കലിതുള്ളി കാലവര്‍ഷം: വയനാട്ടില്‍ 1030 പേര്‍ ദുരിതാശ്വാസ ക്യാംപില്‍, ജില്ലയില്‍ 15 ക്യാമ്പുകള്‍!
കല്‍പ്പറ്റ: ജൂണ്‍ ഒന്ന് മുതല്‍ വയനാട്ടില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പുഴകള്‍ കര കവിഞ്ഞൊഴുകയും, വീടുകളില്‍ വെള്ളം കയറിയവര്‍ക്കുമായി ജില്ലയില്‍ 15 ദുരിതാശ്വാസക്യാംപുകള്‍ തുറന്നു. 380 ഓളം കുടുംബങ്ങളില്‍ നിന്നുമായി 1030 പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്.
കുപ്പാടിത്തറയില്‍ നാലു കുടുംബങ്ങളെ ബന്ധുവീട്ടിലേക്കും മാറ്റിയിട്ടുണ്ട്. ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്ന സാഹചരത്തില്‍ ബീച്ചിനഹള്ളി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കളക്ടര്‍ക്ക് സന്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കനത്ത മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തു കൊണ്ടിരിക്കുന്നത്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുകയും ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സേനകള്‍ക്ക് പുറമെ റവന്യു, ആരോഗ്യവകുപ്പ് അധികൃതര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

തരിയോട് പഞ്ചായത്തിലെ പൊയില്‍ കോളനി, കുനിയില്‍ ലക്ഷം വീട് കോളനി, മുട്ടില്‍ നെന്മേനി കോളനി, പുല്‍പ്പള്ളി പാളകൊല്ലി കോളനി തുടങ്ങിയ നിരവധി കോളനികളെ ആളുകളെ ദുരിതാശ്വാസക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. തരിയോട് എല്‍ പി സ്‌കൂളിലെ ഒരു ക്യാംപ് മാത്രമായിരുന്നു ആദ്യമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 15-ഓളം ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഇനിയും മഴ ശക്തമാവുകയാണെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സബ് കളക്ടറും രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാരുമടങ്ങുന്ന സംഘത്തിന് ചുമതല നല്‍കിയിട്ടുണ്ട്. ക്യാമ്പുകളിലെല്ലാം മെഡിക്കല്‍ സഹായമുള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം കനത്ത മഴ അവസാനിച്ച് 24 മണിക്കൂര്‍ കഴിയുന്നത് വരെ നിര്‍ത്തിവെക്കാനും കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications