കാട്ടാനയെ കൊണ്ട് പൊറുതിമുട്ടി കര്‍ഷകര്‍, കല്ലൂര്‍ ചുണ്ടപ്പാടി മേഖലയില്‍ ഭീതി അവസാനിക്കുന്നില്ല
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ പലയിടങ്ങളിലും കാട്ടാന ഭീഷണി വീണ്ടും രൂക്ഷമാകുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ കല്ലൂര്‍ ചൂണ്ടപ്പാടിയിലാണ് ഇപ്പോള്‍ ഏറ്റവും രൂക്ഷമായ സാഹചര്യമുള്ളത്. കര്‍ഷകരാകെ കാട്ടാനയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇവരുടെ കൃഷിയാണ് ഇവ കൂട്ടത്തോടെയെത്തി നശിപ്പിക്കുന്നത്.
നിരവധി കര്‍ഷകരുടെ വിളകളാണ് വ്യാപകമായി കാട്ടാന നശിപ്പിക്കുന്നത്. കല്ലൂര്‍, ചുണ്ടപ്പാടി, മാറോട് മേഖലകള്‍ വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മേഖലയാണ്. ഇവിടെ തുടര്‍ച്ചയായി കാട്ടാനകള്‍ എത്തി കൃഷി നശിപ്പിക്കുന്നുണ്ട്. കര്‍ഷകര്‍ ഇവയെ എങ്ങനെ നേരിടണമെന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇവിടെയുള്ള ആളുകളില്‍ അധികവും കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്.

ഈ മേഖലയില്‍ വനൃമഗ ശല്യത്തെ നേരിടാന്‍ ഫെന്‍സിങ് അടക്കം സ്ഥാപിച്ചിട്ടുണ്ട്. ധാരാളം വാച്ചര്‍മാരും മേഖലയിലുണ്ട്. എന്നാല്‍ വന്യമൃഗ ശല്യത്തിന് യാതൊരു കുറവുമില്ല. കര്‍ഷകരാണെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് നിരന്തരം പരാതിപ്പെടുന്നുണ്ട്.
ഈ മേഖലയില്‍ മുമ്പ് നിരവധി കര്‍ഷകരുണ്ടായിരുന്നു. എന്നാല്‍ കാട്ടാനകള്‍ തുടര്‍ച്ചയായി കൃഷി നശിപ്പിക്കുന്നതോടെ മറ്റ് വരുമാന മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയാണ് കര്‍ഷകര്‍. നിരവധി പേരാണ് ഇവിടെ കൃഷി ഉപേക്ഷിച്ചത്. കാട്ടാന മാത്രമല്ല മറ്റ് വന്യമൃഗങ്ങളും ഇവിടെയുണ്ട്. കൃഷിയിടങ്ങളില്‍ ഇവയും ഇറങ്ങാറുണ്ട്. അതിനെയും കര്‍ഷകര്‍ ഭയപ്പെടുന്നുണ്ട്. കൃഷി ഭൂമിയിലെ വെല്ലുവിളികള്‍ നിരവധിയാണെന്ന് കര്‍ഷകര്‍ പറയുന്നു.
അതേസമയം പ്രദേശത്ത് കടുവാ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. കാട്ടാന കഴിഞ്ഞ ദിവസം ഫെന്‍സിങ് തകര്‍ത്താണ് വയലില്‍ ഇറങ്ങിയത്. തുടര്‍ന്ന് ഇവിടെയുള്ള കൃഷിയിടത്തിലെ നെല്‍കൃഷി ഭൂരിഭാഗവും നശിപ്പിച്ചു. രഘുനാഥ് എന്നയാളുടേതാണ് ഈ കൃഷിഭൂമി. ഇയാള്‍ കാര്‍ഷിക വായ്പയെടുത്തും വ്യക്തികളില്‍ നിന്ന് കടം വാങ്ങിയുമാണ് കൃഷി ചെയ്തിരുന്നത്. കാട്ടാന കൃഷിയാകെ നശിപ്പിച്ചതോടെ കടക്കെണിയിലായിരിക്കുകയാണ് രഘുനാഥ്.
നിരവധി പേരുടെ കാര്‍ഷിക വിളകളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. വനപാലകരോട് പലതവണ പരാതി പറഞ്ഞതാണ്. എന്നാല്‍ കാര്യമായ നടപടികള്‍ ഒന്നുമില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയാല്‍ തുക അനുവദിക്കുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications