സസ്‌പെന്‍ഷനിലായ സിഐ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു; തടഞ്ഞ് ഫയര്‍ഫോഴ്‌സ്

തൃശൂര്‍: സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ലിപിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാറില്‍ 20 ലിറ്റര്‍ പെട്രോളുമായി എത്തി തീ കൊളുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും സോപ്പുവെള്ളം ചീറ്റിച്ചത്തോടെ തീ കൊളുത്താനുള്ള ശ്രമം പാളിപ്പോയി.
ഇന്‍സ്‌പെക്ടറെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം സ്വദേശിയാണ് ലിപി. മുതിര്‍ന്ന പൗരന്മാരോട് അപമര്യാദയായി പെരുമാറിയതിന് വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ മുതല്‍ സഹപ്രവര്‍ത്തകരോട് ആത്മഹത്യ ചെയ്യുമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ ഡി വൈ എസ് പി, സി ഐ എവിടെയാണെന്ന ടവര്‍ ലൊക്കേഷന്‍ നോക്കി കണ്ടെത്തുകയായിരുന്നു. തൃശൂര്‍ ഭാഗത്തേക്ക് കാറില്‍ വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒല്ലൂര്‍, പുതുക്കാട് സി ഐമാരോട് വാഹനം തടഞ്ഞു നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
സി ഐയെ കാത്ത് ടോള്‍ പ്ലാസയില്‍ കാത്തുനില്‍ക്കുമ്പോഴാണ് സി ഐ കാറില്‍ അവിടെ എത്തിയത്. ഉടന്‍ തന്നെ പൊലീസ് കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഈ സമയത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. തീ കൊളുത്തുമെന്ന ഘട്ടം വന്നപ്പോള്‍ ഫയര്‍ഫോഴ്‌സ് ഗ്ലാസ് പൊട്ടിച്ച് വെള്ളം അകത്തേക്ക് ചീറ്റുകയായിരുന്നു. സി ഐയെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications