കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ പറ്റി നിങ്ങള്‍ക്ക് എന്തറിയാം? ബെഡ്‌സ്‌പേസില്‍ ഞെരുങ്ങി കഴിയുന്നവര്‍, ചില നിര്‍ദേശങ്ങള്‍

  • By Desk
Google Oneindia Malayalam News

ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും പ്രവാസ ജീവിതം നയിക്കുന്നത്. പലരും പല പ്രയാസങ്ങളും അവഗണിച്ചാണ് അവിടെ കഴിയുന്നത്. അതിനിടെയാണ് കൊറോണ ഭീതി വിതച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ വളരെ പ്രതിസന്ധി നേരിടുന്നു. ഈ ഘട്ടത്തില്‍ എല്ലാ മലയാളി പ്രവാസികളെയും നാട്ടിലെത്തിക്കുക എന്നത് പ്രായോഗികമല്ല. ഇക്കാര്യങ്ങള്‍ പ്രവാസികള്‍ക്കും അറിയാം. എല്ലാവരും നാട്ടിലേക്ക് വരണം എന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നുമില്ല.

എന്നാല്‍ നിര്‍ബന്ധമായി നാട്ടിലെത്തിക്കേണ്ട ഒട്ടേറെ പേര്‍ പ്രവാസലോകത്തുണ്ട്. മുന്‍ഗണനാ പട്ടിക തയ്യാറാക്കി ഇതിനുള്ള നടപടികള്‍ തുടങ്ങണം. മഹാവിപത്തില്‍ നിന്ന് പ്രവാസികളെ രക്ഷിച്ചേ മതിയാകൂ. കാരണം, ലക്ഷക്കണക്കിന് പേര്‍ പ്രവാസികളുടെ തണലില്‍ നമ്മുടെ നാട്ടില്‍ കഴിയുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രായോഗികമായ ചില നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുകയാണ് മുജീബ് റഹ്മാന്‍ കിനാലൂര്‍. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

k

കേരളത്തിലെ ഓരോ കുടുംബവും ഏതെങ്കിലും തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്.ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അല്ലലില്ലാതെ ജീവിക്കുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുടെ വരുമാനം കൊണ്ടാണ്. നമ്മുടെ നാട്ടിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത് പ്രധാനമായും പ്രവാസികളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല അമേരിക്കയും യൂറോപ്പും അടക്കം ലോകത്തിന്റെ എല്ലാ ഭഗത്തും ജോലി ചെയ്യുന്ന മലയാളികളും നമ്മുടെ നാടിന് നല്‍കുന്ന സംഭാവനകളും സേവനങ്ങളും വളരെ വലുതാണ്. ഒരു വ്യത്യാസമുള്ളത് ഗള്‍ഫുകാര്‍ ഒരു കാലത്തും അവിടെ പൗരന്മാരാകില്ല എന്നതാണ്. എത്ര തലമുറ പിന്നിട്ടാലും അവര്‍ ഈ രാജ്യത്തെ പൗരന്മാര്‍ തന്നെ ആയിരിക്കും.

കോവിഡ് 19 ഉയര്‍ത്തി വിട്ട ഭീതിയുടെ കൊടുങ്കാറ്റില്‍ ആടി ഉലയുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ധാരാളം മലയാളികള്‍ അവിടെ രോഗ ബാധിതരാണ്. ഒട്ടേറെ പേര്‍ ക്വാറന്റീനിലാണ്. പരിമിതമായ സൗകര്യങ്ങളുള്ള ലേബര്‍ കേമ്പുകളിലും മറ്റും കഴിയുന്നവരുടെ നില പരിതാപകരമാണ്.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാത്ത രാജ്യങ്ങളുമായുള്ള ലേബര്‍ കരാര്‍ റദ്ദ് ചെയ്യുകയും തൊഴിലാളികളെ പിരിച്ച് വിടുകയും ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് യു എ ഇ യിലെ പ്രവാസികളെ മാത്രമല്ല അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.

യു എ യില്‍ ഏതാണ്ട് 12 ലക്ഷം മലയാളികളായ പ്രവാസികളുണ്ട്. സൗദിയില്‍ അത് 15 ലക്ഷം കാണണം. അതില്‍ ചെറിയ വിഭാഗം മാത്രമെ കുടൂംബമായി കഴിയുന്നവരുള്ളു. ഗണ്യമായ വിഭാഗം ബാച്ചിലേഴ്‌സാണ്. ചെറിയ ബെഡ് സ്‌പേസില്‍ അരിഷ്ടിച്ച് ജീവിക്കുന്നവരാണ്. ഒരു ഫ്‌ലാറ്റില്‍ നൂറുക്കണക്കിനാളുകള്‍ ഞെരുങ്ങി കഴിയുന്നവരാണ്. ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് അതിന്റെ ദയനീയാവസ്ഥ എളുപ്പം മനസ്സിലാകും. ഇത്തരം സാഹചര്യങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യത കൂടുതലാണ്. ഇവരില്‍ നിരീക്ഷണം ആവശ്യമുള്ളവരെ ക്വാറന്റീന്‍ ചെയ്യാന്‍ പ്രയാസമാണ്. രോഗലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

ഈ സാഹചര്യത്തിലാണ് ഗള്‍ഫിലെ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്ന് വന്നിരിക്കുന്നത്.
തീവ്രമായി രോഗ ബാധയുള്ള ഗള്‍ഫില്‍ നിന്ന് ആളുകളെ മടക്കി കൊണ്ടു വരുമ്പോള്‍ നാട്ടിലും മഹാമാരി ആളിപ്പടരാന്‍ അത് ഇടയാക്കില്ലെ എന്ന ആശങ്ക സ്വാഭാവികമായും ഉണ്ട്. എന്നാല്‍ ഗള്‍ഫിലെ മലയാളികളുടെ ജീവന്‍ നമുക്ക് വളരെ വിലപ്പെട്ടതാണ് താനും . ഈ ഘട്ടത്തില്‍ പ്രശ്‌നത്തെ സംബന്ധിച്ച വ്യക്തത ആവശ്യമാണ്.

1. കോവിഡ് 19 പിടിപെട്ടവരെ ചികില്‍സിക്കാനുള്ള മികച്ച സംവിധാനങ്ങള്‍ ഗള്‍ഫിലുണ്ട്. അത് ഭംഗിയായി ചെയ്യുന്നുമുണ്ട്. രോഗ നിര്‍ണയ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യവും വെന്റിലേറ്റര്‍ സൗകര്യങ്ങളും അവിടങ്ങളില്‍ ഉണ്ട്. രോഗികളോട് നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ല.

2. ലേബര്‍ കേമ്പുകളില്‍ ഉള്ളവരും ലോക്ക് ഡൗണ്‍ മൂലം തൊഴിലില്ലാത്തവരുമായ പ്രവാസികള്‍ക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കാന്‍ അവിടെയുള്ള സന്നദ്ധ സംഘടനകളും കൂട്ടായ്മകളും കഠിനമായി ശ്രമിക്കുന്നുണ്ട്.

3. ഗള്‍ഫിലേക്ക് വിസിറ്റിംഗ് വിസയില്‍ എത്തി കുടുങ്ങി പോയവര്‍ അനവധിയുണ്ട്. മക്കളുടെ പ്രസവം, രോഗം അങ്ങനെ പല ആവശ്യങ്ങള്‍ക്ക് വേണ്ടി ചെന്ന് കുടുങ്ങിയവരാണവര്‍. വൃദ്ധര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, സ്ഥിര രോഗികള്‍ എന്നിങ്ങനെ പലരും ഇതില്‍ പെടുന്നു.

ലക്ഷക്കണക്കിനു വരുന്ന പ്രവാസികളെ എല്ലാവരെയും നാട്ടിലേക്ക് കൊണ്ട് വരുക ഈ ഘട്ടത്തില്‍ പ്രായോഗികമല്ല; അങ്ങനെ ആരും ആവശ്യപ്പെടുന്നുമില്ല. മുകളില്‍ വിവരിച്ച സാഹചര്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തി മുന്‍ഗണനാ ക്രമത്തില്‍ ഉചിതമായ പരിഹാരം കാണുകയാണ് അടിയന്തിര ആവശ്യം.

നാട്ടിലേക്കുള്ള മടക്കം: വിദേശകാര്യ വകുപ്പും എമ്പസിയും നോര്‍ക്കയും ഇടപെട്ട് നാട്ടിലേക്ക് അയക്കേണ്ടവരുടെ മുന്‍ഗണന പട്ടിക തയ്യാറാക്കണം.

• ഏറ്റവും പെട്ടെന്ന് നാട്ടിലേക്ക് മടക്കി കൊണ്ട് വരേണ്ടവരുടെ ഒരു പ്രയോറിറ്റി ലിസ്റ്റ് ആദ്യം തയ്യാറാക്കണം. മുകളില്‍ മൂന്നാമതായി പറഞ്ഞ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കണം.

• കോവിഡ് അല്ലാത്ത മറ്റനേകം അസുഖ ബാധിതര്‍ അവിടെയുണ്ട്. അവര്‍ക്ക് നാട്ടില്‍ ഉചിതമായ ചികില്‍സ തേടാന്‍ അവസരമുണ്ടാക്കണം.

• രോഗ ബാധിതരല്ലാത്ത, രോഗ ലക്ഷണമില്ലാത്ത, തൊഴിലോ വരുമാനമോ ഇല്ലാത്തവരെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കണം.

ഗള്‍ഫില്‍ ആവശ്യമയ സേവനങ്ങള്‍:

• മോശം സാഹചര്യങ്ങളിലുള്ളവരെ സാമൂഹിക അകലം നില നിര്‍ത്തി താമസിക്കാവുന്ന ഇടങ്ങളിലേക്ക് മാറ്റണം. മലയാളികളുടെ നിയന്ത്രണത്തിലുള്ള പല കെട്ടിടങ്ങളും സ്ഥാപനങ്ങളും ഇപ്പോള്‍ തന്നെ ഇതിനായി വിട്ടു കൊടുത്തതായറിയുന്നു.

• എല്ലാവര്‍ക്കും ഭക്ഷണവും വൈദ്യ സഹായവും ഉറപ്പ് വരുത്തണം. ആവശ്യമെങ്കില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കണം. മലയാളികളുടെ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും സഹായം ലഭ്യമാക്കാം.

നാട്ടിലെ മുന്നൊരുക്കം

• നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ക്ക് നിര്‍ദിഷ്ട കാലം ക്വാറന്റീനില്‍ കഴിയാന്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കണം. വിവിധ മത സാമൂഹിക സംഘടനകള്‍ അതിനു വേണ്ട സൗകര്യങ്ങള്‍ വിട്ട് നല്‍കാന്‍ തയ്യാറായി വന്നത് ആശ്വാസകരമാണ്. സര്‍ക്കാര്‍ അവ ഉപയോഗിച്ച് വേണ്ട ക്രമീകരണങ്ങള്‍ ചെയ്താല്‍ രോഗ ഭീതി ഇല്ലാതെ മടങ്ങി വരുന്നവര്‍ക്ക് വീട്ടിലേക്ക് മടങ്ങാം.

• കയ്യില്‍ കാശൊന്നുമില്ലാതെയാകും പലരും നാട്ടിലെത്തുന്നത്. അടിയന്തിര സഹായം എന്ന നിലയില്‍ ഒരു തുക അനുവദിക്കണം. സൗജന്യ റേഷന്‍, മറ്റ് സഹായങ്ങളും അനുവദിക്കണം.

• കോവിഡ് 19 കാരണമായി സ്ഥിരമായോ ഭാഗികമായോ തൊഴില്‍ നഷ്ടമാകാന്‍ പോകുന്നത് ആയിരക്കണക്കിനു പേര്‍ക്കാണ്. ചെറുകിട ഗ്ലോസറികള്‍, റസ്റ്ററന്റുകള്‍, ജ്യൂസ് കടകള്‍ തുടങ്ങിയവ നടത്തുവര്‍ പ്രവാസം മതിയാക്കേണ്ടി വരുമോ എന്ന് ആശങ്കിക്കുന്നു. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണം.

Recommended Video

cmsvideo
American nationals prefer to stay in India | Oneindia Malayalam

കോവിഡ് അനന്തര ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നിച്ചുള്ള ഒരു നീക്കമാണാവശ്യം. കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും ഈ കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. മടങ്ങി വരുന്നവരെ സുരക്ഷിതമായി പരിചരിക്കുമെന്ന ഉറപ്പ് നല്‍കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം. സംസ്ഥാന സര്‍ക്കാറാണ് ഈ ഉറപ്പ് നല്‍കേണ്ടത്. ഗള്‍ഫിലും നാട്ടിലുമുള്ള സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. പരസ്പരം കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്. യോജിച്ചും പരസ്പരം അംഗീകരിച്ചും ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിക്കാം.

English summary
Malayali Expats Return Back to Kerala: Some Suggestions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X