ഖത്തര്‍ ഉപരോധം: പ്രതിസന്ധിയിലായത് വിനോദ സഞ്ചാര മേഖല, തൊഴിലാളികള്‍ക്ക് പണിയില്ല

  • Posted By:
Subscribe to Oneindia Malayalam

ദോഹ: മിഡിലീസ്റ്റിലെ കൊച്ചുരാജ്യമായ ഖത്തറിനെതിരേ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ട് മാസം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് രാജ്യത്തെ വിനോദ സഞ്ചാര മേഖല. ഉപരോധത്തിന്റെ ഒന്നാം നാള്‍ തന്നെ ഇതിന്റെ പ്രതിഫലനങ്ങള്‍ മേഖലയില്‍ അനുഭവപ്പെട്ടുവെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ലഭിക്കുന്ന വിവരം.

വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ ഏറ്റവും കൂടുതല്‍ പ്രയാസത്തിലായത് ഖത്തറിലെ പേരുകേട്ട ആഡംബര ഹോട്ടലുകളാണ്. ഇവിടെ താമസിക്കാന്‍ ആളില്ലാതായത് കാരണം ആയിരക്കണക്കിന് ഹോട്ടല്‍ ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ജീവനക്കാര്‍ക്ക് പൊതുവെ നീണ്ട അവധി ലഭിക്കുക ദുഷ്‌ക്കരമാണ് ഈ മേഖവയില്‍. എന്നാല്‍ പുതിയ പ്രതിസന്ധി മറികടക്കുന്നതിന് ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായും മൂന്നും ആറും മാസം അധിക അവധിയെടുക്കാന്‍ ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുകയാണ് മാനേജ്‌മെന്റ്. പക്ഷെ വാര്‍ഷിക അവധിയില്‍ കൂടുതലെടുക്കുന്ന അവധിക്ക് ശമ്പളം ലഭിക്കില്ലെന്നു മാത്രം. പ്രവാസി ജീവനക്കാര്‍ക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇതൊരു അവസരമാവുമല്ലോ എന്നാണ് ഖത്തറിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ജനറല്‍ മാനേജറുടെ പ്രതികരണം.

 qfa-14-149742

വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ ഖത്തറിലെ ചെറുതും വലുതുമായ ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങള്‍ക്കും പണി കുറഞ്ഞു. ഖത്തറിന്റെ റോഡ് മാര്‍ഗമുള്ള അതിര്‍ത്തി അടച്ചതോടെ തങ്ങള്‍ ശരിക്കും പ്രതിസന്ധിയിലായതായി അല്‍ ഫദല്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ ഡയരക്ടര്‍ സഈദ് ഫദല്‍ പറയുന്നു. ചരക്ക് ഗതാഗതം തടസ്സപ്പെട്ടതും ഈ മേഖലയെ വല്ലാതെ ബാധിച്ചു.

Saudi Arabia Ministry Approve The Job Contract With India


ഇതിനു പുറമെ, നിര്‍മാണ മേഖലയിലും ഷിപ്പിംഗ് മേഖലയിലും ഉപരോധം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പരമാവധി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പല നിര്‍മാണ പ്രവര്‍ത്തികളും മന്ദഗതിയിലാണ്. ഇതുമൂലം ലേബര്‍ കോണ്‍ട്രാക്ടിംഗ് കമ്പനികളില്‍ പലതും തങ്ങളുടെ കീഴിലുള്ള തൊഴിലാളികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന പ്രതിസന്ധിയിലാണ്. പലര്‍ക്കും ഇതിനകം ശമ്പളം മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ധാരാളം മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ ഏറെയുള്ള മേഖലകളാണ് ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട്, നിര്‍മാണ വ്യവസായങ്ങളെന്നതിനാല്‍ ഉപരോധം നീളുന്നത് ആശങ്കയോടെയാണ് രാജ്യത്തെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
ഉപരോധം നേരിടാനുള്ള അടിയന്തര മാര്‍ഗമെന്ന നിലയില്‍ ഭക്ഷണ സാധനങ്ങള്‍, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതില്‍ ഖത്തര്‍ ഭരണകൂടം വിജയിച്ചതു പോലെ, ഈ മേഖലകളില്‍ കൂടി പുതുവഴികള്‍ തെളിഞ്ഞുവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

English summary
Report: For some Qatar employees, blockade hits hard
Please Wait while comments are loading...