വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവം; അന്വേഷണം എസ് എം എസില്‍ നിന്നും മാറ്റണമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: സയനൈഡ് കലര്‍ത്തിയ മദ്യം കഴിച്ച് അച്ഛനും, മകനും, ബന്ധുവും മരിച്ച സംഭവത്തില്‍ പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്ന സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡില്‍ (എസ് എം എസ്) നിന്നും മാറ്റി മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സയനൈഡ് കലര്‍ന്ന മദ്യം കഴിച്ച് വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിലെ തിഗ്നായി(65), മകന്‍ പ്രമോദ്(35), തിഗ്നായിയുടെ ഭാര്യാ സഹോദരന്‍ മാധവന്റെ മകന്‍ പ്രസാദ്(40) എന്നിവരാണ് ഒക്ടോബര്‍ മൂന്നിന് മരിച്ചത്.

മരിച്ച തിഗ്നായിയുടെ ഭാര്യ ഭാരതിയും, പ്രസാദിന്റെ മാതാവ് കല്യാണിയുമാണ് പരാതി നല്‍കിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയ മാനന്തവാടിയിലെ സ്വര്‍ണാഭരണ തൊഴിലാളിയായ ആറാട്ടുതറ പാലത്തിങ്കല്‍ പി പി സന്തോഷിനെയാണ്(46) എസ്എംഎസ് ഡിവൈഎസ്പി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മദ്യം കാവുംകുന്ന് കോളനിയിലെത്തിച്ച സജിത്കുമാറിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എസ്എംഎസ് ഡിവൈഎസ്പി പക്ഷപാതപരമായിട്ടാണ് കേസ് അന്വേഷിച്ചതെന്നും ഒരു അഭിഭാഷകനും ഡിവൈഎസ്പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് എഫ്ഐആറില്‍ പേരുണ്ടായിട്ടും സജിത്തിനെ പ്രതിപട്ടികയില്‍നിന്നും ഒഴിവാക്കിയതെന്നും ഭാരതിയും കല്യാണിയും നല്‍കിയ പരാതിയില്‍ പറയുന്നു.

liquordeathoneindia-1

മുമ്പ് നടന്ന ഒരു ആത്മഹത്യയുമായി സജിത്തിന് ബന്ധമുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നില്ല. മൂന്നുപേരുടെ കൊലപാതകമായിട്ടും കേസ് ഗൗരവത്തില്‍ അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും തെറ്റായ കാര്യങ്ങള്‍ എഴുതി ചേര്‍ത്ത് സജിത്തിനെ കേസില്‍നിന്നും ഒഴിവാക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. കൊലപാതക കേസിലെ പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ടവരുടെ വീടുകളില്‍ കൊണ്ടുവന്നിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. തിഗ്നായിക്ക് വീട്ടില്‍ വിഷം കലര്‍ന്ന മദ്യംകൊണ്ടുപോയികൊടുത്ത സജിത്ത്കുമാറിനെ പ്രതിപട്ടികയില്‍നിന്നും ഒഴിവാക്കിയ സാഹചര്യത്തിലാണ് പരാതി നല്‍കിയത്.

വിവിധ പൂജാകര്‍മ്മങ്ങള്‍ ചെയ്യാറുള്ള തിഗ്നായിയുടെ വീട്ടില്‍ മകള്‍ക്ക് ചരട് കെട്ടുന്നതിനായാണ് സജിത്ത് എത്തിയത്. ഇതിനുള്ള ഉപഹാരമെന്ന നിലയിലാണ് സജിത്ത് തിഗ്നായിക്ക് മദ്യം നല്‍കിയത്. മദ്യം കഴിച്ചയുടന്‍ തന്നെ തിഗ്നായി കുഴഞ്ഞുവീണു. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തിഗ്നായി മരണമടയുകയായിരുന്നു. തിഗ്നായിയുടെ ശവസംസ്‌ക്കാരചടങ്ങുകള്‍ നടക്കാനിരിക്കെയാണ് അന്നേദിവസം തന്നെ രാത്രിയോടെ മകന്‍ പ്രമോദും, ബന്ധു പ്രസാദും ചേര്‍ന്ന് കുപ്പിയില്‍ അവശേഷിച്ച ബാക്കിയുള്ള മദ്യം കഴിക്കുന്നത്. പ്രമോദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും, പ്രസാദ് ആശുപത്രിയിലെത്തിയ ശേഷവും മരണമടയുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതിമാരകമായ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അവശേഷിച്ച മദ്യം പരിശോധിച്ചപ്പോഴാണ് സയനൈഡ് കലര്‍ത്തിയതായി കണ്ടെത്തിയത്. മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യക്കായിരുന്നു ആദ്യം അന്വേഷണച്ചുമതല.

santhosh11

മരിച്ചവര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നതായതിനാല്‍ പിന്നീട് കേസ് എസ് എം എസ് ഡി വൈ എസ് പി കെ പി കുബേരന്‍ നമ്പൂതിരിക്ക് കൈമാറുകയായിരുന്നു. മൂന്ന് പേരും മരിച്ച ദിവസം തന്നെ അറസ്റ്റിലായ സന്തോഷിനെയും, മദ്യമെത്തിച്ച സജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് സജിത്തിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി സന്തോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സജിത്തിനെ കൊലപ്പെടുത്തുന്നതിനായി സന്തോഷാണ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

എന്നാല്‍ ഈ മദ്യം കോളനിയിലെത്തിച്ച സജിത്തിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി മുഖ്യസാക്ഷിയാക്കി മാറ്റുകയായിരുന്നു. വിഷമദ്യമാണെന്നറിയാതെയാണ് സജിത്ത് തിഗ്നായിക്ക് മദ്യം നല്‍കിയതെന്നും അതിനാലാണ് സജിത്ത് പ്രതിയാകാത്തതെന്നുമാണ് എസ്എംഎസ് ഡിവൈഎസ്പി കെ പി കുബേരന്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോള്‍ മരിച്ചവരുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുള്ളത്.

Wayanad
English summary
relatives of liquor death victims approches chief minister for investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X