കുറുവാദ്വീപിലേക്ക് പ്രവേശനം 15 മുതല്‍; പാല്‍വെളിച്ചം ഭാഗത്ത് നിന്നും പ്രവേശനം അനുവദിക്കും
കല്‍പ്പറ്റ: കുറുവാദ്വീപിലേക്ക് പാക്കം ചെറിയ മലയ്‌ക്കൊപ്പം മാനന്തവാടി പാല്‍വെളിച്ചം ഭാഗത്ത് നിന്നും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. കുറുവാദ്വീപ് ഈ മാസം പതിനഞ്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഇരുഭാഗങ്ങളില്‍ നിന്നായി നിത്യേന 200 പേരെയാണ് അനുവദിക്കുക.
അതേസമയം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവേശന ഫീസ് വര്‍ധിപ്പിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നതിന് പുറമേ ഫീസ് വര്‍ധിപ്പിച്ചും അധിക സഞ്ചാരികളെ തടയാമെന്ന നിര്‍ദേശം വനം വകുപ്പ് മുന്നോട്ട് വെച്ചിരുന്നു. ഇതുപ്രകാരം ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുമ്പോള്‍ പ്രവേശനം ഫീസ് ഇരട്ടിയോളമാക്കാനാണ് നീക്കം.
അതേസമയം സഞ്ചാരികളുടെ പ്രവേശനം നിയന്ത്രിക്കാനുള്ള തീരുമാനം ജില്ലയില്‍ വ്യാപക പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാല്‍വെളിച്ചത്തെ കര്‍മസമിതിയുടെ നേതൃത്വത്തില്‍ സൗത്ത് വയനാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയാണ് പാല്‍വെളിച്ചം ഭാഗത്ത് നിന്നും പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ എട്ട് മാസത്തോളമായി കുറുവാദ്വീപ് അടച്ചിട്ടിരിക്കുകയായിരുന്നു. നിയന്ത്രണങ്ങളോടെ കുറുവാദ്വീപ് തുറക്കാന്‍ ഹൈക്കോടതി കഴിഞ്ഞയാഴ്ച്ചയാണ് അനുമതി നല്‍കിയത്. കുറുവയിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളും തുറക്കുന്നതിന് പകരം പാക്കം മാത്രം തുറക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.
വലിയ പ്രതിഷേധങ്ങളാണ് വനംവകുപ്പിന്റെ തീരുമാനത്തിനെതിരെയുണ്ടായത്. പാര്‍ക്കിങ് ഏരിയ, ശുചിമുറികള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള പാല്‍വെളിച്ചത്ത് കൂടി ദ്വീപിലേക്ക് പ്രവേശനം നിഷേധിച്ചതോടെ ഈ മേഖലയില്‍ ടൂറിസത്തെ ആശ്രയിച്ച് കഴിയുന്നവര്‍ പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്നാണ് പ്രക്ഷോഭവുമായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്.
സഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനം മുതല്‍ ഇരുപത് ശതമാനം വരെ കുറവ് വരുത്താമെന്നും, പ്രവേശന ഫീസില്‍ 50 ശതമാനം വര്‍ധന വരുത്തി സഞ്ചാരികളെ നിയന്ത്രിക്കാമെന്നുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
കുറുവാദ്വീപിലേക്ക് രണ്ട് ഭാഗത്ത് നിന്നുമായുള്ള പ്രവേശനം 1150ല്‍ നിന്ന് 15 ശതമാനം കുറച്ച് 978 പേരാക്കി ചുരുക്കാനാണ് തീരുമാനം. ഫീസ് 110 രൂപയില്‍ നിന്ന് ഇരുന്നൂറ് രൂപയായി ഉയര്‍ത്താനുമാണ് വനംവകുപ്പിന്റെ തീരുമാനം.
സൂചിപ്പാറയിലേക്കുള്ള പ്രവേശനത്തിന് 65 രൂപയില്‍ നിന്ന് നൂറ് രൂപയിലേക്കും വര്‍ധിപ്പിക്കാമെന്ന് വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഫീസ് വര്‍ധിപ്പിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറയ്ക്കുമെന്നാണ് ടൂറിസം മേഖലയിലുള്ളവര്‍ ഭയപ്പെടുന്നത്.












Click it and Unblock the Notifications