ചെല്ലങ്കോട് വീണ്ടും പുലിയിറങ്ങി, ആടിനെ കൊന്നു, വനംവകുപ്പിനെതിരെ പരാതി
കല്‍പ്പറ്റ: വയനാട് ചെല്ലങ്കോട് മാങ്കുഴിയില്‍ വീണ്ടും പുലിയിറങ്ങി. സ്വകാര്യ വ്യക്തിയുടെ ആടിനെ രാത്രി പുലി കൊന്നു. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു ആക്രമണം. അതേസമയം ഈ ആട് ഗര്‍ഭിണിയായിരുന്നു. ഇതേ കൂട്ടില്‍ നിന്ന് രണ്ട് മാസം മുമ്പ് ഒരു ആടിനെ കടിച്ച് കൊണ്ടുപോയി കൊന്നുതിന്നിരിരുന്നു. ഇതിന് പുറമേ മൂന്ന് ആടുകളെ ആക്രമിച്ച് മുറിവേല്‍പ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച വെള്ളരി വയലില്‍ സ്വകാര്യ വ്യക്തിയുടെ ആടിനെ പുലി പിടികൂടിയിരുന്നു.
നിരവധി വളര്‍ത്ത് മൃഗങ്ങളെയാണ് ഇവിടെ നഷ്ടമായിരിക്കുന്നത്. അതേസമയം വനംവകുപ്പിനെതിരെയും പരാതിയുണ്ട്. വനംവകുപ്പ് ജീവനക്കാര്‍ പരിശോധിച്ച് പുലിയാണെന്ന് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ മറ്റ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. പുലി ഏത് നിമിഷവും മനുഷ്യരെ ആക്രമിക്കുമെന്ന ഭയത്തിലാണ് നാട്ടുകാര്‍.

നേരത്തെ ഇഞ്ചപ്പാറയില്‍ പുലി ശല്യം രൂക്ഷമായിരുന്നു. ഇവിടെ കൂട് സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍. പുലി ഇവിടെ പശുക്കിടാവിനെ കൊന്നിരുന്നു.ഇതേ തുടര്‍ന്ന് കൂട് വെച്ച് പുലിയെ പിടിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലായി രാത്രിയില്‍ നാട്ടുകാര്‍ പുലിയെ കാണുന്നുണ്ട്. ഒരു വീട്ടുകാര്‍ പുലിയെ കണ്ടതിന്റെ ഭയത്തിലാണ്.
ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമെല്ലാം സ്ഥലത്തെത്തി. ഇവരും പുലിയെ നേരില്‍ കണ്ടു. പശുക്കിടാവിനെ കൊന്നത് പുലിയാണെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് നേരത്തെ ക്യാമറ സ്ഥാപിച്ചിരുന്നു. അതേസമയം ക്യാമറയില്‍ ഒന്നിലേറെ പുലികള്‍ എത്തിയതായി കണ്ടിരുന്നു. പശുക്കിടാവിന്റെ ബാക്കി അവശിഷ്ടം കൂടി ഇവ ഭക്ഷിച്ചു. നാലോളം പുലികളെയാണ് ആദ്യ ദിനം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നാട്ടുകാരും വനംവകുപ്പും എല്ലാം എത്തിയപ്പോള്‍ മൂന്ന് പുലികളെയാണ് കണ്ടത്.












Click it and Unblock the Notifications