കോടതി ഡ്യൂട്ടിക്കിടെ കാണാതായ പനമരം സിഐയെ കണ്ടെത്തി: എലിസബത്ത് എത്തിയത് തിരുവനന്തപുരത്ത്
കല്‍പറ്റ: മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ട് പനമരം സിഐ എലിസബത്തിനെ കണ്ടെത്തി. ഇവരെ തിരുവനന്തപുരത്ത് നിന്നാണ് കണ്ടെത്തിയത് കോടി ഡ്യൂട്ടിക്കായി പാലക്കാട്ട് പുറപ്പെട്ട സിഐയെ കാണാനില്ലെന്നായിരുന്നു പരാതി. തിങ്കളാഴ്ച്ചയായിരുന്നു ഇവര്‍ പാലക്കാട്ടേക്ക് കോടതി ഡ്യൂട്ടിക്കായി പോയത്.
അതേസമയം എലിസബത്ത് സുഹൃത്തായ റിട്ടയേര്‍ഡ് വനിതാ എസ്‌ഐയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിലുണ്ടെന്ന് പോലീസ് അറിയിച്ചു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു എലിസബത്തിനെ കാണാതായ സംഭവം അന്വേഷിച്ച് കൊണ്ടിരുന്നത്. ഇവര്‍ ബസ്സില്‍ കയറുന്ന കാര്യങ്ങള്‍ അടക്കം കണ്ടെത്തിയിരുന്നു.

സിഐ ഡ്യൂട്ടിക്കായി പാലക്കാട് എത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് ഇവരെ കാണായത് മുതല്‍ വലിയ ബഹളമായിരുന്നു. പോലീസ് പലയിടത്തും പരിശോധിച്ചിരുന്നു. ഇവര്‍ രണ്ട് വര്‍ഷം മുമ്പ് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ സ്റ്റേഷനിലെ സിഐ ആയിരുന്നു. നേരത്തെ ഇവര്‍ പാലക്കാട് ബസ്സില്‍ കയറുന്നത് വരെയുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചിരുന്നു.
അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണെന്ന് എലിസബത്ത് പറഞ്ഞിരുന്നു. ഇവിടെയെല്ലാം തിരച്ചില്‍ നടത്തിയെങ്കില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തിങ്കളാഴ്ച്ച രാത്രി ഒരു കൗണ്ടറില്‍ നിന്നും ഇവര്‍ പണം എടുത്തതായും കണ്ടെത്തിയിരുന്നു.
ഇതിനിടെ ഇവരെ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ടുവെന്നെല്ലാം അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം മേലുദ്യോഗസ്ഥരില്‍ നിന്ന് ജോലി സംബന്ധമായ സമ്മര്‍ദമുണ്ടായിരുന്നതായി എലിസബത്ത് സഹപ്രവര്‍ത്തകരില്‍ ചിലരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായിട്ടാണ് എലിസബത്ത് പോയത്. എന്നാല്‍ കോടതിയില്‍ എത്തിയില്ല.
എലിസബത്ത് അവസാനമായി സംസാരിച്ചത് ഗ്രേസ് എസ്‌ഐയോടാണ്. കല്‍പ്പറ്റയില്‍ ഉണ്ടെന്നാണ് പറഞ്ഞത്. പിന്നീട് എലിസബത്തിന്റെ ഔദ്യോഗിക നമ്പര്‍ അടക്കം സ്വിച്ച് ഓഫാകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും എലിസബത്ത് കോഴിക്കോട് എത്തിയെന്നും, പാലക്കാട്ടേക്കുള്ള ബസ്സില്‍ കയറിയതായും കണ്ടെത്തിയിരുന്നു. കോഴിക്കോട് മാനാഞ്ചിറയില്‍ നിന്നുള്ള എടിഎമ്മില്‍നിന്നാണ് ഇവര്‍ യാത്ര പുറപ്പെടും മുമ്പ് പണം പിന്‍വലിച്ചത്.
നേരത്തെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം പാലക്കാടും തിരച്ചില്‍ നടത്തിയിരുന്നു. ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയോ എന്നത് അടക്കം പോലീസ് പരിശോധിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്.












Click it and Unblock the Notifications