കാണാതായി കണ്ടെത്തിയതിന് പിന്നാലെ വനിത സിഐക്ക് സ്ഥലംമാറ്റം, സ്റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കി
കൽപ്പറ്റ : വയനാട്ടിൽ നിന്ന് കാണാതായ പനമരം വനിത സിഐയെ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ സ്ഥലംമാറ്റി. പനമരം സിഐ കെ എ എലിസബത്തിനെ ആണ് സ്റ്റേഷൻ ചുമതലയിൽ നിന്ന് വയനാട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്.
അടുത്തിടെ കോടതി ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതായിരുന്നു.തിരുവനന്തപുരത്തെ വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സിഐയെ പിന്നീട് രണ്ട് ദിവസത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ആണ് ഇവരെ സ്ഥലംമാറ്റിയത്. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കോടതി ആവശ്യത്തിനായി വയനാട്ടിൽ നിന്ന് പാലക്കാടേക്ക് പോയപ്പോഴായിരുന്നു ഉദ്യോഗസ്ഥയെ കാണാതായത് . ഈ മാസം പത്താം തീയതി വൈകിട്ടാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാകാൻ പോയ സിഐ എലിസബത്തിനെ കാണാതാകുന്നത്. എലിസബത്ത് ഉപയോഗിച്ചിരുന്ന രണ്ട് നമ്പറുകളും സ്വിച്ച് ഓഫായ നിലയിലായിരുന്നു.സംഭവത്തിൽ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
എലിസബത്ത് സുഹൃത്തായ റിട്ടയേർഡ് വനിതാ എസ്‌ഐയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിലായിരുന്നു ഉണ്ടായത്. ഇവർ ബസ്സിൽ കയറുന്ന കാര്യങ്ങൾ അടക്കം കണ്ടെത്തിയിരുന്നു.
ഉദ്യോഗസ്ഥ അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് താൻ കൽപ്പറ്റയിൽ ആണെന്നാണ് എലിസബത്ത് പറഞ്ഞിരുന്നു. ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞീരുന്നില്ല. മേലുദ്യോഗസ്ഥരിൽ നിന്ന് ജോലി സംബന്ധമായ സമ്മർദം ഉണ്ടായിരുന്നതായി എലിസബത്ത് സഹപ്രവർത്തകരിൽ ചിലരോട് പറഞ്ഞതായി റിപ്പോർട്ടുകള് പുറത്തുവന്നിരുന്നു.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി ആണു എലിസബത്ത് പോയത്. എന്നാൽ കോടതിയിൽ എത്തിയില്ല. എലിസബത്തിനെ കാണാതായത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് എലിസബത്തിനെ കണ്ടെത്തിയത്. തുടർന്നാണ് സ്ഥലംമാറ്റിയിട്ടുള്ളതും












Click it and Unblock the Notifications