സൗദി ഇനി വേറെ ലെവലാകും; റിയാദില്‍ വമ്പന്‍ മാറ്റങ്ങള്‍, 'റിയാദ് 2030 സ്ട്രാറ്റജി' അടുത്ത വര്‍ഷം പ്രഖ്യാപിക്കും
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വലിയ പദ്ധതി ഈ വര്‍ഷം പ്രഖ്യാപിക്കില്ലെന്ന് റിപ്പോര്‍ട്ട്. സൗദിയിലെ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം പുറത്തിവിട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും 2022 ഓടെ പദ്ധതി രൂപരേഖ പൂര്‍ത്തിയാക്കി പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

2030 വരെയുള്ള റിയാദിന്റെ സമഗ്ര വികസനത്തെ ലക്ഷ്യം വച്ചാണ് റിയാദ് 2030 സ്ട്രാറ്റജി എന്ന പദ്ധതി രൂപകല്‍പന ചെയ്തത്. 2030 ഓടെ റിയാദിനെ ആഗോള നഗരമാക്കി മാറ്റാന്‍ സൗദി അറേബ്യ 220 ബില്യണ്‍ ഡോളറാണ് നിക്ഷേപിക്കുന്നത്. സ്വകാര്യമേഖലയില്‍ നിന്ന് സമാനമായ തുക നിക്ഷേപം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റോയല്‍ കമ്മീഷന്‍ മേധാവി റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു.

നിലവില്‍ ഏകദേശം 7 ദശലക്ഷം ആളുകള്‍ താമസിക്കുന്ന തലസ്ഥാന നഗരത്തിന്റെ ജനസംഖ്യയും സമ്പദ്വ്യവസ്ഥയും അടുത്ത ദശകത്തില്‍ ഇരട്ടിയാക്കാനാണ് സൗദി അറേബ്യ പദ്ധതിയിടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, പുതിയ വ്യവസായങ്ങളും നിക്ഷേപ അവസരങ്ങളും സൃഷ്ടിച്ച് ക്രൂഡ് വരുമാനത്തില്‍ നിന്ന് തങ്ങളുടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാന്‍ ശ്രമിക്കുകയാണ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്റെ സാമ്പത്തിക പരിഷ്‌കരണ തന്ത്രത്തിന് കീഴില്‍ രാജ്യത്തിന്റെ തലസ്ഥാനം ലോകത്തിലെ ഏറ്റവും വലിയ 10 നഗരങ്ങളില്‍ ഒന്നായി മാറണമെന്ന് ആഗ്രഹിക്കുന്നു. ദേശീയ സമ്പദ്വ്യവസ്ഥയെ ഗണ്യമായി ഉത്തേജിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി വികസനങ്ങളുമായി രാജ്യം മുന്നോട്ട് നീങ്ങുകയാണ്.

അതേസമയം, ഈ മാസം ആദ്യം, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 75 ബില്യണ്‍ സൗദി റിയാലിന്റെ (20 ബില്യണ്‍ ഡോളര്‍) ജിദ്ദ സെന്‍ട്രല്‍ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനും പ്രധാന സവിശേഷതകളും അനാവരണം ചെയ്തിരുന്നു. ലോകത്തിന്റെ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ രാജ്യത്തെ നഗരത്തെ കൂടി ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് പരിഷ്‌കരണങ്ങള്‍.

നവംബറില്‍, പ്രിന്‍സ് മുഹമ്മദ് കടലില്‍ ഒരു പുതിയ വ്യാവസായിക നഗര പദ്ധതി പ്രഖ്യാപിച്ചിരുന്നു, ഇത് ലോകത്തിലെ ഏറ്റവും വലിയ ഫ്‌ലോട്ടിംഗ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സായിരിക്കും. അതേസമയം, റിയാദ് സ്ട്രാറ്റജി 26 സെക്ടറല്‍ പ്രോഗ്രാമുകളിലൂടെ നടപ്പിലാക്കും, അതില്‍ നൂറിലധികം സംരംഭങ്ങളും 700 പയനിയര്‍ പ്രോജക്ടുകളും ഉള്‍പ്പെടും. ഇത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്‍പ്പെടുന്നു.