സൗദി രാജകുമാരന്‍ ജയില്‍ മോചിതനായത് എങ്ങനെ? ബിന്‍ തലാല്‍ പറയുന്നു... രഹസ്യകരാര്‍
കിങ്ഡം ഹോള്‍ഡിങ് കമ്പനി വിഭജിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബിന്‍ തലാല്‍ പറഞ്ഞു.
റിയാദ്: ലോക കോടീശ്വരന്‍മാരെ ഒരു രാത്രികൊണ്ട് അഴിക്കുള്ളിലാക്കി സൗദി അറേബ്യ ഞെട്ടിച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്. മൂന്ന് മാസത്തിന് ശേഷം ഇവരെ ഓരോരുത്തരെയായി വിട്ടയച്ചു. ഇവര്‍ക്കെതിരെ കേസെടുക്കുകയോ തുടര്‍ നടപടികളോ സ്വീകരിച്ചില്ല. വിട്ടയക്കുന്നതിന് പകരം രാജകുമാരന്‍മാര്‍ പണം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ അന്നുതന്നെ വന്നിരുന്നു. എന്നാല്‍ എന്താണ് ജയിലില്‍ കിടന്ന അവസാന ദിവസങ്ങളില്‍ സംഭവിച്ചതെന്ന് മൂന്ന് മാസം ജയിലില്‍ കഴിഞ്ഞ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ വെളിപ്പെടുത്തി. സൗദിയിലെ ഏറ്റവും വലിയ ധനികനാണ് ബിന്‍ തലാല്‍ രാജകുമാരന്‍. അറസ്റ്റിലായവരില്‍ ഇദ്ദേഹമായിരുന്നു പ്രമുഖന്‍. ലോകത്തെ മിക്ക വന്‍കിട കമ്പനികളിലും പങ്കാളിത്തമുള്ള ബിന്‍ തലാലിന്റെ മോചനം വൈകിയത് വ്യവസായികള്‍ക്ക് ആശങ്കയായിരുന്നു. മോചനത്തിന് വഴി തെളിഞ്ഞത് എങ്ങനെയെന്ന് ബിന്‍ തലാല്‍ തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍. രഹസ്യകരാറുണ്ടാക്കിയാണ് മോചിതനായതെന്ന് ബിന്‍ തലാല്‍ പറയുന്നു. എന്തായിരുന്നു കരാര്‍...?

രഹസ്യകരാര്‍
സൗദി അറേബ്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് കിങ്ഡം ഹോള്‍ഡിങ്‌സ്. അതിന്റെ ചെയര്‍മാനാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. സൗദി രാജകുടുംബത്തിലെ പ്രമുഖനായ ഇദ്ദേഹത്തിന്റെ അറസ്റ്റ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ബ്ലൂംബെര്‍ഗ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മോചനത്തിലേക്ക് നയിച്ച കാര്യങ്ങള്‍ സംബന്ധിച്ച് ബിന്‍ തലാല്‍ മനസ് തുറന്നത്. സര്‍ക്കാരുമായുണ്ടാക്കിയ രഹസ്യ കരാറിനെ അടിസ്ഥാനമാക്കിയാണ് തന്നെ മോചിപ്പിച്ചതെന്ന് ബിന്‍ തലാല്‍ സമ്മതിച്ചു. ട്വിറ്റര്‍, ആപ്പിള്‍, സിറ്റി ഗ്രൂപ്പ്, ന്യൂസ് കോര്‍പ്പ് തുടങ്ങിയ ആഗോള വന്‍കിട കമ്പനികളില്‍ ഓഹരി പങ്കാളിത്തമുള്ള ധനികനാണ് ബിന്‍ തലാല്‍. ഇദ്ദേഹത്തിന്റെ കിങ്ഡം ഹോള്‍ഡിങ്‌സ് കമ്പനിയുടെ പേരിലാണ് എല്ലാ നിക്ഷേപവും. ഈ കമ്പനിയുടെ ഓഹരികള്‍ സര്‍ക്കാരിന് കൈമാറിയാണ് ജയില്‍ മോചിതനായത് എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം വിശദീകരണം നല്‍കി...

തീരുമാനങ്ങള്‍ ഇങ്ങനെ
സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ രഹസ്യമായിരുന്നു. അതു സംബന്ധിച്ച് പുറത്തുപറയാന്‍ പറ്റില്ല. രഹസ്യകരാര്‍ വെളിപ്പെടുത്തുന്നത് ശരിയല്ല. കമ്പനിയുടെ ഓഹരി സര്‍ക്കാരിന് കൈമാറിയെന്ന് പറയുന്നതില്‍ വസ്തുതയില്ല. കമ്പനിയുടെ 95 ശതമാനം ഓഹരികളും തന്റെ കൈവശം തന്നെയാണെന്നും ബിന്‍ തലാല്‍ പരോക്ഷമായി സൂചിപ്പിച്ചു. സര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ചില നടപടികള്‍ ഇപ്പോഴും നടക്കുന്നുണ്ട്. സൗദി അറേബ്യക്ക് പരമാധികാര സാമ്പത്തിക ഫണ്ടുണ്ട്. ഈ ഫണ്ടില്‍ നിക്ഷേപിക്കും. മാത്രമല്ല, ആഭ്യന്തര പദ്ധതികളില്‍ നിക്ഷേപം നടത്താനും തീരുമാനിച്ചതായും ബിന്‍ തലാല്‍ പറഞ്ഞു. ഇതെല്ലാം രഹസ്യകരാറിന്റെ ഭാഗമായിട്ടാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ അറസ്റ്റ് ചെയ്തതും വിട്ടയച്ചതും. ബിന്‍ സല്‍മാനുമായി ബിന്‍ തലാലിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ?

രാജാവുമായി പ്രശ്‌നമുണ്ടോ?
200ലധികം പ്രമുഖരെയാണ് അഴിമതി വിരുദ്ധ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ നിന്ന് 10000 കോടി ഡോളര്‍ സൗദി ഭരണകൂടം വസൂലാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അറ്റോര്‍ണി ജനറല്‍ ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തിരുന്നു. ബിന്‍ തലാലില്‍ നിന്ന് എത്ര പിഴയീടാക്കി എന്ന് ഇതുവരെ ആരും പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം സൗദിക്ക് നേട്ടമുണ്ടാകുന്ന വിധത്തില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചുവെന്നാണ് മനസിലാകുന്നത്. സൗദിയില്‍ നിക്ഷേപിക്കുന്നത് തുടരുമെന്ന് ബിന്‍ തലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അമ്മാവന്‍ സല്‍മാന്‍ രാജാവുമായോ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായോ തനിക്ക് യാതൊരു പ്രശ്‌നവുമില്ല. എല്ലാ ബന്ധങ്ങളും പഴയ പോലെ തന്നെ തുടരുന്നുണ്ട്. സൗദിയില്‍ നിക്ഷേപിക്കുന്നത് സൗദിയുടെ പൊതുനിക്ഷേപ ഫണ്ടുമായി ചേര്‍ന്നായിരിക്കും. ഫണ്ടിന്റെ അധ്യക്ഷന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ്. അദ്ദേഹവുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നും ബിന്‍ തലാല്‍ വ്യക്തമാക്കി.

കിങ്ഡം ഹോള്‍ഡിങ് വിഭജിക്കുന്നു
ചെങ്കടല്‍ തീരത്ത് സൗദി അറേബ്യന്‍ ഭരണകൂടം വന്‍ നഗര പദ്ധതി നടപ്പാക്കുന്നുണ്ട്. കൂടാതെ റിയാദിനോട് ചേര്‍ന്ന് വിനോദ ജില്ലയും തയ്യാറാക്കുന്നുണ്ട്. ഈ രണ്ട് പദ്ധതിയിലും നിക്ഷേപിക്കാന്‍ ബിന്‍ തലാല്‍ സന്നദ്ധത അറിയിച്ചു. ബിന്‍ തലാലിന്റെ ഹോട്ടല്‍ ശൃംഖലയായ ഫോര്‍ സീസണ്‍സ് ഈ രണ്ടിടത്തും വന്‍തോതില്‍ നിക്ഷേപം നടത്തുകയും ഹോട്ടലുകള്‍ സ്ഥാപിക്കുകയും ചെയ്യും. ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സ്വപ്‌ന പദ്ധതിയായ നിയോമില്‍ വന്‍തുക നിക്ഷേപിക്കാമെന്ന് ബിന്‍ തലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 50000 കോടി ഡോളറിന്റെ പദ്ധതിയാണ് നിയോം. കിങ്ഡം ഹോള്‍ഡിങ് കമ്പനി വിഭജിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബിന്‍ തലാല്‍ പറഞ്ഞു. ഒരു ഭാഗം ആഭ്യന്തര പദ്ധതികളില്‍ ശ്രദ്ധ പതിപ്പിക്കുകയാണ്. ഈ ഭാഗം സൗദി ഭരണകൂടത്തിന് വിട്ടുനല്‍കിയെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ വിട്ടുനല്‍കിയെന്ന് ബിന്‍ തലാല്‍ പറഞ്ഞില്ല. കമ്പനി വിഭജന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ബിന്‍ തലാല്‍ വ്യക്തമാക്കി.












Click it and Unblock the Notifications