കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിനില്‍ ഇനി വിസയില്ലാതെ ജോലി ചെയ്യാം; സംവിധാനം നിലവില്‍ വരുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യം ബഹറിന്‍

ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം.

Google Oneindia Malayalam News

മനാമ: വിസയില്ലാതെ ബഹറിനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നിയമ വിധേയമായി തൊഴിലെടുക്കാന്‍ സാഹചര്യമൊരുക്കുന്ന ഫ്ളക്സിബിള്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിട്ടി ചീഫ് എക്സിക്യൂട്ടിവ് ഉസാമ അല്‍ അബ്സി അറിയിച്ചു. നിയമവിരുദ്ധമായി കഴിയുന്ന ഏകദേശം 48,000 ത്തോളം പ്രവാസി തൊഴിലാളികള്‍ക്കാണ് ഇതുവഴി നിയമാനുസൃതമായി ജോലി ചെയ്യാനുള്ള അവസരം ഒരുങ്ങുന്നത്. 2016 സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ തൊഴിലുടമ വിസ പുതുക്കി നല്‍കാതിരിക്കുകയോ, വിസ റദ്ദാക്കുകയോ ചെയ്തിട്ടും രാജ്യത്തു തുടരുന്ന തൊഴിലാളികള്‍ക്കാണ് അപേക്ഷ നല്‍കാന്‍ യോഗ്യതയുണ്ടാവുകയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കി.

എല്‍.എം.ആര്‍.എ സ്ഥാപിതമായതിന്റെ 10ാം വാര്‍ഷികവേളയില്‍ നടപ്പാക്കുന്ന ഈ നടപടിയിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും തൊഴില്‍ വിപണിയെയും ചടുലമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം. പാര്‍ടൈം ആയോ, മുഴുവന്‍ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴില്‍ പ്രവര്‍ത്തിക്കാം. തൊഴിലാളി തന്നെയാണ് ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. പെര്‍മിറ്റ് എടുക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും അനുവദിക്കും. 200 ദിനാറാണ് ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ് ഫീസ്. രണ്ടുവര്‍ഷത്തേക്കാണ് ഇത് അനുവദിക്കുക. ഹെല്‍ത് കെയര്‍ ഇനത്തില്‍ 144 ദിനാറും പ്രതിമാസം ഫീസായി 30 ദിനാര്‍ വീതവും ഗോസി തുകയും അടക്കണം. കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡെപ്പോസിറ്റ് ആയി നല്‍കേണ്ടി വരും.

bahrain

ഫ്ളെക്സിബ്ള്‍ വര്‍ക്കര്‍, ഫ്ളെക്സിബ്ള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ എന്നിങ്ങനെ രണ്ടു തരം വര്‍ക്പെര്‍മിറ്റുകളാണ് അനുവദിക്കുക. ഹോസ്പിറ്റാലിറ്റി വര്‍ക്ക് പെര്‍മിറ്റ് ആവശ്യമുള്ള തൊഴിലാളികള്‍ക്ക് പ്രത്യേക വൈദ്യപരിശോധനകളും ഉണ്ടായിരിക്കും. ഹോസ്പിറ്റല്‍, ക്ലിനിക്, ഹോട്ടല്‍, സലൂണ്‍, റെസ്റ്റോറന്റ്, തുടങ്ങിയ ജോലികള്‍ ചെയ്യുന്നവര്‍ക്കാണ് ഈ പെര്‍മിറ്റ് ആവശ്യമായുള്ളത്. ഇവരുടെ കായികക്ഷമത പരിശോധിച്ച ശേഷമേ പെര്‍മിറ്റ് നനല്‍കുകയുള്ളൂ. വിവിധ അതോറിറ്റികളുടെ രജിസ്ട്രേഷന്‍ ആവശ്യമുള്ള മെഡിക്കല്‍, എഞ്ചിനിയറിങ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ ജോലികള്‍ ചെയ്യാനായി ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ് ഉള്ളവരെ അനുവദിക്കില്ല. ഫ്ളക്സിബിള്‍ വര്‍ക്ക് പെര്‍മിറ്റുള്ള തൊഴിലാളികള്‍ രാജ്യത്തെ നിയമവ്യവസ്ഥിതിയെ മാനിച്ചു കൊണ്ട് തന്നെ ജോലി ചെയ്യണം. നിയമലംഘനം നടത്തുന്നവരെ നാട് കടത്തുമെന്നും അവര്‍ക്കു മറ്റൊരു അവസരം നല്‍കില്ലായെന്നും ഉസാമ അല്‍ അബ്സി പറഞ്ഞു.

നിയമാനുസൃതമായ രേഖകളോടെ ജോലി ചെയ്യുന്നവര്‍ക്കും, തദ്ദേശീയരായ തൊഴിലാളികള്‍ക്കും, തൊഴിലുടമകളെ അറിയിക്കാതെ ഓടിപ്പോയവര്‍ക്കും, വിസിറ്റ് വിസയിലെത്തിയവര്‍ക്കും, റണ്‍ എവേ കേസ് ഉള്ളവര്‍ക്കും ഈ സേവനം ലഭിക്കുകയില്ല. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി വഴി നല്‍കപ്പെടുന്ന ഫ്ളക്സിബിള്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ 2017 ജൂണ്‍ മാസം വരെ സമര്‍പ്പിക്കാം. മിഡില്‍ഈസ്റ്റില്‍ ആദ്യമായി നടപ്പാക്കുന്ന ഈ നിയമം പ്രവാസികള്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.

English summary
In Bahrain now its possible to work without visa; Bahrain is the first country to implement this facility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X