തൃശൂര്‍ ജില്ലയില്‍ വന്‍നാശം വിതച്ച് മഴ തുടരുന്നു: വ്യാപക കൃഷിനാശം, ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി
Recommended Video

തൃശൂര്‍: ജില്ലയില്‍ വന്‍നാശം വിതച്ച് മഴ തുടരുന്നു. മലയോര മേഖലയില്‍ വന്‍ കൃഷിനാശമുണ്ടായതോടെ കര്‍ഷകര്‍ ദുരിതത്തിലായിട്ടുണ്ട്. ചാലക്കുടി, മണലി പുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് രണ്ടുഡസനിലേറെ വീടുകളാണ് തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടുപോയത്. കൂടപ്പുഴയില്‍ ചാലക്കുടി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട എട്ടുവീട്ടുകാരെ രക്ഷപ്പെടുത്തി. ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
മണലിപുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കല്ലൂര്‍പാടം മേഖലയിലെ 17 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ദേശമംഗലത്ത് ഭാരതപ്പുഴ കരകവിഞ്ഞു. പെട്ടെന്ന് വെള്ളംകയറുകയായിരുന്നു. തുടര്‍ന്ന് വന്‍കൃഷി നാശമുണ്ടായി. ഇവിടെ ഒഴുക്ക് ശക്തമായാല്‍ അടുത്തുള്ള വീട്ടുകാരെ മാറ്റിപാര്‍പ്പിക്കും. അതിരപ്പിള്ളിയില്‍ കഴിഞ്ഞ 16 വര്‍ഷത്തിലേക്കും ഏറ്റവും വലിയ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. തൊട്ടടുത്ത തുമ്പൂര്‍മുഴി ഡാമിലടക്കം സഞ്ചാരികള്‍ക്കുള്ള പ്രവേശനനിരോധനം തുടരും. തുമ്പൂര്‍മുഴിയില്‍ പ്രവേശനം അനുവദിച്ചാലും തൂക്കുപാലത്തില്‍ സുരക്ഷാപരിശോധനയ്ക്കു ശേഷമേ സന്ദര്‍ശകരെ കയറ്റൂ. കാറ്റടിച്ചു പാലം ഉലഞ്ഞിരുന്നു. ഇടമലയാര്‍-ഇടുക്കി ഡാംതുറന്നതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന ലോകമലേശ്വരം, മേത്തല, പുല്ലൂറ്റ് മേഖലയില്‍ താമസിക്കുന്നവര്‍ക്ക് കലക്ടര്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

പെരിയാറിന്റെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വൃഷ്ടിപ്രദേശത്ത് മഴവെള്ളം കുറഞ്ഞതിനെതുടര്‍ന്ന് പീച്ചിഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് 12 ഇഞ്ചായി കുറച്ചു. കുതിരാന്‍ മേഖലയിലെ മണ്ണിടിച്ചില്‍ ശക്തമായി. ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഏതുസമയത്തും തുറക്കും. വെള്ളിയാഴ്ച നടത്താനിരുന്ന വിര വിമുക്തിദിന പരിപാടി മാറ്റിവച്ചു. കാലവര്‍ഷക്കെടുതി ബാധിച്ച തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഇന്ന് കേന്ദ്രസംഘം സന്ദര്‍ശിക്കും. രാവിലെ ഒമ്പതു മണിക്ക് ലുലു ഇന്റര്‍നാഷണലില്‍ കലക്ടര്‍ ടി.വി. അനുപമയുമായി സംഘം കൂടിക്കാഴ്ച്ച നടത്തും.
കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഡയറക്ടര്‍ ബി.കെ. ശ്രീവാസ്തവ, ഊര്‍ജവകുപ്പ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ നാര്‍സിറാം മീണ, ഗതാഗതമന്ത്രാലയം റീജ്യണല്‍ ഒഫീസര്‍ വി.വി. ശാസ്ത്രി എന്നിവര്‍ അടങ്ങിയ കേന്ദ്രസംഘം സംഘം രണ്ടായി തിരിഞ്ഞാണ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. തുടര്‍ന്ന് എറണാകുളത്തേയ്ക്ക് തിരിക്കും. രാവിലെ 10 മണിമുതല്‍ വൈകീട്ട് 5 മണിവരെയാണ് സന്ദര്‍ശനം. കേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി സെക്ഷന്‍ ഓഫീസര്‍ സിജി എം. തങ്കച്ചന്‍ കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസറായി അനുഗമിക്കും.












Click it and Unblock the Notifications