ചരിത്രം കുറിച്ച് ഒരു വാഹനപൂജ; രവി പിള്ളയുടെ ഏറ്റവും പുതിയ ഹെലികോപ്റ്ററിന് ഗുരുവായൂരില്‍ വാഹനപൂജ
ഗുരുവായൂര്‍ : ഒരു പുതിയ വാഹനം സ്വന്തമാക്കിയാല്‍ അത് ക്ഷേത്രത്തില്‍ എത്തിച്ച് പൂജ ചെയ്യുന്നവര്‍ നിരവധിയാണ്. സ്‌കൂട്ടര്‍ മുതല്‍ ബസുകള്‍ വരെ വാഹനങ്ങള്‍ ക്ഷേത്രത്തിനടത്ത് വച്ച് പൂജയും കഴിഞഞ് മാലയണിഞ്ഞ് മടങ്ങാറാണ് പതിവ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അതിന് വേണ്ടി നിരവധി വാഹനങ്ങള്‍ എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസസത്തെ വാഹനപൂജ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. കാരണം ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു വാഹനപൂജ നടക്കുന്നത് .
ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ബി രവിപിള്ളയുടെ ആഡംബര ഹെല്‌കോപ്റ്ററാണ് വാഹന പൂജയ്ക്കായി എത്തിയത്. ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിലാണ് വാഹനപൂജ നടന്നത് . 100 കോടിയോളം രൂപ മുടക്കി വാങ്ങിയ ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കുന്നത് രവി പിള്ളയാണ് .

എച്ച് 145 ഡി 3 എയര്‍ ബസ് എന്ന ഹെലികോപ്റ്ററാണ് വൈകിട്ട് മൂന്നിന് അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ലാന്‍ഡ് ചെയ്തത്. ഹെലികോപ്റ്ററിനു മുന്നില്‍ നിലവിളക്കുകള്‍ കൊളുത്തി നാക്കിലയില്‍ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം ഓതിക്കനും മുന്‍ മേല്‍ശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരിയാണ് പൂജ നിര്‍വഹിച്ചത് . ആരതിയുഴിഞ്ഞ് മാല ചാര്‍ത്തി കളഭം തൊടീച്ച് വാഹനപൂജ പൂര്‍ത്തിയാക്കി .
അതേസമയം, എയര്‍ ബസ് നിര്‍മിച്ച ഹെലികോപ്റ്റര്‍ ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ വാങ്ങുന്നത്. ലോകത്താകെ 1500 എയര്‍ബസ് എച്ച് 145 ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത് . കടല്‍ നിരപ്പില്‍ നിന്ന് 20000 അടി ഉയരത്തിലുള്ള പ്രതലങ്ങളില്‍ പോലും അനായാസമായി ഇറങ്ങാനും പറന്നുയരാനും കഴിയും എന്നതാണ് എച്ച്145 ന്റെ ഏറ്റവും വലിയ പ്രത്യേകത. പൈലറ്റിനെ കൂടാതെ 7 പേര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാനാവുക .
കൊല്ലത്ത് നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററില്‍ കൊച്ചി വരെ നടന്‍ മോഹന്‍ലാലും ഉണ്ടായിരുന്നു. എയര്‍ബസ് വാങ്ങിയതിനു ശേഷം പൂജയ്ക്കായി ഗുരുവായൂരിലേക്കാണ് താന്‍ ആദ്യയാത്ര നടത്തിയതെന്ന് രവിപിള്ള പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനു ശേഷം രവി പിള്ളയും മകനും ഇന്നു രാവിലെ ഹെലികോപ്റ്ററില്‍ കൊച്ചിയ്ക്കു മടങ്ങി. അതുവരെ ഹെലികോപ്റ്റര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ കനത്ത സുരക്ഷയില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു . ഹെലികോപ്റ്റര്‍ പറന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു .












Click it and Unblock the Notifications