ക്യാമറയും കൂടും ഒരുക്കി കാത്തിരുന്ന് വനംവകുപ്പ്; കണ്ണുവെട്ടിച്ച് കടുവ കുളക്കാട്ടിലില്‍ എത്തി
പുല്‍പ്പള്ളി: വയനാട്ടില്‍ കടുവകളുടെ വിഹാരം അവസാനിക്കുന്നില്ല. സുരഭിക്കവലയിലും പരിസര പ്രദേശങ്ങളിലുമായി കടുവ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുളക്കാട്ടില്‍ കവലയിലാണ് കടുവയെത്തിയത്. ഇവിടെ താമസിക്കുന്ന ബിനോയ് എന്നയാളാണ് കടുവയുടെ മുന്നില്‍പ്പെട്ടത്. ഇയാള്‍ കട തുറക്കാന്‍ വന്നപ്പോഴാണ് കടുവയെ കണ്ടത്.
ഇയാള്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. അതേസമയം കടുവ ശബ്ദം കേട്ട് തോട്ടത്തിലേക്ക് കയറിപ്പോയെന്ന് ഇയാള്‍ പറഞ്ഞു. അതേസമയം ഈ റൂട്ടില്‍ നേരത്തെയും ആളുകള്‍ കടുവയെ കണ്ടിരുന്നു. വനംവകുപ്പ് ഇവിടെ ക്യാമറകളും കൂടുകളും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് കടുവയെത്തിയത്. ദ്രുത കര്‍മ സേന വരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ കണ്ടെത്താനും വനംവകുപ്പിന് സാധിച്ചില്ല. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ച് ദൗത്യ സംഘം മടങ്ങുകയും ചെയ്തു. എന്നാല്‍ ഇവരെ നാട്ടുകാര്‍ തടഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തിന് മുന്നില്‍ നിന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
അനുയോജ്യമായ സാഹചര്യം ലഭിച്ചാല്‍ മയക്കുവെടി വെക്കാനായിരുന്നു ദൗത്യ സംഘത്തിന്റെ നീക്കം. ഇതിനായി കുങ്കിയാനകളെയും വനത്തിലേക്ക് എത്തിച്ചിരുന്നു. ഇവയെ ഉപയോഗിച്ച് മയങ്ങുന്ന ആനയെ വാഹനത്തിലേക്ക് കയറ്റാനായിരുന്നു വനംവകുപ്പ് ലക്ഷ്യമിട്ടത്. എന്നാല്‍ ബേലൂര്‍ മഖ്‌ന എന്ന കാട്ടാനയെ ദൗത്യസംഘം രണ്ട് ഭാഗങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മണ്ണുണ്ടി ഭാഗത്ത് നിന്ന് ഇതോടെ തിരച്ചില്‍ അവസാനിപ്പിച്ച് ദൗത്യ സംഘം മടങ്ങുകയായിരുന്നു.












Click it and Unblock the Notifications