നാടിനെ നടുക്കിയ നവദമ്പതികളുടെ കൊലപാതകം; ദുരൂഹതകള്‍ ഒഴിയുന്നില്ല; അക്രമികള്‍ അകത്ത് കടന്നത് പിന്‍വാതില്‍ പൊളിച്ച്
മാനന്തവാടി: വയനാടിനെ നടുക്കി നവദമ്പതികളുടെ കൊലപാതകത്തില്‍ ദുരൂഹതയൊഴിയുന്നില്ല. എന്തിനായിരുന്നു കൊലപാതകം നടത്തിയത് എന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈല്‍ പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (27) ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 8.30 തോടെയായാണ് സംഭവം പുറത്തറിയുന്നത്. കൊലപാതക വിവരം വാര്‍ത്ത അറിഞ്ഞതോടെ നാടൊന്നാകെ ഉമ്മറിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപ്പെട്ടു. കൊലപാതകികള്‍ അകത്തുകടന്നത് പിന്‍വാലില്‍ പൊളിച്ചാണെന്നാണ് സംശയിക്കുന്നത്. പഴയ വീടിന്റെ മരത്തിന്റെ വാതില്‍ പൊളിച്ചാണ് മാരകായുധങ്ങളുമായി ആക്രമികള്‍ അകത്തുകടന്നതെന്ന സൂചന വ്യക്തമായി ലഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ഉമ്മറിന്റെയും ഭാര്യ ഫാത്തിമയുടെയും തലക്കും മുഖത്തുമാണ് ആക്രമികള്‍ മൂര്‍ച്ഛയുള്ള ആയുധം കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കിടപ്പുമുറിയിലെ ഒരു കട്ടിലില്‍ തന്നെയായിരുന്നു രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ചോരയില്‍ കുളിച്ച് കാണപ്പെട്ടത്. മല്‍പ്പിടുത്തത്തിന്റെയോ, മറ്റ് ഏറ്റുമുട്ടലിന്റെയോ യാതൊരു അടയാളങ്ങളും ഇല്ലായിരുന്നു.
മുറി അലങ്കോലപ്പെട്ടിരുന്നുമില്ല. മോഷ്ടാക്കള്‍ തന്നെയാണോ, മറ്റ് ആരെങ്കിലുമാണോ കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഏപ്രില്‍ 19ന് നിക്കാഹ് കഴിയുകയും മെയ് നാലിന് വിവാഹിതരാവുകയും ചെയ്ത ഉമ്മര്‍-ഫാത്തിമ ദമ്പതികളുടെ ദാരുണാന്ത്യമറിഞ്ഞ ഞെട്ടലിലാണ് ഇപ്പോഴും പ്രദേശവാസികള്‍ സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ളതും, ലളിതമായ ജീവിതരീതിയുമായിരുന്നു ഉമ്മറിന്റേത്. പതിനാലോളം പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഫാത്തിമക്കുണ്ടായിരുന്നത്. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ കളവ് പോയെന്ന് പൊലീസ് പറയുമ്പോഴും എത്ര പവനാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.

നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു സൗമനും മിതഭാഷിയുമായ ഉമ്മര്‍. ഭാര്യ ഫാത്തിമ മറിച്ചല്ല. കാര്‍ഷികവിഭവങ്ങള്‍ പാട്ടത്തിനെടുത്തായിരുന്നു ഉമ്മര്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. അതു കൊണ്ട് നാട്ടുകാര്‍ക്കിടയില്‍ ഉമ്മര്‍ സുപരിചിതനുമായിരുന്നു. സാമ്പത്തിക ഇടപാടിലും മറ്റും കൃത്യത പാലിക്കുന്നതിലും ഉമ്മര്‍ ശ്രദ്ധിച്ചിരുന്നു. പിതാവ് മൊയ്തു നാലരവര്‍ഷം മുമ്പ് മരിച്ചത് മുതല്‍ ഉമ്മറും സഹോദരന്‍മാരായ മുനീര്‍, അബ്ദുള്ള എന്നിവരായിരുന്നു കുടുംബത്തിന്റെ സംരക്ഷകര്‍. സഹോദരന്‍മാര്‍ മാറി താമസിച്ചപ്പോഴും മാതാവ് ആയിഷ ഉമ്മറിന്റെ വീട്ടില്‍ തന്നെയായിരുന്നു താമസം.

വ്യാഴാഴ്ച രാത്രി മാതാവ് ആയിഷ തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ മുനിറിന്റെ വീട്ടിലായിരുന്നു. വെള്ളിയാഴ്ച രാവിലെ തന്നെ ഉമ്മറിന്റെ വീട്ടിലെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടത്. ആയിഷയുടെ നിലവിളി കേട്ടാണ് സമീപത്തെ ബന്ധുക്കളും അയല്‍വാസികളും കൊലപാതക വിവരം അറിയുന്നത്. കൊലപാത വിവരം അറിഞ്ഞ ഉടന്‍ വന്‍ പോലീസ് സന്നാഹം തന്നെ സ്ഥലതെത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമി, സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി.ബിജോ അലക്‌സാണ്ടര്‍, മാനന്തവാടി ഡി.വൈ.എസ്.പി.സാ ദേവസ്യ, കല്‍പ്പറ്റ ഡി.വൈ.എസ്.പി.പ്രിന്‍സ് അബ്രഹാം, സ്റ്റേറ്റ് സെപഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി.വി ഡി വിജയന്‍ ,ക്രൈംബ്രാഞ്ച് സി.ഐ.അബ്ദുള്‍ കരീം, മാനന്തവാടി സി.ഐ. പി കെ മണി എന്നിവരങ്ങി ഉന്നത പോലീസ് സംഘം തന്നെ ഉമ്മറിന്റെ വീട്ടിലെത്തിയിരുന്നു. മാനന്തവാടി ഡി.വൈ.എസ്.പി.ക്കാണ് അന്വേഷണ ചുമതല. പോലീസ് കേസന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലപാതക വാര്‍ത്തയറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളിലുള്ള രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ സംഘടന നേതാക്കളും ജനങ്ങളും സംഭവസ്ഥലത്തെത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍മാസ്റ്റര്‍, ഒ ആര്‍ കേളു എടം എല്‍ എ, കെ സി മായിന്‍ഹാജി, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് ബാബു, കെ എം അബ്ദുള്ള, മൊയ്തു പുളിഞ്ഞാല്‍, കേളോത്ത് അബ്ദുള്ള തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.












Click it and Unblock the Notifications