വിദ്യാര്‍ത്ഥികളുമായുള്ള ആശിഷ് ജയിസ്‌വാലിന്റെ സംവാദം ശ്രദ്ധേയമായി
ഷാര്‍ജ: ചിന്താപരമായ വിദ്യാര്‍ത്ഥികളുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കിയുള്ള എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ആശിഷ് ജയിസ്‌വാല്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദം ശ്രദ്ധേയമായി.ഡോക്ടര്‍,എഞ്ചിനീയര്‍ തുടങ്ങിയ സ്ഥാനങ്ങളിലെത്താന്‍ ആഗ്രഹിക്കുന്നതു പോലെ ഒരു എഴുത്തുകാരനോ, കവിയോ ആകാന്‍ പുതിയ തലമുറ എന്തു കൊണ്ടാണ് ആഗ്രഹിക്കാത്തതെന്നായിരുന്നു പതിനൊന്നാം ക്ലാസുകാരനായ അജയ് ബാലകൃഷ്ണന്റെ ആദ്യ ചോദ്യം.

സമൂഹത്തിലുള്ള പ്രോത്സാഹനക്കുറവു തന്നെയാണ് പ്രധാന കാരണമെന്നായിരിന്നു ആശിഷ് ജയിസ്‌വാലിന്റെ മറുപടി.കുടുംബത്തിലെല്ലാവരും ഡോക്ടര്‍മാരും എഞ്ചിനീയറുമൊക്കെയായപ്പോള്‍ എഴുത്തുകാരനായിപ്പോയതില്‍ ഏതെങ്കിലും ഘട്ടത്തില്‍ നിരാശ തോന്നിയോ എന്ന മറ്റൊരു കുട്ടിയുടെ ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിദ്യാര്‍ത്ഥികള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ തങ്ങളിലുള്ള കഴിവുകള്‍ സ്വയം വളര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കമെന്ന് ആശിഷ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തിച്ചു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ആശിഷ് ജയിസ്‌വാലിന്റെ സംവാദം സംഘടിപ്പിച്ചത്. ട്രൂ ഡമ്മി,ഹൗ ടുറീഫോം എ ബിസിനസ് സ്‌കൂള്‍ എന്നീ പ്രശസ്ത പുസ്തകങ്ങളുടെ ഗ്രന്ഥ കര്‍ത്താവും യു.എസ്.യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറും, കോളമിസ്റ്റുമാണ് ബീഹാര്‍ സ്വദേശിയായ ആശിഷ് ജയിസ്‌വാല്‍. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ജോയിന്റ് ട്രഷറര്‍ വി.എ.മൊയ്തീന്‍, പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്‍, മിനി മേനോന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

മികച്ച ചോദ്യങ്ങള്‍ ചോദിച്ച അജയ് ബാലകൃഷ്ണന്‍, ഫാത്തിമത്ത് തൗഫീറ, ഗിഫ്റ്റി സാറ ജേക്കബ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ആശിഷ് കയ്യൊപ്പു ചാര്‍ത്തിയ തന്റെ പുസ്തകം സമ്മാനിച്ചു.












Click it and Unblock the Notifications