രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: ഉത്സവപ്രതീതിയുണര്‍ത്തി വയനാട്ടില്‍ ആഹ്ലാദം; നാടെങ്ങും പ്രകടനം!!

കല്‍പ്പറ്റ: എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ യുഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്നറിഞ്ഞതോടെ വയനാട്ടിലെങ്ങും ഉത്സവപ്രതീതി. പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദം പങ്കിടുകയാണ് യു ഡി എഫ് പ്രവര്‍ത്തകര്‍. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ വൈകിട്ട് അഞ്ചരയോടെ നടന്ന ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്തത് നൂറ് കണക്കിന് പ്രവര്‍ത്തകരാണ്. 'ചൗക്കിദാര്‍ ചോര്‍ ഹെ' എന്ന രാഹുല്‍ഗാന്ധിയുടെ മുദ്രാവാക്യം ഏറ്റുവിളിച്ചാണ് പ്രവര്‍ത്തകര്‍ ആവേശത്തോടെ പ്രകടനപരിപാടികളില്‍ അണിനിരന്നത്. പ്രകടനം അവസാനിക്കുമ്പോള്‍ തുടങ്ങിയതിനേക്കാള്‍ പതിന്മടങ്ങ് പേര്‍ അണിനിരന്നുവെന്നതാണ് ഏറെ ശ്രദ്ധേയം.
സോണിയാ ഗാന്ധിയുടെ വിശ്വസ്തൻ, കർണാടകത്തിലെ മുഖ്യമന്ത്രിക്കസേര തൊടാനാവാതെ ഖാർഗെ
രാഹുലിന്റെ വരവിനായുള്ള കാത്തിരിപ്പാണിനി. മൂന്നാം തിയ്യതി പത്രികാസമര്‍പ്പണത്തിനായി രാഹുല്‍ ജില്ലയിലെത്തുമെന്ന് ലഭിക്കുന്ന വിവരം. ആ ദിവസത്തിനായി ആവേശം ഒട്ടും ചോരാതെയുള്ള കാത്തിരിപ്പാണിനി. അതേസമയം, കര്‍ഷകരും, ആദിവാസികളും, കര്‍ഷക തൊഴിലാളികളും, തോട്ടംതൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലത്തില്‍ രാഹുലിന്റെ വരവ് നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എ കെ ആന്റണിയുടെ പത്രസമ്മേളനം കാണാന്‍ പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്റെയും കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖിന്റെയും നേതൃത്വത്തില്‍ നിരവധി നേതാക്കളുണ്ടായിരുന്നു.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ തുള്ളിച്ചാടിയും ലഡു വിതരണം ചെയ്തുമാണ് നേതാക്കളും പ്രവര്‍ത്തകരും ആഹ്ലാദം പങ്കുവെച്ചത്. ജില്ലയിലുടനീളം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. ഒറ്റക്കെട്ടായി ഒരു മനസ്സോടെയാണ് പ്രവര്‍ത്തകര്‍ ഇനിയുള്ള ദിവസങ്ങളില്‍ രാഹുലിന്റെ വന്‍വിജയത്തിനായി രംഗത്തിറങ്ങുമെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം. പുതിയതായി പതിനായിരക്കണക്കിന് പേരാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേട്ടതോടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത്.
വയനാട്ടില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, കേണിച്ചിറ, വാകേരി, നടവയല്‍, മേപ്പാടി, കാവുമന്ദം, പടിഞ്ഞാറത്തറ, മീനങ്ങാടി, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി എന്നിങ്ങനെ നഗര ഗ്രാമ വ്യത്യാസമില്ലാതെ രാഹുലിന്റെ വരവില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തി. വരുംദിവസങ്ങള്‍ രാജ്യത്തെ തന്നെ പ്രമുഖ നേതാക്കള്‍ ജില്ലയിലെത്തുമെന്നുറപ്പാണ്. എന്തിരുന്നാലും ദേശീയതലത്തില്‍ ഏറ്റവും ശ്രദ്ധിക്കുന്ന മണ്ഡലമായി വയനാട് മാറിക്കഴിഞ്ഞു.രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം ഇടതുപക്ഷത്തിനും ബി.ജെ.പിയ്ക്കും എതിരെ യു.ഡി.എഫ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും കേരളത്തില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും സിദ്ദിഖ് കൂട്ടിചേര്‍ത്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ