അബുദാബിയില്‍ വ്യാജ ലൈസന്‍സില്‍ പ്രവര്‍ത്തിച്ചാല്‍ 50,000 ദിര്‍ഹം പിഴയും കരിമ്പട്ടികയില്‍ സ്ഥാനവും!
അബുദാബിയില്‍ വ്യാജ ലൈസന്‍സില്‍ പ്രവര്‍ത്തിച്ചാല്‍ 50,000 ദിര്‍ഹം പിഴയും കരിമ്പട്ടികയില്‍ സ്ഥാനവും!
അബുദാബി: വ്യാജ ലൈസന്‍സുകളുമായി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നിയന്ത്രണവുമായി അബുദാബിഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ്. ഇത്തരം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും 50,000 ദിര്‍ഹം (8.7 ലക്ഷം രൂപ) പിഴ ചുമത്താനും സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്താനുമാണ് തീരുമാനം. വ്യാജ ലൈസന്‍സുകളുമായി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതു കണ്ടെത്താന്‍ വ്യാപകമായ പരിശോധനകള്‍ ആരംഭിച്ചുകഴിഞ്ഞതായും ഡിപ്പാര്‍ട്ട്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
വ്യാജ ലൈസന്‍സുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയെന്നത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്നും ഇത്തരം തെറ്റായ രീതികള്‍ ഇല്ലാതാക്കുന്നതിന് നിയമനടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും സാമ്പത്തിക വികസന വിഭാഗം അണ്ടര്‍ സെക്രട്ടറി ഖലീഫ ബിന്‍ സലീം അല്‍ മന്‍സൂരി പറഞ്ഞു. തട്ടിപ്പുസംഘങ്ങളെയും സ്ഥാപനങ്ങളെയും കണ്ടെത്തുന്നതിനായി വിസാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സ് ആന്റ് ഫോറിനേഴ്‌സ്, ഹ്യൂമണ്‍ റിസോഴ്‌സസ് ആന്റ് എമിററ്റൈസേഷന്‍ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് പ്രത്യേക കര്‍മസേനയ്ക്ക് രൂപം നല്‍കിയതായും അദ്ദേഹം അറിയിച്ചു. സ്വദേശികള്‍, വിദേശികള്‍ എന്ന വ്യത്യാസമില്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കും.

ഈയിടെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ് സ്ഥാപനങ്ങളെന്നു കരുതുന്ന നൂറ് കമ്പനികള്‍ക്കെതിരായ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും അവയുടെ വിസാ രേഖകള്‍ പരിശോധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പ്രവാസികളെ പിഴ ഈടാക്കിയ ശേഷം ബാന്‍ ചെയ്ത് നാട്ടിലേക്ക് അയക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇത്തരം സ്ഥാപനങ്ങളാണ് പലപ്പോഴും തട്ടിപ്പുകള്‍ നടത്തി ആളുകളെ പറ്റിക്കുകയും വ്യാജവിസകളില്‍ ആളുകളെ എത്തിച്ച് മുങ്ങുകയും ചെയ്യുന്നത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ കര്‍ശനമാക്കുന്നത്.












Click it and Unblock the Notifications