Get Updates
Get notified of breaking news, exclusive insights, and must-see stories!

7 ദിവസം വീട്ടിലിരിക്കുക; പിന്നെയും 7 ദിവസം; കളക്ടറുടെ എഫ്ബി പേജില്‍ പ്രവാസികളുടെ പ്രതിഷേധം

മലപ്പുറം: കൊവിഡ് ഭീതി രാജ്യത്ത് വീണ്ടും വര്‍ധിക്കുകയാണ്. അകന്നുപോയി എന്ന് കരുതിയ കൊവിഡ് പല രൂപത്തില്‍ തിരിച്ചെത്തുന്നു. ഒമൈക്രോണും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ മാസ്‌ക് ധരിക്കേണ്ടതിന്റെയും പ്രോട്ടോകോള്‍ പാലിക്കേണ്ടതിന്റെയും ആവശ്യകത ആവര്‍ത്തിച്ച് ഉണര്‍ത്തുന്നു. എന്നാല്‍ എല്ലാ പ്രോട്ടോകോളും സുപ്രധാന പദവികളിലിരിക്കുന്നവര്‍ തന്നെ ലംഘിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.

വിദേശത്ത് നിന്ന് എത്തുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചും പ്രത്യേക നിര്‍ദേശമുണ്ട്. ഇക്കാര്യം വിശദീകരിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടു. ക്വാറന്റൈന്‍ കാലാവധി സംബന്ധിച്ചും ജാഗ്രത പാലിക്കേണ്ടതുമെല്ലാമാണ് പോസ്റ്റിലുള്ളത്. ഇതിനെതിരെ കടുത്ത വിമര്‍ശനവും പ്രതിഷേധവുമാണ് ഉയരുന്നത്....

1

വിദേശത്ത് നിന്നെത്തുന്നവര്‍ ഏഴ് ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ ഇരിക്കണമെന്ന് കളക്ടറുടെ എഫ്ബി പോസ്റ്റില്‍ പറയുന്നു. എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവാമെങ്കിലും ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണം നടത്തണം. നെഗറ്റീവ് പരിശോധനാ ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നും കളക്ടറുടെ ഒഫീഷ്യല്‍ പേജില്‍ പറയുന്നു.

2

കളക്ടറുടെ പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനവും പരിഹാസവും അടങ്ങിയ പ്രതികരണങ്ങളാണ് കമന്റായി എത്തുന്നത്. ജയിലില്‍ കിടക്കേണ്ടി വന്നാലും ഞാനിരിക്കില്ലെന്നാണ് ഒരാള്‍ പറയുന്നത്. നിയമങ്ങളോടും നിയന്ത്രണങ്ങളോടും ജനങ്ങള്‍ക്കുള്ള ബഹുമാനത്തെ അവഹേളിക്കരുതെന്നും അദ്ദേഹം എടുത്തുപറയുന്നു. നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.

3

പ്രവാസികളെല്ലാം വാക്‌സിനെടുത്തവരാണ് എന്നതാണ് വസ്തുത. പല പ്രവാസികള്‍ക്കും ജോലി സ്ഥലത്തെ നിര്‍ദേശത്തിന്റെ ഭാഗമായി ഇടയ്ക്കിടെ കൊവിഡ് പരിശോധന നടത്തണം. മിക്കവരും രണ്ട് ഡോസ് വാക്‌സിനെടുത്തവരാണ്. ബൂസ്റ്റര്‍ ഡോസ് എടുത്തവരും കുറവല്ല. വിദേശത്ത് നിന്ന് പുറപ്പെടുമ്പോഴും നാട്ടില്‍ വിമാനത്താവളത്തില്‍ എത്തുമ്പോഴും പരിശോധന നടത്തുന്നുണ്ട്. പിന്നീടും ക്വാറന്റൈനില്‍ ഇരിക്കണമെന്ന നിര്‍ദേശമാണ് പ്രവാസികളെ പ്രകോപിപ്പിക്കുന്നത്.

4

പ്രവാസി സന്നദ്ധ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി ഉള്‍പ്പെടെയുള്ളവര്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ് എന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ക്വാറന്റൈന്‍ നിര്‍ദേശം വിമര്‍ശിക്കപ്പെടുന്നത്. ഇതിലും ഭേദം നാട്ടില്‍ പോകാതെ കുട്ടികളെയും കുടുംബത്തെയും ഇങ്ങോട്ട് കൊണ്ടുവരുന്നതല്ലേ എന്ന് ഒരു പ്രവാസി കളക്ടറുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നു.

5

ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പൊതു ഇടങ്ങളിലും ഇന്‍ഡോര്‍ പരിപാടികളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം എടപ്പാള്‍ മേല്‍പ്പാല ഉദ്ഘാടനത്തിന് ആയിരങ്ങള്‍ എത്തിയത് പ്രവാസ ലോകത്ത് വലിയ ചര്‍ച്ചയാണ്.

6

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കായിക മന്ത്രി വി അബ്ദുറഹ്മാന്‍, തവനൂര്‍ എംഎല്‍എ കെടി ജലീല്‍, പൊന്നാനി എംഎല്‍എ നന്ദകുമാര്‍, പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കളാണ് എടപ്പാള്‍ മേല്‍പ്പാല ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. ശേഷം അവര്‍ പാലത്തിലൂടെ നടന്നു. ആയിരക്കണക്കിന് ജനങ്ങള്‍ അവരെ പിന്തുടരുകയും ചെയ്തു. ഉല്‍സവ അന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനം. പലരും മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പങ്കെടുത്തത്. ഇതിനെതിരെ വിമര്‍ശനം ശക്തമാണ്.

ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം

7

എടപ്പാളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കുമോ എന്നായിരുന്നു മുന്‍ മന്ത്രി പികെ അബ്ദുറബ്ബിന്റെ ചോദ്യം. ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ചങ്ങരംകുളം പോലീസ് അറിയിക്കുകയും ചെയ്തു. പുതിയ ക്വാറന്റൈന്‍ നിര്‍ദേശം പുനഃപരിശോധിക്കണം, നാട്ടില്‍പോയി എന്ന് പറയേണ്ട വീട്ടില്‍ പോയി എന്ന് പറയാം, കൊറോണ വിമാനത്തിലേ കയറൂ പാലത്തില്‍ കയറില്ല തുടങ്ങി നിരവധി കമന്റുകള്‍ കളക്ടറുടെ പേജില്‍ വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+