വയനാട്ടിലും ഗൂഡല്ലൂരും കാട്ടാന ശല്യം കുറയുന്നില്ല, വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ നാട്ടുകാര്‍
ഗൂഡല്ലൂര്‍: വയനാട്ടിലൂം ഗൂഡല്ലൂരും കാട്ടാന ഭീഷണി ഒഴിയുന്നില്ല. നേരത്തെ തന്നെ മാനന്തവാടി പല മേഖലകളിലും കടുത്ത കാട്ടാന ശല്യമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ദേവര്‍ഷോല പഞ്ചായത്തിലാണ് കാട്ടാനയെ കൊണ്ട് നാട്ടുകാര്‍ പൊറുതിമുട്ടിയിരിക്കുന്നത്. ദേവര്‍ഷോല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അഞ്ച് ആനകളാണ് മേയുന്നത്.
മാണിക്കാല്ലാടിയില്‍ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും സ്‌കൂട്ടറും കാട്ടാനകള്‍ തകര്‍ത്തു. പാടന്തുറയില്‍ കാട്ടാനകള്‍ സര്‍വതും നശിപ്പിച്ചു. അതേസമയം പലയിടത്തും കാട്ടാനയെ പേടിച്ച് രാത്രി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. കാട്ടാനകള്‍ രാത്രി വന്ന് നില്‍ക്കുന്നത് വീട്ടുമുറ്റത്താണ്.

വൈകുന്നേരമായാല്‍ ഈ കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് എത്തും. പിന്നീട് വീടുകള്‍ക്ക് മുന്‍പിലാണ് കാട്ടാനകള്‍ നില്‍ക്കുന്നത്. വേലി തകര്‍ത്ത് വരുന്ന ഇവ വാവ അടക്കമുള്ള കൃഷികളാണ് നശിപ്പിക്കുന്നത്. പാടന്തുറയിലെ സിഎസ്‌ഐ സ്‌കൂളിന്റെ പിറകിലുള്ള തേയില തോട്ടത്തിലാണ്. കാട്ടാനകള്‍ പകല്‍ തമ്പടിക്കുന്നത്.
വൈകുന്നേരത്തോടെ ഇവ ടൗണില്‍ ഇറങ്ങും. അതേസമയം പൂതാടി പഞ്ചായത്തിലെ കാട്ടാനകളും നാട്ടുകാരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാന കിണറ്റില്‍ നിന്ന് വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറും പൈപ്പുകളുമാണ് തകര്‍ത്തത്. പാതിരി സെക്ഷന്‍ വനത്തില്‍ നിന്നാണ് ഇവ ജനവാസ മേഖലയിലേക്ക് എത്തുന്നത്.
കഴിഞ്ഞ ദിവസം എത്തിയ കാട്ടാന കൃഷികള്‍ നശിപ്പിച്ച് തിരിച്ചുപോകും വഴി പുലര്‍ച്ചെയാണ് കമുകിലൂടെ കെട്ടിവെച്ച പൈപ്പും പമ്പിലേക്ക് വൈദ്യുതി എത്തിക്കുന്ന കേബിളും പലയിടത്തായി വലിച്ച് പൊട്ടിച്ച് ചവിട്ടികൂട്ടിയത്. മാര്‍ച്ച് 22ന് ഇവിടെ മോട്ടോറും പൈപ്പുകളും കാട്ടാന നശിപ്പിച്ചിരുന്നു. അതിന് ശേഷം സ്ഥാപിച്ച മോട്ടോറും പൈപ്പുമാണ് വീണ്ടും തകര്‍ത്തത്.
മൂന്നര മീറ്റര്‍ ഉയരത്തില്‍ കമുകളിലൂടെ നൂറ് മീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച പൈപ്പ് പലയിടങ്ങളിലായി ഇതിനിടെ 7 തവണ കാട്ടാന നശിപ്പിച്ചിരുന്നു. കാട്ടാന നശിപ്പിച്ച പൈപ്പ് മാറ്റി സ്ഥാപിച്ച വകയില്‍ തന്നെ രണ്ട് മാസത്തിനിടെ നല്ലൊരു തുക ചെലവായെന്നാണ് നാട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications