ഖത്തര്‍ പ്രവാസികളുടെ നടുവൊടിയും!! വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി... 4 ലക്ഷം രൂപവരെ
സീസണ്‍ അടിസ്ഥാനമാക്കി ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ് വരുത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍

ദോഹ: ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലാണ് പ്രവാസികള്‍. പ്രത്യേകിച്ചും കേരളത്തിന്റെ. പ്രവാസികളെ വിമാന കമ്പനികള്‍ മല്‍സരിച്ച് പിഴിയുന്നു എന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാണുന്നുമില്ല. ഇടത്തരം ജോലി ചെയ്യുന്നവരാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രവാസികള്‍. സീസണ്‍ അടിസ്ഥാനപ്പെടുത്തി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി പ്രവാസികളെ പരമാവധി ഊറ്റുകയാണ് വിമാന കമ്പനികള്‍ ചെയ്യുന്നത്.
ഏറ്റവും ഒടുവില്‍ ഖത്തറില്‍ നിന്നുള്ള വിവരങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഖത്തറില്‍ നിന്ന് ഒരു കുടുംബത്തിന് നാട്ടിലേക്ക് വരണമെങ്കില്‍ നാല് ലക്ഷം രൂപ വരെ ചെലവുണ്ട്. അവധി സീസണില്‍ നാട്ടിലേക്ക് വരുന്നവര്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങിയപ്പോഴാണ് ഈ ക്രൂരത. അറിയാം കൂടുതല്‍ വിവരങ്ങള്‍...

കുത്തനെ ഉയര്‍ത്തി
ഖത്തറില്‍ സ്‌കൂളുകളുടെ വേനലവധി ജൂണിലാണ് ആരംഭിക്കുക. എന്നാല്‍ പ്രവാസികള്‍ ഇപ്പോള്‍ തന്നെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. അവധി കാലത്ത് കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരിക്കുമെന്ന് അറിയുന്ന വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുകയണ്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ടിക്കറ്റ് നിരക്കിലാണ് വന്‍ വര്‍ധനവുള്ളത്.

മൂന്ന് കമ്പനികള്‍
ജൂണ്‍ 15നാണ് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ അടയ്ക്കുന്നത്. ആഗസ്റ്റ് 27ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തര്‍ എയര്‍വേയ്‌സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികളാണ് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഖത്തര്‍ എയര്‍വേയ്‌സിന് ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതലാണ്. അതുകൊണ്ടുതന്നെ മറ്റു രണ്ട് ഇന്ത്യന്‍ കമ്പനികളെയാണ് പ്രവാസികള്‍ കൂടുതല്‍ ആശ്രയിക്കാറ്.

കേരളത്തിന് പുറത്ത് ആശ്വാസം
ജൂണ്‍-ആഗസ്റ്റ് മാസങ്ങളിലെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നാല് പേരടങ്ങുന്ന കുടുംബത്തിന് 2 മുതല്‍ മൂന്നര ലക്ഷം വരെ രൂപ ചെലവ് വരുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും വലിയ നിരക്കാണ്. അതേസമയം, മുംബൈ, ഡല്‍ഹി ടിക്കറ്റ് നിരക്കുകള്‍ കുറവുമാണെന്ന് പ്രവാസികള്‍ പറയുന്നു. ജൂണ്‍ 25ന് കേരളത്തിലേക്കും ആഗസ്റ്റ് 18ന് തിരിച്ച് ദോഹയിലേക്കുമുള്ള ടിക്കറ്റ് നിരക്ക് 67000 രൂപ വരെയാണ്. നാലംഗ കുടുംബത്തിന് മൂന്ന് ലക്ഷമാകും. ചില ദിവസങ്ങളില്‍ 4 ലക്ഷത്തോളം വരുന്നു.

പ്രവാസികളുടെ സങ്കടം
ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നാലര മണിക്കൂറാണ് യാത്ര. അതേസമയം, കണക്ഷന്‍ വിമാനത്തിലാണെങ്കില്‍ ഇത് 10 മണിക്കൂറിന് മുകളിലാകും. നേരിട്ടുള്ള വിമാന സര്‍വീസ് ദോഹയില്‍ നിന്ന് കുറവാണ്. മിക്ക വിമാനങ്ങളും അബുദാബി, ഷാര്‍ജ വഴി പോകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഏറെ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഫലമില്ലെന്ന് പ്രവാസികള്‍ പരാതിപ്പെടുന്നു.

പ്രവാസികള്‍ കൂടുതലുള്ള രാജ്യം
സ്വദേശികളേക്കാള്‍ കൂടുതല്‍ പ്രവാസികളുള്ള രാജ്യമാണ് ഖത്തര്‍. 80 ശതമാനത്തോളം ഇവിടെ വിദേശികളാണ്. ഇതില്‍ കൂടുതലും മലയാളികളാണ് എന്നതും എടുത്തു പറയേണ്ടതാണ്. എന്നാല്‍ മലയാളികളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രവാസികള്‍ പരാതിപ്പെടുന്നു. ടിക്കറ്റ് നിരക്കിന്റെ മറവിലെ കൊള്ള അവസാനിപ്പിക്കണമെന്ന് പ്രവാസി സംഘടനകളും ആവശ്യപ്പെടുന്നു.












Click it and Unblock the Notifications