കൂട് വെച്ചിട്ടും കുടുങ്ങിയില്ല: സമീപത്തെത്തി മാനിനെ കടുവ കൊന്നു, നിരീക്ഷണ ക്യാമറയിലും കുടുങ്ങിയില്ല
കല്‍പ്പറ്റ: മണ്ഡക വയലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചിട്ടും രക്ഷയില്ല. ഇതിന്റെ സമീപത്തെത്തി കടുവ മാനിനെ കൊന്ന് തിന്നു. കൂട് സ്ഥാപിച്ചതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ഇതുള്ളത്. പുല്ലുമല കമല എസ്റ്റേറ്റിനുള്ളിലാണ് കടുവ മാനിനെ കൊന്ന് ഭക്ഷിച്ചത്.
നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടും ഇതുവരെ കടുവ അതിലൊന്നും വന്നിട്ടില്ല. മൈലമ്പാടി മേഖല ആകെ ഭയത്തിലാണ്. ഇന്നലെ രാവിലെയാണ് പുല്ലുമലയില്‍ പാതി തിന്ന നിലയില്‍ മാനിന്റെ ജഡം കണ്ടെത്തിയത്.
കൂടുവെച്ച ശേഷം കടുവയെ രണ്ട് ദിവസത്തേക്ക് കാണാനില്ലായിരുന്നു. ഞായറാഴ്ച്ച രാത്രിയിലാണ് ഇത് വീണ്ടുമെത്തിയത്. പുല്ലുമല കല്പനയ്ക്ക് സമീപം റോഡ് മുറിച്ച് കടക്കുന്ന കടുവയെ സമീപവാസിയായ ഓട്ടോ ഡ്രൈവറാണ് നേരില്‍ കണ്ടത്.

മാനിന്റെ ജഡം വളമിടാനെത്തിയ തൊഴിലാളികളാണ് കണ്ടത്. ഇതോടെ തൊഴിലാളികള്‍ തോട്ടത്തിലെ ജോലി നിര്‍ത്തി മടങ്ങുകയായിരുന്നു. ഈ ജഡത്തിന് അധികം പഴക്കമില്ലായിരുന്നു. അതുകൊണ്ട് തന്നെ കടുവ സമീപപ്രദേശത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.
ഈ പ്രദേശത്ത് തന്നെയുള്ള ജോസഫിന്റെ പശുവിനെയും കഴിഞ്ഞ ദിവസം കടുവ ആക്രമിച്ചിരുന്നു. കൂട് സ്ഥാപിച്ചത് അടുത്ത് തന്നെ കടുവയെത്തിയിട്ടും, ഇതുവരെ കെണിയില്‍ വീണിട്ടില്ല. പ്രദേശത്തോട് ചേര്‍ന്നുള്ള വനത്തില്‍ നിന്നാണ് കടുവയും വന്യമൃഗങ്ങളും സ്ഥിരമായി ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
തോട്ടം മേഖല കൂടുതലുള്ളതിനാല്‍ വന്യമൃഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമാകുന്നുണ്ട്. കടുവ രാത്രിയും പുലര്‍ച്ചെയുമായി എത്തുന്നത് സമീപത്തെ കാട്ടില്‍ നിന്നാണെന്നും അവ തിരിച്ച് അവിടേക്ക് തന്നെ പോകുന്നതിനാലാകാം പകല്‍ സാന്നിധ്യം അധികം ഇല്ലാത്തതെന്നുമാണ് വനംവകുപ്പ് കരുതുന്നത്.
ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്‌സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍
അതേസമയം ഒരു കടുവ തന്നെയാണോ, അതോ ഒന്നില്‍ കൂടുതലുണ്ടോയെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതിന് കാരണം കടുവയെ കണ്ടത് വിവിധയിടങ്ങളിലായിട്ടാണ്. വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ക്യാമറകളിലെ പരിശോധനകള്‍ക്ക് പുറമേ എല്ലായിടങ്ങളിലും പട്രോളിംഗും വര്‍ധിപ്പിച്ചിട്ടുണ്ട്. വാകേരിക്കടുത്ത് ജനവാസ മേഖലയില്‍ കടുവയും കുട്ടികളും റോന്ത് ചുറ്റിയതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തുടര്‍ച്ചയായി വീണ്ടും കടുവയെത്താന്‍ തുടങ്ങിയതോടെ ജനങ്ങളുടെ ഇടയില്‍ കടുത്ത ആശങ്കയുണ്ട്.












Click it and Unblock the Notifications