മക്കിമലയില്‍ കലക്ടര്‍ സന്ദര്‍ശനം;മണ്ണിടിച്ചില്‍ ഭീഷണിയുള്ള കുടുംബങ്ങള്‍ക്ക് താല്‍ക്കാലികഷെല്‍ട്ടര്‍
മാനന്തവാടി: ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ തലപ്പുഴ മക്കിമലയില്‍ ജില്ലാ കലക്ടര്‍ എ.അജയകുമാറും സംഘവും സന്ദര്‍ശനം നടത്തി. മരണമടഞ്ഞ റസാക്കിന്റെയും സീനത്തിന്റെയും കുടുംബത്തെയും കലക്ടറും സംഘവും സന്ദര്‍ശിച്ചു. റസാക്കിന്റെ മക്കളെ ആശ്വസിപ്പിച്ച കലക്ടര്‍ സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും മക്കളെയും കുടുംബാംഗങ്ങളെയും അറിയിച്ചു. വയനാട്ടിലുണ്ടായ അതിശക്തമായ മഴയില്‍ ഏറ്റവുമധികം കെടുതികള്‍ അനുഭവിച്ച ജില്ലയിലെ പ്രദേശമാണ് തലപ്പുഴ മക്കിമല.

മക്കിമലയില്‍ ഉരുള്‍പൊട്ടലുണ്ടായി രണ്ട് പേര്‍ മരിച്ച സ്ഥലത്ത് ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ സന്ദര്‍ശിക്കുന്നു
കനത്തമഴയില്‍ ഉരുള്‍പ്പൊട്ടലിന് സമാനമായി മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതിന് മക്കിമലയില്‍ രണ്ട് പേരാണ് മരണപ്പെട്ടത്. മംഗലശ്ശേരി റസാക്ക്, ഭാര്യ സീനത്ത് എന്നിവരായിരുന്നു മരിച്ചത്. തുടരെയെന്നോണം ഈ പ്രദേശത്ത് മണ്ണിടിച്ചില്‍ രൂക്ഷമായി കൊണ്ടിരുന്നു. മലവെള്ളപാച്ചിലില്‍ മക്കിമലയിലെ വയനാംപാലം തകര്‍ന്നതോടെ ബസ് സര്‍വീസടക്കം നിലച്ചിരുന്നു. പൊയില്‍, കമ്പമല, കൈതക്കൊല്ലി തുടങ്ങിയ മക്കിമലയിലെ പ്രദേശങ്ങളെല്ലാം ആ ദിവസങ്ങളില്‍ ഒറ്റപ്പെട്ടിരുന്നു. പുതിയിടം-മക്കിമല റോഡ്, കൈതക്കൊല്ലി കമ്പമല റോഡ് എന്നിങ്ങനെ മക്കിമല നിവാസികളുടെ ഗതാഗാതസൗകര്യങ്ങളെല്ലാം താറുമാറായിരുന്നു.

ഉരുള്‍പൊട്ടലില്‍ മരിച്ച റസാക്കിന്റെയും സീനത്തിന്റെയും മക്കളോട് സംസാരിക്കുന്ന ജില്ലാകലക്ടര്‍
ഇതോടൊപ്പം മക്കിമല മുനീശ്വരന്‍ കുന്നില്‍ മണ്ണിടിച്ചിലുണ്ടാവുകയും ഒന്നര കിലോമീറ്റര്‍ നീളത്തില്‍ വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തത് ആശങ്ക ഇരട്ടിയാക്കി. വനത്തില്‍ വന്‍ഉരുള്‍പൊട്ടലുണ്ടായി മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടതും മക്കിമല നിവാസികളെ ദുരിതത്തിലാക്കിയിരുന്നു. പലരും ദുരിതാശ്വാസക്യാംപ് വിട്ട് വീട്ടിലെത്തിയെങ്കിലും പലയിടത്തും ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഉരുള്‍ പ്പൊട്ടല്‍ ഉണ്ടായ സ്ഥലം നേരില്‍ കണ്ട ജില്ലാകലക്ടറോട് കുടുംബങ്ങള്‍ തങ്ങള്‍ക്ക് മണ്ണിടിച്ചില്‍ ഭീഷണിയുണ്ടെന്ന് അറിയിച്ചു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന കുടുംബങ്ങള്‍ ആരെങ്കിലുമുണ്ടെങ്കില്‍ പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന താല്കാലിക ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറാമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, മാനന്തവാടി തഹസില്‍ദാര്‍ എന്‍. ഐ.ഷാജു, വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി ടീച്ചര്‍ തുടങ്ങിയവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications