തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകന്‍ വയനാട് ജില്ലയിലെത്തി; രേഖകളില്ലാത്ത 3.71 ലക്ഷം രൂപ പിടിച്ചെടുത്തു; പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടങ്ങി
കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും, രാഷ്ട്രീയപാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വയനാട് മണ്ഡലത്തില്‍ നിയോഗിച്ച നിരീക്ഷകന്‍ ആനന്ദ്കുമാര്‍ ജില്ലയിലെത്തി. വ്യാഴാഴ്ച്ച കലക്ട്രേറ്റില്‍ എത്തിയ അദ്ദേഹം വരണാധികാരിയും ജില്ലാ കലക്ടറുമായ എ.ആര്‍ അജയകുമാറുമായി കൂടിക്കാഴ്ച്ച നടത്തി.
ജനാധിപത്യപരവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനും സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുകയില്‍ കൂടുതല്‍ ചിലവഴിക്കു ന്നുണ്ടോയെന്നും പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന നൂറ്റിപതിന്നൊന്നോളം സാധനസാമഗ്രികളുടെ അടിസ്ഥാനവില നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് പ്രചാരണ ചെലവുകള്‍ കണക്കാക്കുന്നത്.
അതേസമയം, രേഖകളില്ലാത്ത പണം പിടിച്ചെടുക്കുന്നതിനായി ജില്ലയില്‍ കര്‍ശനനടപടികള്‍ തുടരുകയാണ്. കാറില്‍ രേഖകളില്ലാതെ കടത്തിയ 3,71,710 രൂപ വ്യാഴാഴ്ച ഫ്ളയിങ് സ്‌ക്വാഡ് പിടിച്ചെടുത്തു. രണ്ടു കേസുകളിലായിട്ടാണ് ഇത്രയും തുക പിടിച്ചെടുത്തത്. കല്‍പ്പറ്റ ലക്കിടിയിലും അമ്പലവയല്‍-സുല്‍ത്താന്‍ ബത്തേരി റോഡില്‍ മട്ടപ്പാറയിലും തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനകളിലാണ് പണം പിടികൂടിയത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
ലക്കിടിയില്‍ നിന്നും മൂന്നുലക്ഷം രൂപയും വട്ടപ്പാറയില്‍ നിന്നും 71,710 രൂപയുമാണ് ഫ്ളയിങ് സ്‌ക്വാഡ് പിടികൂടിയത്. രാവിലെ 10.30ന് ലക്കിടി കുന്നത്തിടവകയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളി രജിസ്ട്രേഷന്‍ കാറില്‍ നിന്നും മൂന്നു ലക്ഷം രൂപ പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തിയ രണ്ടുലക്ഷത്തോളം രൂപയുടെ മൂല്യം വരുന്ന ഖത്തര്‍ റിയാല്‍ താളൂര്‍ ചെക്പോസ്റ്റില്‍ കഴിഞ്ഞ ദിവസം സുല്‍ത്താന്‍ബത്തേരി ഫ്ളയിങ് സ്‌ക്വാഡ് പിടികൂടിയിരുന്നു.
പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളിലാണ് ഇപ്പോഴും ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. ആദ്യഘട്ട പരിശീലനത്തിലാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും. താലൂക്ക് അടിസ്ഥാനത്തിലാണ് പരിശീലനം നല്‍കുന്നത്. പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കുമുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും സബ് കളക്ടറുമായ എന്‍.എസ്.കെ ഉമേഷാണ് പരിശീലനത്തിന് തുടക്കം കുറിച്ചത്.