ശബരിമല വിഷയം: ഹര്‍ത്താല്‍ ആഹ്വാനം ജനം അവഗണിച്ചു, ഹൈന്ദവ സംഘടനകള്‍ക്ക് തിരിച്ചടി!
തൃശൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്‌നത്തില്‍ ചില ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ജില്ലയില്‍ ജനം അപ്പാടെ തള്ളി. ഹര്‍ത്താലിന്റെ പ്രതീതി പോലും അവശേഷിക്കാതെ സാധാരണ ദിവസമായിരുന്നു ഇന്നലെയും ജില്ലയില്‍. ഹര്‍ത്താല്‍ പ്രഖ്യാപനം ആശങ്ക സൃഷ്ടിച്ചെങ്കിലും പൊതു ഗതാഗതം അടക്കമുള്ള ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടായില്ല. വ്യാപാര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയുമടക്കം എല്ലാ വാഹനങ്ങളും പതിവുപോലെ സര്‍വീസ് നടത്തി. ഒരിടത്തും അനിഷ്ട സംഭവങ്ങള്‍ക്ക് ഇടയുണ്ടായില്ല. പോലീസ് ശക്തമായ നടപടിക്ക് മുന്നറിയിപ്പ് നല്‍കിയത് ജനങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയത്.
തലേന്ന് തന്നെ പോലീസ് വലിയ സന്നാഹമാണ് ജില്ലയില്‍ ഒരുക്കിയിരുന്നത്. വാഹനങ്ങള്‍ തടയുകയോ കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ജാമ്യം ലഭിക്കാന്‍ വഴിയില്ലാതെ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ അനുമതിയില്ലാതെ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായി നടപടി ഉണ്ടാകുമെന്നും പോലീസ് മുന്നറിയപ്പ് നല്‍കിയിരുന്നു. ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകള്‍ ഹര്‍ത്താലിനെതിരെ രംഗത്തുവന്നതും ഹര്‍ത്താല്‍ പരാജയപ്പെടാന്‍ കാരണമായി.

ഗുരുവായൂര്‍ ക്ഷേത്ര നഗരി അടക്കമുള്ള ഇടങ്ങളില്‍ ഹര്‍ത്താല്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല. ശ്രീരാമസേന അടക്കമുള്ള ഏതാനും ചെറു സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരുന്നത്. എന്നാല്‍ ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും ആര്‍എസ്എസുമെല്ലാം ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിനെ ശക്തമായി നേരിടുമെന്നും നിര്‍ബന്ധിതമായി കടകളടപ്പിക്കുകയോ വാഹന ഗതാഗതം തടസപ്പെടുത്തുകയോ ജനജീവിതം ദുസ്സഹമാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചതിനാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനങ്ങളും പ്രചരണങ്ങളും താരതമ്യേന കുറവായിരുന്നു. ഇതിനിടെ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടന വേദി കേരളം എന്ന പേരില്‍ ചില സ്ഥലങ്ങളില്‍ നോട്ടീസ് വിതരണം നടത്തിയത് സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
മുന്‍ കരുതല്‍ നടപടിയായി പോലീസ് ശ്രീരാമസേനയുടെ ഭാരവാഹിയടക്കം ചിലരെ കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു. പ്രശ്‌ന സാധ്യതാ കേന്ദ്രങ്ങളില്‍ പോലീസ് പ്രത്യേകം ക്യാമ്പ് ചെയ്തിരുന്നു.












Click it and Unblock the Notifications