വയനാട്ടില്‍ ഹര്‍ത്താല്‍, എന്തെല്ലാം അടച്ചിരിക്കും, പ്രവര്‍ത്തിക്കുന്നത് ഇവ; അറിയേണ്ടതെല്ലാം
മാനന്തവാടി: വയനാട്ടില്‍ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരാഴ്ച്ചയ്ക്കിടെ വീണ്ടുമൊരു ഹര്‍ത്താലിനാണ് ജില്ല സാക്ഷ്യം വഹിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാവുന്ന വന്യമൃഗ ആക്രമണങ്ങള്‍ ജനങ്ങളെ പ്രതിഷേധത്തിലേക്ക് നയിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി വനംവകുപ്പ് ഓഫീസ് ഉപരോധവും, അവരുടെ വാഹനങ്ങള്‍ തടയുന്നതിനുമെല്ലാം വയനാട് സാക്ഷ്യം വഹിച്ചിരുന്നു. ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ പിടിക്കാനാവാത്തതും ഇതിന് പ്രധാന കാരണമായിരിക്കുകയാണ്. അതേസമയം ഹര്‍ത്താല്‍ ആരാണ് പ്രഖ്യാപിച്ചത് എന്നത് അടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കാം.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ഈ പാര്‍ട്ടികള്‍
വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യുഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. കാട്ടാന ആക്രമണത്തില്‍ 17 ദിവസത്തിനിടയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം. ചെയ്തത്.
ജനുവരി മുപ്പതിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഈ വര്‍ഷത്തെ ആദ്യ മരണമുണ്ടാവുന്നത്. തുടര്‍ച്ചയായി കാട്ടാന ആക്രമണത്തില്‍ ജനങ്ങളുടെ ജീവന്‍ നഷ്ടമാവുന്ന സംഭവത്തില്‍ ശാശ്വത പരിഹാരം തേടിയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ആരംഭിക്കുന്നത് എപ്പോള്‍
ഹര്‍ത്താല്‍ രാവിലെ ആറ് മുതലാണ് ആരംഭിക്കുക. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലുണ്ടാവുക. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച കാര്‍ഷിക സംഘടനകളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
കടകള്‍ തുറക്കുമോ?
അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്രം, പാല്‍, ആംബുലന്‍സ്, ആശുപത്രി സേവനങ്ങളെല്ലാം അതുകൊണ്ട് ലഭ്യമാവും. അതേസമയം ഹര്‍ത്താലില്‍ കടകള്‍ നിര്‍ബന്ധിച്ച് അടയ്ക്കാന്‍ സാധ്യതയില്ല. നേരത്തെയുള്ള ഹര്‍ത്താലിനും ഇതേ സമീപനമായിരുന്നു. വേണ്ടവര്‍ക്ക് ഹര്‍ത്താലിന്റെ ഭാഗമാവാം. യുഡിഎഫോ, എല്‍ഡിഎഫോ കടകള്‍ അടയ്ക്കണമെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടില്ല.
നേരത്തെ കാര്‍ഷിക സംഘടനകളുടെ ഹര്‍ത്താലില്‍ ഒന്നും അടപ്പിച്ചിരുന്നില്ല. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങളില്ലെന്നും, മനസ്സാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞിരുന്നു.
പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല
ഹര്‍ത്താലിനെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്‌സി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പോളിന്റെ മരണത്തോടെ ജനങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കാട്ടാന ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് പോളിന്റെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മാനന്തവാടിയില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോളിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി രാവിലെ ഏഴരയോടെ പുല്‍പ്പള്ളി പോലീസ് എത്തും.












Click it and Unblock the Notifications