ഞങ്ങളുടെ മനസ്സ് മുഴുവൻ വയനാടിനൊപ്പം; ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം നൽകി നയൻതാരയും വിഘ്നേശും
ചെന്നൈ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ മനുഷ്യരെ ചേർത്ത് പിടിച്ച് നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് ഇരുവരും നൽകിയത്. നയൻതാര തന്നെയാണ് ഇക്കാര്യം വ്യക്തിമാക്കിയത്. തങ്ങളുടെ മനസ്സ് മുഴുവനും വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരായ കുടുംബങ്ങൾക്കും സമൂഹത്തോടുമൊപ്പമാണെന്നും നയൻതാരയും വിഘ്നേശും പറഞ്ഞു.
" ഞങ്ങളുടെ മനസ്സ് മുഴുവൻ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതരായ കുടുംബങ്ങളോടും സമൂഹത്തോടും ഒപ്പമാണ്. അവർ അനുഭവിക്കുന്ന നാശവും നഷ്ടവും വളരെയേറെ ഹൃദയഭേദകമാണ്. ഈ അവസരത്തിൽ പരസ്പരം പിന്തുണയ്ക്കേണ്ടതും ചേർത്ത് പിടിക്കേണ്ടതുമായ പ്രാധാന്യത്തെക്കുറിച്ച് ഓരോരുത്തരേയും ഓർമിപ്പിക്കുകയാണ്. ഐക്യദാർഢ്യം എന്നോണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,00,000 രൂപ ഞങ്ങൾ വിനീതമായ സംഭാവന നൽകുകയാണ്.''

ദുരിതബാധിതരായ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാനും പുനനിർമാണ പ്രക്രിയയിൽ കൈത്താങ്ങാകാനും ഇത് ഉപകരിക്കുമെന്ന് കരുതുന്നു, എന്നാണ് നയൻതാരയും വിഘ്നേശ് ശിവനും പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്. അവശ്യ ഘട്ടത്തിൽ എല്ലാ പിന്തുണയും നൽകുന്ന രക്ഷാപ്രവർത്തകരുടെയും അധികാരികളുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ അങ്ങേയറ്റം ഹൃദ്യമാണെന്നും ഇരുവരും പറഞ്ഞു.
നിരവധി ചലച്ചിത്ര താരങ്ങൾ വയനാടിന് സഹായമായി എത്തിയിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ആസ്ഫ് അലി, ഫഹദ്, നസ്രിയ സൂര്യ, ജ്യോതിക എന്നിങ്ങനെ നിരവധി താരങ്ങളാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. മോഹൻലാൽ 25 ലക്ഷവും മമ്മൂട്ടി 20 ലക്ഷവും ആണ് നൽകിയത്. ഫഹദും നസ്രിയയും ചേർന്ന് 25 ലക്ഷവും സൂര്യയും ജ്യോതികയും കാർത്തിയും 50 ലക്ഷവുമാണ് നൽകിയത്.
വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ജീവന്റെ തുടിപ്പ് ഉണ്ടോ എന്നറിയാനുള്ള പരിശോധനയിലാണ് രക്ഷാപ്രവർത്തകർ ഉള്ളത്. പരിശോധനക്കിടയിൽ മുണ്ടക്കൈയിൽ നിന്ന് പ്രതീക്ഷ ഉണർത്തുന്ന ഒരു സിഗ്നൽ റഡാറിൽ ലഭിച്ചു. മണ്ണിനടിയിൽ ഏതെങ്കിലും തരത്തിൽ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന് റഡാർ പരിശോധനയ്ക്കിടെയാണ് പ്രതീക്ഷ ഉണർത്തുന്ന സിഗ്നൽ ലഭിച്ചത്.
ഇത് മനുഷ്യ ജീവൻ തന്നെ ആവണം എന്നില്ല എങ്കിലും പ്രതീക്ഷയോടെ രക്ഷാപ്രവർത്തകർ മണ്ണ് കുഴിക്കുകയാണ്. ജീവനുള്ള വസ്തു എന്തുമാകാമെന്നും പരിശോധനയ്ക്ക് ശേഷമെ ഇക്കാര്യം വ്യക്തമാവുകയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. കെട്ടിടങ്ങളിൽ ഇനിയും ആളുകൾ കുടിങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന.












Click it and Unblock the Notifications