പച്ചക്കറി വിപണിയില്‍ വന്‍ വിലക്കയറ്റം; തക്കാളിക്കും പച്ചമുളകിനുമടക്കം പൊള്ളുന്ന വില, വയനാടന്‍ വിപണിയിലെ ഉല്പന്നങ്ങള്‍ക്ക് വില കുറഞ്ഞു!
കല്‍പ്പറ്റ: ചെറിയ പെരുന്നാള്‍ ആസന്നമായ ഘട്ടത്തില്‍ വിപണിയില്‍ പച്ചക്കറിക്ക് വന്‍ വിലക്കയറ്റം. അവശ്യസാധനങ്ങള്‍ക്കാണ് വില അമ്പതും അതിലധികവും വില വര്‍ധനവുണ്ടായിരിക്കുന്നത്. ഒരാഴ്ച മുമ്പുള്ള വിലയുടെ ഇരട്ടി വില വരാനുള്ള കാരണം ഉല്പാദനത്തിലുള്ള ഇടിവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഏറ്റവുമധികം ആളുകള്‍ക്ക് ആവശ്യമുള്ള തക്കാളി, പച്ചമുളക്, കാരറ്റ് അടക്കമുള്ള പച്ചക്കറികള്‍ക്കാണ് വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുള്ളത്.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം എത്തുമോ? മമതാ ബാനര്‍ജിയുടെ പ്രതികരണമിങ്ങനെ
ദിവസങ്ങള്‍ക്ക് മുമ്പ് വരെ 40 രൂപ വില ഉണ്ടായിരുന്ന ഒരു കിലോ പച്ചമുളകിന് ഇന്നലെ 60 രൂപയാണ് വില. 20രൂപ വില ഉണ്ടായിരുന്ന തക്കാളിക്ക് 40രൂപയായും കാരറ്റിന് 40 രൂപയുള്ളത് 60 രൂപയായും വര്‍ദ്ധിച്ചു. 40 രൂപ വിലയുള്ള ബീന്‍സിന് 70 രൂപയും, 30 രൂപ വില ഉണ്ടായിരുന്ന പാവക്കക്ക് 50 രൂപയും കൊത്തവരക്ക് 40 രൂപ ഉണ്ടായിരുന്നത് 70 രൂപയും, ചുരങ്ങക്ക് 20 രൂപയു ള്ളത് 30 രൂപയായും 40 രൂപ വില ഉള്ള കറിവേപ്പിലക്ക് 50 രൂപയായും വില വര്‍ദ്ധിച്ചത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി.
ഇതോടൊപ്പം കാബേജിന് 10 രൂപയുള്ളത് 30രൂപയും പത്ത് രൂപ വിലയുള്ള കക്കിരിക്ക് 35 രൂപയും, 20 രൂപ വിലയുള്ള ബീറ്റ്‌റൂറൂട്ടിന് 30 രൂപയും വില വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വേനലില്‍ വര്‍ധിച്ച ചെറുനാരങ്ങയുടെ വില 100ല്‍ നിന്നും 80 ആയി കുറഞ്ഞിട്ടുണ്ട്. വെണ്ടക്കയുടെ വില 20-ല്‍ തന്നെ തുടരുകയാണ്. അതേസമയം, വയനാട്ടിലെ ഉല്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നുമില്ല. വയനാട്ടില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന പയറിന് 40 രൂപയായിരുന്നത് 20 രൂപയായും, വഴുതിനക്ക് 30 രൂപയില്‍ നിന്ന് 20 രൂപയായും കുറഞ്ഞിട്ടുണ്ട്.
20 രൂപയുള്ള വെള്ളരിക്ക് 10 രൂപയായും ചേനക്ക് 30 രൂപയില്‍ നിന്ന് 20 രൂപയായും 60 രൂപയുള്ള മുരിങ്ങക്കായക്ക് 30 രൂപയായും കുറഞ്ഞിട്ടുണ്ട്. വയനാട്ടിലേക്ക് പച്ചക്കറിയെത്തുന്നത് പ്രധാനമായും കര്‍ണാടകയില്‍ നിന്നാണ്. അവിടുത്തെ കാലാവസ്ഥയിലുണ്ടായ മാറ്റം പച്ചക്കറിയുടെ ഉല്പദാനത്തെ സാരമായി ബാധിച്ചുവെന്നാണ് പറയുന്നത്. കര്‍ണാടകയില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയെത്തുന്നതാണ് വില വര്‍ധിക്കാനുള്ള പ്രധാനകാരണമായി വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ സാധാരണ വിലക്കയറ്റമുണ്ടാകുമ്പോഴുള്ള പതിവ് പല്ലവിയാണിതെന്നാണ് ഉപഭോക്താക്കളില്‍ പലരും പറയുന്നത്.