ബൈക്ക് സ്റ്റാർട്ടാക്കാൻ സഹായം നീട്ടി പൊലീസ്; ഒടുവിൽ 'ഉടമ' കസ്റ്റഡിയില്‍, രാത്രി 1 മണിയിലെ ട്വിസ്റ്റ്
തൃശൂര്‍: കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ഒരു ബൈക്ക് മോഷണത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബൈക്കുമായി തള്ളി പോകുന്ന യുവാവിന്റെ അടുത്തേക്ക് ജനമൈത്രി പൊലീസ് എത്തിയപ്പോഴാണ് ഒരു മോഷണകഥയുടെ ചുരുള്‍ അഴിച്ചത്. പുലര്‍ച്ചെ ഒരു മണിക്ക് ബൈക്ക് തള്ളിപ്പോകുന്ന യുവാവിന്റെ അടുത്തേക്ക് പൊലീസ് എത്തുകയായിരുന്നു. ഈ മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ.
'നിങ്ങളെ പോലൊരു സുന്ദരിയെ ഒരു ബിഗ് ബോസ് സീസണും കണ്ടിട്ടില്ല'; നിങ്ങൾ പൊളിയാണ് റിതു

നഗരത്തിലെ ഇടവഴികളിലൂടെ നൈറ്റ് പട്രോളിങ്ങ് നടത്തുകയായിരുന്നു ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ എന്‍.ബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു കെ.വി, മുഹമ്മദ് റാഫി.എച്ച് എന്നിവര്‍. വെളിയനൂര്‍ ഭാഗത്ത് എത്തിയപ്പോള്‍ ഒരു യുവാവ് ബൈക്കുമായി റോഡരികില്‍ നില്‍ക്കുന്നതു കണ്ടു.

നിരവധി തവണ അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുകയും എന്നാല്‍ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ മൂലം വാഹനം സ്റ്റാര്‍ട്ട് ആകാന്‍ ബുദ്ധിമുട്ടുന്നതുപോലെ പോലീസുദ്യോഗസ്ഥര്‍ക്കു തോന്നി. പോലീസുദ്യോഗസ്ഥര്‍ അയാളുടെ അടുത്തെത്തി, സ്റ്റാര്‍ട്ടു ചെയ്യാന്‍ എന്താണ് പ്രശ്‌നമെന്നു ചോദിച്ചു. ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ല സര്‍. അയാള്‍ മറുപടി പറഞ്ഞു. പോലീസുദ്യോഗസ്ഥര്‍ അയാളെ സഹായിക്കാനായി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു.

വേണ്ട സര്‍, ഞാന്‍ ബൈക്ക് ശരിയാക്കിക്കൊള്ളാം. സര്‍ പോയ്‌കോളൂ. അയാള്‍ പോലീസുദ്യോഗസ്ഥരോട് പറഞ്ഞു. അപ്പോഴാണ്, അയാള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന ബൈക്കിന്റെ താക്കോല്‍ ഇല്ലാത്തത് പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.
ഇതിന്റെ താക്കോലെവിടെ ?

അയാള്‍ പരിഭ്രമിച്ചു. അത് കളഞ്ഞു പോയി സര്‍. ബൈക്കിന്റെ ഇലക്ടിക്കല്‍ ഭാഗത്തേക്കുള്ള വയറുകള്‍ വിഛേദിച്ചിരിക്കുന്നത് പോലീസുദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. പോലീസുദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി, അയാളോട് പേരും, വിലാസവും മറ്റു വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. അയാളുടെ കൈവശമുണ്ടായിരുന്ന രേഖകളും പരിശോധിച്ചു.

അയാള്‍ വല്ലാതെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ പോലീസുദ്യോഗസ്ഥര്‍, മൊബൈല്‍ ഫോണ്‍ വഴി ബൈക്ക് ഉടമസ്ഥന്റെ പേരും വിലാസവും ശേഖരിച്ചു. സംശയം തോന്നി, അയാളെ വിശദമായ ചോദ്യം ചെയ്തപ്പോള്‍ അത് മോഷ്ടിച്ച ബൈക്ക് ആണെന്ന് തെളിഞ്ഞു.
കൊക്കാലെയിലുള്ള സ്ഥാപനത്തിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തി കൊണ്ടു പോകുന്നതിനിടെ കൊടുങ്ങല്ലൂര്‍ എസ്.എന്‍. പുരം കോതപറമ്പ് കോലാട്ട് അമല്‍രാജ് (27) ആണ് പിടിയിലായത്.

പാണഞ്ചേരി സ്വദേശിയുടേതാണ് ബൈക്ക്. ഇയാള്‍ക്കെതിരെ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നൈറ്റ് പട്രോളിങ്ങിനിടെ പോലീസുദ്യോഗസ്ഥരുടെ ജാഗ്രതയാണ് മോഷ്ടാവിനെ കുടുക്കിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ എന്‍.ബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു കെ.വി, മുഹമ്മദ് റാഫി.എച്ച് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications