മഴക്കെടുതി: വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകള്‍ പിരിച്ചുവിടുക വീടുകള്‍ വാസയോഗ്യമാക്കിയ ശേഷം!
കല്‍പ്പറ്റ: ദുരിതാശ്വാസ ക്യാംപുകള്‍ പിരിച്ചുവിടുക വീടുകള്‍ വാസയോഗ്യമാക്കിയ ശേഷം മാത്രം. പഞ്ചായത്ത് കോ-ഓര്‍ഡിനേഷന്‍ സമിതി രൂപീകരിച്ചായിരിക്കും വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകള്‍ അടിയന്തരമായി വൃത്തിയാക്കി, വാസയോഗ്യമാക്കുക. കനത്ത മഴയില്‍ മലവെള്ളം കയറിയും മണ്ണിടിഞ്ഞും ഉപയോഗശൂന്യമായ വീടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് തദ്ദേശഭരണ സ്ഥാപന അധികൃതരുടെയും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്‌കൗട്ട്, എന്‍.സി.സി കോര്‍ഡിനേറ്റര്‍മാരുടെയും യോഗം തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് എ.പി.ജെ ഹാളില്‍ ചേരും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും യോഗത്തിനെത്തണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചിട്ടുണ്ട്. പഞ്ചായത്തു വാര്‍ഡുതലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് 14 വരെ തുടരുന്ന സാഹചര്യത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് മടങ്ങിപോകാന്‍ ഇനിയും കാലതാമസമെടുക്കും. ഇതിനുള്ളില്‍ വീടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള തീവ്രശ്രമത്തിലേക്കാണ് ജില്ലാഭരണകൂടം നീങ്ങുന്നത്.

സന്നദ്ധ സംഘടനകള്‍, യുവജന സംഘങ്ങള്‍ തുടങ്ങിയവരുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. നിലവിലെദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും മണ്ണിടിച്ചല്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ക്യാമ്പുകളിലെ ശുചിത്വത്തിനു പ്രത്യേക പരിഗണന നല്‍കാനും, പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കാനും, പനിയാണെങ്കില്‍പോലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കാനും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പുതിയ ക്യാമ്പുകള്‍ കണ്ടെത്തി ആളുകളെ മാറ്റണം. നിലവില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 24 മണിക്കൂറോളം ക്യാമ്പുകളില്‍ നില്‍ക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍, സഹായമെന്ന നിലയ്ക്കു പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെയടക്കം സേവനം ലഭ്യമാക്കും. കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്യാമ്പ് വിട്ടു വീട്ടിലേക്കു പോകുന്ന കുടുംബങ്ങള്‍ക്കായി ആശ്വാസ സഹായമായി 3800 രൂപ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത് പ്രകാരം നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വസ്ത്രവും പാത്രങ്ങളും നഷ്ടപ്പെട്ടവര്‍ക്കും ആശ്വാസമായാണ് സര്‍ക്കാര്‍ തുക നല്‍കുന്നത്. പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുകയെന്നും ഒറ്റ തവണ മാത്രമാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. രണ്ടു ദിവസമെങ്കിലും ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കാണ് അടിയന്തര ധനസഹായത്തിന് അര്‍ഹത. ആദ്യം ഘട്ടത്തില്‍ 1000 രൂപ ലഭിച്ചവര്‍ക്ക് അര്‍ഹതപ്പെട്ട ബാക്കി തുക കൂടി ലഭിക്കും. ബാങ്ക് അക്കൗണ്ടില്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചു നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും മാനദണ്ഡമനുസരിച്ചുള്ള ധനസഹായം ലഭിക്കും.












Click it and Unblock the Notifications