രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം: സ്വപ്നസാക്ഷാത്ക്കാരമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ വയനാട്ടിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദത്തിമര്‍പ്പില്‍. ഏറ്റവുമധികം ആദിവാസികളും, കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന വയനാട്ടില്‍ രാഹുല്‍ എത്തുന്നതോടെ ആവേശം ഇരട്ടിയാകുമെന്നാണ് പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങള്‍.
തകര്‍ന്ന് തരിപ്പണമായി കോണ്‍ഗ്രസിന്റെ പ്രതിപക്ഷ വിശാല സഖ്യമോഹങ്ങള്‍: രാഹുലിനെതിരെ വിമര്‍ശനം
മലപ്പുറം ജില്ലയിലെ വണ്ടൂര്‍, ഏറനാട്, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 2009ല്‍ ഒന്നരലക്ഷം വോട്ടിനാണ് കോണ്‍ഗ്രസിലെ എം ഐ ഷാനവാസ് ഈ മണ്ഡലത്തില്‍ നിന്നും ജയിച്ചുകയറിയത്. 2014-ല്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഷാനവാസിന് തന്നെയായിരുന്നു വിജയം.

മൂന്നാമത് ലോക്സഭ തിരഞ്ഞെടുപ്പ്
മണ്ഡലം രൂപീകൃതമായതിന് ശേഷം മൂന്നാമത് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസിനും മുസ്ലീംലീഗിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലം യു ഡി എഫിന്റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റായാണ് കണക്കാക്കപ്പെടുന്നത്. ഇവിടേക്ക് രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥിയായെത്തുമ്പോള്‍ അത് യു ഡി എഫിന് കൂടുതല്‍ ഉണര്‍വ് നല്‍കും. കേരളത്തിലെ 20 സീറ്റുകളിലും അതിന്റെ സ്വാധീനം ലഭിക്കും. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന വയനാട് ജില്ലയില്‍ രാഹുല്‍ സ്ഥാനാര്‍ത്ഥിയായാല്‍ അതിന്റെ സ്വാധീനം ആ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കും.

അനുഗ്രഹീത നിമിഷമെന്ന്
രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥിയായെത്തുന്നത് ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്നും ഇതിനേക്കാള്‍ അനുഗ്രഹീതമായ നിമിഷം വേറെയില്ലെന്നുമാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രചാരണമാരംഭിച്ച ടി സിദ്ദിഖ് വ്യക്തമാക്കിയത്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി വയനാട് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും വ്യക്തമാക്കി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇതിനകം തന്നെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രചാരണം രാഹുലിന് വേണ്ടി
നിയോജകമണ്ഡലം കണ്‍വെന്‍ഷനുകളടക്കം നടത്താനുള്ള തിയ്യതികളും പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ പ്രചരണപരിപാടികള്‍ അതുപോലെ തന്നെ തുടരുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങളും നല്‍കുന്ന വിവരം. രാഹുലിനായി സോഷ്യല്‍മീഡിയയില്‍ ഇപ്പോഴെ യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. രാഹുലിന്റെ ഭൂരിപക്ഷമറിയാനാണ് കാത്തിരിക്കുന്നത് എന്നതടക്കമുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എല്ലാത്തരത്തിലും വയനാട് ലോക്‌സഭാ മണ്ഡലം രാഹുലിനെ സ്വാഗതം ചെയ്യുകയാണ്.