സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് എത്ര ശമ്പളം കിട്ടും? ഫിലിപ്പിനോകള്‍ക്ക് 3.76 ലക്ഷം, പുതിയ വിവരങ്ങള്‍
റിയാദ്: സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. ഒട്ടേറെ മേഖലകളില്‍ സൗദിക്കാരുടെ പ്രാതിനിധ്യത്തിന്റെ കണക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രം ജോലി നല്‍കുന്ന മേഖലകളുമുണ്ട്. എങ്കിലും വിദേശികളെ മുഴുവന്‍ പുറത്താക്കാന്‍ സൗദി അറേബ്യക്ക് പദ്ധതിയില്ല. എണ്ണം കുറയ്ക്കുകയാണ് അവര്‍ ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഒരുവേള നിയന്ത്രണം വരുത്തിയിരുന്ന ഫിലിപ്പിനോകളെ ഇപ്പോള്‍ സൗദി അറേബ്യ തിരിച്ചുവിളിച്ചിരിക്കുകയാണ്. വീട്ടുജോലി ഉള്‍പ്പെടെയുള്ള അവര്‍ക്ക് അനുവദനീയമായ ജോലിയും നിശ്ചയിച്ചിട്ടുണ്ട്. 376000 രൂപയാണ് അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ശമ്പളം. ഇന്ത്യക്കാര്‍ക്കും ഇതേരീതിയില്‍ ശമ്പളം നിജപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദി അറേബ്യയും ഫിലിപ്പീന്‍സും കഴിഞ്ഞ സെപ്തംബര്‍ 13ന് പുതിയ തൊഴില്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. ഫിലിപ്പിനോകളെ സൗദിയിലേക്ക് ജോലിക്ക് അയക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കരാര്‍. ഏതൊക്കെ ജോലി അവര്‍ക്ക് ചെയ്യാം. എത്ര ശമ്പളം ലഭിക്കും... തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു കരാര്‍. ഇതുപ്രകാരമാണ് ഫിലിപ്പീന്‍സില്‍ നിന്ന് പുതിയ റിക്രൂട്ട്‌മെന്റ് ആരംഭിച്ചിരിക്കുന്നത്.

നവംബര്‍ ഏഴ് മുതല്‍ ഫിലിപ്പീന്‍സില്‍ നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യാമെന്നാണ് സൗദി അറേബ്യ അറിയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിവിധ ഏജന്‍സികള്‍ നേരത്തെ കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് മുതല്‍ ഫിലിപ്പിനോകള്‍ സൗദിയില്‍ എത്തി തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വീട്ടു ജോലി ഉള്‍പ്പെടെയുള്ള ജോലികളാണ് ഫിലിപ്പിനോകള്‍ക്ക് നല്‍കുക.

ഫിലിപ്പിനോകള്‍ക്ക് സൗദി അറേബ്യ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വാര്‍ഷിക ശമ്പളം 17288 റിയാലാണ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 3.76 ലക്ഷത്തിലധികം വരും. മാസത്തില്‍ 31000 രൂപയും. ഇത് കുറഞ്ഞ ശമ്പളമാണ്. ജോലിക്കാരുടെ കഴിവും ശേഷിയും അനുസരിച്ച് ശമ്പളം കൂടും. ഓരോ രാജ്യക്കാര്‍ക്കും സൗദി അറേബ്യയുടെ തൊഴില്‍ വകുപ്പ് വാര്‍ഷിക ശമ്പളം നിജപ്പെടുത്തിയിട്ടുണ്ട്.

വിദേശത്ത് നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ സൗദി തൊഴില്‍ വകുപ്പ് പുറത്തിറക്കിയിരുന്നു. ഇത് ലംഘിച്ചുള്ള റിക്രൂട്ട്‌മെന്റ് നിയമവിരുദ്ധമായി കണക്കാക്കും. ഫിലിപ്പിനോകള്‍ക്ക് അടുത്ത കാലം വരെ ചില നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാല്‍ സെപ്തംബറിലെ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ പഴയ പോലെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയ വക്താവ് സഅദ് അല്‍ ഹമ്മദ് പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ നിന്ന് സൗദിയിലേക്ക് ജോലിക്ക് എത്തുന്നവര്‍ക്ക് കുറഞ്ഞ വാര്‍ഷിക ശമ്പളം 9500 റിയാലാണ്. ഏകദേശം 2.6 ലക്ഷം രൂപ. തായ്‌ലാന്റില്‍ നിന്നുള്ളവര്‍ക്ക് 10000 റിയാല്‍ ലഭിക്കും. അതായത് ഏകദേശം 2.17 ലക്ഷം രൂപ. കെനിയക്കാര്‍ക്ക് 10870 റിയാലും ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ക്ക് 13000 റിയാലും ലഭിക്കുമെന്നാണ് തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍.

ഈ രാജ്യങ്ങളില്‍ നിന്നുള്ളവരേക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. ഇന്ത്യക്കാരുടെ കുറഞ്ഞ വാര്‍ഷിക ശമ്പളം 18000 സൗദി റിയാലാണ്. അതായത് ഏകദേശം 3.92 ലക്ഷം രൂപ. സൗദിയുടെ തലസ്ഥാനമായ റിയാദിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ട കണക്കുകളിലാണ് ഇത്രയും രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കുമെന്ന് വ്യക്തമാക്കുന്നത്.

തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തില്‍ സൗദി ഭരണകൂടം ശമ്പളം നിജപ്പെടുത്തിയിരിക്കുന്നത്. ഇതേസമയം തന്നെ, സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുകയും ഒട്ടേറെ മേഖലകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സ്വദേശികളെ തൊഴില്‍ രംഗത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും സൗദി ഭരണകൂടം നടത്തിവരികയാണ്.












Click it and Unblock the Notifications