടുമെന്റില്‍ ഒപ്പം യാത്ര ചെയ്യുകയായിരുന്ന മറ്റ് ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ മൂന്ന് പേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് ഞങ്ങള്‍ രക്ഷപ്പെട്ടതെന്നും കിരണ്‍ പറഞ്ഞു.
തൃശൂര്‍ അന്തിക്കാട് സ്വദേശികളായ എട്ട് പേരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൊല്‍ക്കത്തയിലേക്ക് പോയത്. ഇവരില്‍ നാല് പേരാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ നാല് പേരും സമീപത്തിലുള്ള വീട്ടില്‍ അഭയം തേടി. അതിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. തലയ്ക്കും മുഖത്തിനും പരിക്കേറ്റ നാല് പേരുടെയും നില ഗുരുതരമല്ല.












Click it and Unblock the Notifications